ഇല്ലിക്കലിൽ റോഡ് ഇടിഞ്ഞ് താഴുന്നു: വൈദ്യുതി പോസ്റ്റുകളും വെള്ളത്തിൽ: പ്രദേശം ആകെ വെള്ളത്തിൽ: കാത്തിരിക്കുന്ന് വൻ ദുരന്തം
സ്വന്തം ലേഖകൻ
കോട്ടയം: ഇല്ലിക്കൽ തിരുവാർപ്പ് റോഡ് ഇടിഞ്ഞ് താഴ്ന്ന് റോഡും കെട്ടിടവും വെള്ളത്തിൽ വീണതോടെ നാട് ഭീതിയിൽ. റോഡ് ഇടിഞ്ഞ് വീണതോടെ ഇവിടെയുള്ള വൈദ്യുതി പോസ്റ്റുകളും വെള്ളത്തിലേയ്ക്ക് വീണു. ഇതോടെ തിരുവാർപ്പ് പ്രദേശത്തേയ്ക്കുള്ള വൈദ്യുതി വിതരണം പൂർണമായി തടസപ്പെട്ടു.
ബുധനാഴ്ച രാത്രി വൈകിയാണ് ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ മീനച്ചിലാറിന്റെ തീരവും, തീരത്ത് നിന്ന കെട്ടിടവും ആറ്റിലേയ്ക്കു ഇടിഞ്ഞു വീണത്. ഇതര സംസ്ഥാന തൊഴിലാളികൾ വാടകയ്ക്കു താമസിച്ചിരുന്ന കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഇരുപത്തിയഞ്ചോളം ഇതര സംസ്ഥാന തൊഴിലാളികളാണ് ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിടം ഇടിഞ്ഞ് വീഴും മുൻപ് ഇവരെ ഇവിടെ നിന്നും മാറ്റിയിരുന്നു. കെട്ടിടത്തിൽ വാടകയ്ക്കു താമസിച്ചിരുന്ന തൊഴിലാളികൾക്കു സമീപത്തെ സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ അഭയം നൽകി.
ബുധനാഴ്ച രാവിലെയാണ് ഇല്ലിക്കൽ തിരുവാർപ്പ് റോഡിൽ മീനച്ചിലാറിന്റെ തീരം ഇടിഞ്ഞു താണത്. ഈ തീരത്തിന്റെ ഭാഗത്തോടു ചേർന്നു നിന്നിരുന്ന കെട്ടിടം അപകടാവസ്ഥയിലായതിനെ തുടർന്നു ഇവിടെ താമസിച്ചിരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ രാവിലെ തന്നെ മാറ്റി പാർപ്പിച്ചിരുന്നു. എന്നാൽ, വൈകിട്ട് എട്ടരയോടെ കെട്ടിടം ഇടിഞ്ഞു മീനച്ചിലാറ്റിലേയ്ക്കു വീഴുകയായിരുന്നു.
രാവിലെ തന്നെ ഈ കെട്ടിടത്തിൽ താമസിച്ചിരുന്ന തൊഴിലാളികളെ സമീപത്തെ സി.പി.എമ്മിന്റെ പാർട്ടി ഓഫിസിലും മറ്റു കെട്ടിടങ്ങളിലുമായി പാർപ്പിക്കുകയായിരുന്നു. എന്നാൽ, ഇതര സംസ്ഥാന തൊഴിലാളികളെ ഉടൻ തന്നെ മാറ്റിയതിനാൽ ആർക്കും അപകടം ഉണ്ടായില്ല.
തിരുവാർപ്പ് ഇല്ലിക്കൽ റോഡിന്റെ മധ്യഭാഗത്ത് റോഡ് വിണ്ടു കീറിയിട്ടുമുണ്ട്. തിരുവാർപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ സഹോദരൻ കൊടുവത്ര കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് ഇടിഞ്ഞു വീണത്. നിർമ്മാണത്തിലിരുന്ന റോഡിന്റെ മധ്യഭാഗം പൂർണ്ണമായും വിണ്ടു കീറിയത്.
അടുത്തിടെ മാത്രം ടാർ ചെയ്ത റോഡാണ് ഇടിഞ്ഞത്. റോഡിൻ്റെ വശങ്ങളിലെ കൽക്കെട്ടുകൾ സഹിതം വെള്ളത്തിലേയ്ക്ക് ഇടിഞ്ഞ് വീഴുകയായിരുന്നു. റോഡരികിൽ നിന്ന പോസ്റ്റ് സഹിതം വെള്ളത്തിലേയ്ക്ക് വീണതോടെ ഈ മേഖലയിൽ വൈദ്യുതിയും മുടങ്ങി. റോഡ് പൂർണമായും തകർന്നാൽ തിരുവാർപ്പ് പ്രദേശം ഒറ്റപ്പെടും.