കൊല്ലം: കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകത്തില്‍ ഒരു പ്രതി കൂടി പിടിയിൽ. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന സാമുവലാണ് പിടിയിലായത്. കൃത്യത്തിന് ഉപയോഗിച്ച വാഹനം ഓടിച്ചത് സാമുവൽ ആയിരുന്നു. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.
കരുനാഗപ്പള്ളി ജിം സന്തോഷ് വധക്കേസിൽ മുഖ്യപ്രതി പങ്കജ് മേനോൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞ പ്രതിയെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്നാണ് കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ പിടിയിലായ പ്രതികൾ എട്ടായി.
ഒന്നാം പ്രതി അലുവ അതുൽ ഉൾപ്പടെ രണ്ടു പേരെ കൂടി കണ്ടെത്താനുണ്ട്. മാർച്ച് 27 ന് പുലർച്ചെയാണ് കരുനാഗപ്പള്ളിയിലെ വീട്ടിലെത്തി വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ ആറംഗ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്. കൊലപാതം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ നൽകിയത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഓച്ചിറ സ്വദേശി പങ്കജ് മേനോനെന്നാണ് പൊലീസിന്‍റെ നിഗമനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒളിവിൽ കഴിഞ്ഞ പങ്കജിനെ തിരുവനന്തപുരം കല്ലമ്പലത്ത് നിന്ന് കരുനാഗപള്ളി പൊലീസ് പിടികൂടി. പ്രതിയെ കരുനാഗപ്പള്ളി എ.എസ്.പി അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. പങ്കജിന് രാഷ്ട്രീയ പിന്തുണയുണ്ടെന്ന് ആരോപണം ഉയർന്നിരുന്നു. സിപിഎം മുൻ ജില്ലാ കമ്മിറ്റി അംഗം പി കെ ബാലചന്ദ്രനും പ്രതിയും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ അടക്കമാണ് ചർച്ചയായത്.
പങ്കജ് കീഴടങ്ങാൻ തയ്യാറെടുത്തിരുന്നതായും സൂചനയുണ്ട്. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന രാജപ്പൻ എന്ന് രാജീവ്, മൈന എന്ന് വിളിക്കുന്ന ഹരി, സോനു, പ്യാരി എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾക്ക് വാഹനം സംഘടിപ്പിച്ച് നൽകിയ കുക്കു എന്ന് വിളിക്കുന്ന മനു, ചക്കര അതുൽ എന്നിവരും പിടിയിലായി.