ബി.ജെ.പിയ്ക്ക് ആശ്വാസം നൽകി കർണാടക ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ

ബി.ജെ.പിയ്ക്ക് ആശ്വാസം നൽകി കർണാടക ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകൾ

Spread the love

 

സ്വന്തം ലേഖിക

ബംഗളൂരു: കർണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു.ആദ്യഫല സൂചനകൾ ബിജെപിയ്ക്ക് ആശ്വാസം നൽകുന്നതാണ്. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.

ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ ബിജെപിക്കാണ് മുൻ തൂക്കം. അനുകൂലമായ എക്‌സിറ്റ് പോൾ ഫലത്തിലാണ് ബി.ജെ.പി.യുടെ മുഴുവൻ പ്രതീക്ഷയും. എന്നാൽ സിറ്റിങ് സീറ്റുകൾ നിലനിർത്തുമെന്നാണ് കോൺഗ്രസിന്റെയും ജെ.ഡി.എസിന്റെയും അവകാശവാദം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ജെ.ഡി.എസിന്റെ നിലപാടാണ് നിർണായകം. സീറ്റ് നിലനിർത്തണമെങ്കിൽ ബിജെപിക്ക് ജെ.ഡി.എസിന്റെ പിന്തുണ തേടേണ്ടിവരും. അതേസമയം ബി.ജെ.പി.ക്ക് ഭൂരിപക്ഷം ഉറപ്പാക്കാനായില്ലെങ്കിൽ ജെ.ഡി.എസുമായി സഖ്യത്തിന് തയ്യാറാണെന്ന് കോൺഗ്രസും വ്യക്തമാക്കിയിട്ടുണ്ട്.

സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് 17 കോൺഗ്രസ്, ജെ.ഡി.എസ്. എം.എൽ.എ.മാർ രാജിവെച്ചതാണ് ഈ ഉപതെരഞ്ഞെടുപ്പിന് പിന്നിലെ കാരണം. ഫലം വരുന്നതോടെ നിയമസഭയിലെ അംഗബലം 222 ആവും. ബി.ജെ.പി.ക്ക് ഒരു സ്വതന്ത്രൻ അടക്കം 106 പേരുടെ പിന്തുണയാണിപ്പോഴുള്ളത്.

കോൺഗ്രസിന് 66 പേരുടെയും ജെ.ഡി.എസിന് 34 പേരുടെയും പിന്തുണയുണ്ട്. കേവല ഭൂരിപക്ഷത്തിന് 112 പേരുടെ പിന്തുണ വേണം. തിരഞ്ഞെടുപ്പ് നടന്ന 13 മണ്ഡലങ്ങളിൽ കോൺഗ്രസ്, ജെ.ഡി.എസ്. വിമതരെയാണ് ബി.ജെ.പി. സ്ഥാനാർഥിയാക്കിയത്. നിയമസഭാ സ്പീക്കർ ഇവരെ അയോഗ്യരാക്കിയെങ്കിലും മത്സരിക്കാൻ സുപ്രീംകോടതി അനുമതി നൽകുകയായിരുന്നു.

കുറഞ്ഞത് 13 സീറ്റിൽ ബി.ജെ.പി. വിജയിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അവകാശപ്പെട്ടു. ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്നും തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സർക്കാരിന് രാജിവെക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ പറഞ്ഞു.

കർണാടകയിൽ നാല് മാസം പൂർത്തിയായ ബി.ജെ.പി. സർക്കാരിന്റെ ഭാവി നിർണയിക്കുന്നത് ഇന്ന് പുറത്ത് വരുന്ന ഫലമായിരിക്കും.

Tags :