വീട്ടിൽ കയറി യുവാവിന്റെ കഴുത്തിൽ വടിവാൾ വച്ച് മാല മോഷണം: പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരിസതീഷ് അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശേരിയിൽ നിന്നും

തേർഡ് ഐ ബ്യൂറോ

കോട്ടയം; വീട്ടിൽ കയറി യുവാവിന്റെ കഴുത്തിൽ വടിവാൾ വച്ച് സ്വർണ്ണമാല പിടിച്ചു പറിച്ച കേസിൽ പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതി കാരിസതീഷ് പിടിയിൽ. പോൾ മുത്തൂറ്റ് വധക്കേസിലെ പ്രതിയായ ചങ്ങനാശേരി നാലു കോടി സ്വദേശി സതീശനാ (കാരി സതീഷ് – 37)ണ് ചങ്ങനാശേരി പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസമായിരുന്നു കേസിനാസപ്ദമായ സംഭവം. ചങ്ങനാശേരി നാലുകോടി വേഷണാൽ ആനിക്കുടി ജോയിച്ചന്റെ വീട്ടിൽ കയറിയാണ് കാരി സതീഷ് അക്രമം നടത്തിയത്. ഇയാളുടെ വീട്ടിൽ കയറിയ ശേഷം, ഇയാളുടെ മകൻ പീറ്ററിന്റെ കഴുത്തിൽ വടിവാൾ വച്ച ശേഷം ഭീഷണി മുഴക്കുകയായിരുന്നു.

വധ ഭീഷണി മുഴക്കിയ ശേഷം കാരി സതീഷ്, ഇയാളുടെ കഴുത്തിൽക്കിടന്ന മാല ഊരിയെടുത്തു. തുടർന്നു ഇയാൾ ബൈക്കിൽ കയറി രക്ഷപെടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ട പ്രതിയെ, വീട്ടുകാർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പിന്നീട് പൊലീസ് പിടികൂടുകയായിരുന്നു.

വ്യവസായ പ്രമുഖനായ പോൾ എം.ജോർജിനെ ദേശീയ പാതയിൽ ആലപ്പുഴ ഭാഗത്തിട്ട് കാരി സതീഷും സംഘവും കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. വിവാദമായ ഈ കേസിൽ എസ് കത്തിയുപയോഗിച്ച് പ്രതികൾ കുത്തിയെന്നായിരുന്നു പൊലീസിന്റെ വാദം. ഇത് അടക്കം വിവാദമായി മാറിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ കാരി സതീഷ് അടക്കമുള്ളവരുടെ വിചാരണ കോടതിയിൽ പുരോഗമിക്കുകയാണ്.