വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 35 ലക്ഷത്തിന്റെ സ്വർണം മുഖമൂടിധാരികളായ മറ്റൊരു സംഘം കൊള്ളയടിച്ചു
സ്വന്തം ലേഖകൻ
മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ 35 ലക്ഷത്തിന്റെ സ്വർണം മുഖംമൂടി ധാരികൾ കൊള്ളടയടിച്ചു. കൊണ്ടോട്ടി മുസല്യാർ അങ്ങാടിയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് 900 ഗ്രാം സ്വർണം തട്ടിയെടുത്ത് കടന്നത്.
കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയ ഒരു സംഘത്തെയാണ് മറ്റൊരു കൊള്ളസംഘം ആക്രമിച്ചത്. പുലർച്ചെ 3.20നുള്ള വിമാനത്തിലാണ് സ്വർണവുമായി കോഴിക്കോട് അത്തോളി സ്വദേശി ഫലസു എന്നയാൾ എത്തിയത്. വിമാനത്താളത്തിന് പുറത്തെത്തിയ ഉടൻ സ്വർണം പെരിന്തൽമണ്ണ സ്വദേശികളായ ഫൈസൽ, മുഹമ്മദ് എന്നിവർക്ക് കൈമാറി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഇവർ മറ്റൊരു കാറിൽ വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുകയായിരുന്നു. മുസല്യാർ അങ്ങാടിയിൽ എത്തിയപ്പോൾ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. കാറിന് വിലങ്ങനെ ഇന്നോവയിട്ട മുഖം മൂടി സംഘം കാറിന്റെ ചില്ല് അടിച്ച് പൊടിച്ചു. യാത്രക്കാരെ കാറിൽ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു കളഞ്ഞു.
ഒരു കിലോമീറ്റർ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വർണം നഷ്ടമായി. തുടർന്ന് ഇവർ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.