മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി: കർണാടക അതിർത്തി തുറന്നു; ചെക്ക് പോസ്റ്റിൽ ഡോക്ടറെ നിയമിച്ചു: പരിശോധനയ്ക്ക് ശേഷം രോഗികളെ കടത്തി വിടും
സ്വന്തം ലേഖകൻ
കാസർകോട് : കേരള ഹൈക്കോടതി ഇടപെടലിനെ തുടർന്ന് കാസർകോട് അതിർത്തിയിലെ ദേശീയപാത കർണാടക തുറന്നു നൽകി. തലപ്പാടിയിലെ അതിർത്തിയാണ് തുറന്നത്. ഇതിലൂടെ രോഗികളെ മംഗലൂരുവിലേക്ക് കടത്തിവിടാൻ കർണാടക നടപടികൾ ആരംഭിച്ചു. ഗുരുതര രോഗികളെ മാത്രം കടത്തിവിടാനാണ് തീരുമാനം.
ഇവിടെ രോഗികളെ കടത്തിവിടുന്നതിനു മുമ്പ് പരിശോധനയ്ക്ക് വിധേയമാകണം. അതിനായി അതിർത്തി ചെക്ക്പോസ്റ്റിൽ കർണാടക ഒരു ഡോക്ടറെയും നിയമിച്ചു. വെൻലോക്ക് ആശുപത്രിയിലെ ഡോക്ടറെയാണ് ചെക്ക്പോസ്റ്റിൽ നിയമിച്ചത്. ഡോക്ടർ പരിശോധിച്ച് അനുമതി നൽകിയാലാണ് കർണാടകയിലേക്ക് പ്രവേശനം അനുവദിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രോഗിക്കൊപ്പം ഒരു ബന്ധുവിനും ആശുപത്രിയിലേക്ക് പോകാം. ദേശീയപാത തുറക്കുന്നതിനോട് അനുബന്ധിച്ച് അതിർത്തിയിൽ കൂടുതൽ പൊലീസിനെ കർണാടക വിന്യസിച്ചു. ബാരിക്കേഡുകളുടെ എണ്ണം കുറക്കുകയും ചെയ്തു.
കോവിഡ് രോഗ വ്യാപനത്തെ തുടർന്ന് അടച്ച കർണാടക അതിർത്തി തുറക്കണമെന്ന് കേരള ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. കാസർകോട്- മംഗളൂരു ദേശീയ പാത തുറക്കണമെന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവർക്ക് മംഗളൂരുവിലേക്ക് യാത്ര അനുവദിക്കണമെന്നായിരുന്നു കോടതിയുടെ നിർദേശം.
മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാ സർക്കാരുകൾക്കും ഉത്തരവാദിത്തമുണ്ട്. കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാൻ കർണാടക ബാധ്യസ്ഥരാണെന്നും ഹൈക്കോടതി വ്യക്തമാക്കി
കർണാടകയുടെ നടപടി മൂലം മതിയായ ചികിൽസ കിട്ടാതെ ആറ് ജീവനുകൾ നഷ്ടമായെന്നും സംസ്ഥാനം കോടതിയിൽ വ്യക്തമാക്കി. അതിർത്തി അടച്ച സംഭവത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കേരളം ഇക്കാര്യം വ്യക്തമാക്കിയത്.
മംഗ്ലൂരുവിലെ ആശുപത്രികൾ നിറഞ്ഞെന്ന കർണാടകയുടെ വാദം തെറ്റാണെന്നും കേരളം വ്യക്തമാക്കി. മാംഗ്ലൂരിൽ ചികിൽസ തേടിയിരുന്ന കാസർകോട് സ്വദേശികളെ ചികിൽസിക്കാൻ തയ്യാറാണെന്ന് ആശുപത്രികൾ അറിയിച്ചിരുന്നു. ഇക്കാര്യം കർണാടകം മറച്ചുവെച്ചെന്നും കേരളം കുറ്റപ്പെടുത്തി.
ആശുപത്രികളുടെ കത്തുകൾ രേഖകൾ കേരളം സമർപ്പിച്ചു.
കാസർകോട്ട് അഞ്ച് അതിർത്തി റോഡുകൾ തുറക്കണം. കണ്ണൂരിലെ കൂട്ടുപുഴ അതിർത്തി തുറക്കണം. കേരള അതിർത്തി കടന്ന് കർണാടക ഉദ്യോഗസ്ഥർ റോഡിൽ മണ്ണിട്ട് തടസ്സം സൃഷ്ടിച്ചു.
മംഗലാപുരത്തേക്കുള്ള അതിർത്തിയിലെ പാത്തൂർ റോഡ് അനധികൃതമായി കർണാടക അടച്ചു. 200 മീറ്റർ അതിർത്തി കർണാടക അതിക്രമിച്ച് കയറിയെന്നും കേരളം ആരോപിച്ചു. കർണാടക ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവ് സംസ്ഥാനം സമർപ്പിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിട്ടും മാക്കൂട്ടം ചുരം തുറക്കാൻ കൂട്ടാക്കാൻ കർണാടക തയാറായില്ല. ഇതോടെ കേരളത്തിലേക്കുള്ള ചരക്കുനീക്കം സ്തംഭിച്ചു. ലോറിയുമായി എത്തിയവരെ 24 മണിക്കൂറിലേറെയായി തടഞ്ഞുവെച്ചു കേരള ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി വിഷയത്തിൽ സംഭാഷണം നടത്തിയെങ്കിലും തീരുമാനമായില്ലായിരുന്നു
കോവിഡ് വ്യാപനം തടയുക ലക്ഷ്യമിട്ടാണ് കർണാടക കേരള അതിർത്തി അടച്ചത്. ചുരത്തിൽ അതിർത്തിക്ക് സമീപം ലോറികളിൽ മണ്ണ് കൊണ്ടുവന്ന് ഇട്ടാണ് ഗതാഗതം പൂർണമായി കർണാടക തടഞ്ഞത്.
കർണാടകയിൽ നിന്നും കണ്ണൂരിലേക്കുള്ള റോഡാണ് അടച്ചത്. ഇതോടെ സംസ്ഥാനത്തേക്കുള്ള ചരക്കുനീക്കവും നിലച്ചു. ഇവിടെയെത്തിയ തൊഴിലാളികളും ഭക്ഷണവും വെള്ളവും പോലും കുട്ടാതെ വലഞ്ഞു.
അതിർത്തി കർണാടക മണ്ണിട്ട് അടച്ച സംഭവത്തിൽ കർണാടക അന്തർസംസ്ഥാന നിയമം ലംഘിക്കുകയാണെന്നും കേരളം ആരോപിച്ചു.
.