കാർഗിൽ യുദ്ധവിജയ സ്‍മരണയിൽ രാജ്യം ; ഇരുപത്തിയഞ്ചാം ആണ്ടിലും മകന്റെ നീറുന്ന ഓർമ്മകളുമായി ഒരമ്മ ; യുദ്ധ ഭൂമിയിൽ നിന്ന് 160 കിലോമീറ്റർ അകലെയെന്ന് കത്ത് ; നിധിപോലെ കാത്ത് സൂക്ഷിച്ച് ധീരതയുടെ പോരാട്ട വീര്യങ്ങള്‍ നിറഞ്ഞ കത്ത്

Spread the love

സ്വന്തം ലേഖകൻ

കാളികാവ്: കാർഗിലിൽ പൊരുതി വീണ ധീരജവാന് അബ്ദുല്നാസറിന്റെ രക്തസാക്ഷിത്വത്തിന് 25 വയസ്. ഇരുപത്തിയഞ്ചാം ആണ്ടിലും മകന്റെ നീറുന്ന ഓര്മകളിലാണ് മാതാവ് ഫാത്തിമ.

മകന്റെ ഓര്മയ്ക്കായി മൂത്ത മകന്റെ മകനുംപേരിട്ടു അബ്ദുന്നാസര് എന്ന്. നാസറിന്റെ ഒന്നാം രക്തസാക്ഷി ദിനത്തിന്റെ തലേന്നായിരുന്നു ചെറുമകന്റെ പിറവി. അവനിന്നലെ ഇരുപത്തിനാല് വയസായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലായ് 21ന് അയച്ച കത്തില് കശ്മീരിലാണെങ്കിലും യുദ്ധ ഭൂമിയില് നിന്ന് 160 കിലോമീറ്റര് അകലെയാണെന്നായിരുന്നു നാസര് എഴുതിയത്. മാതൃഹൃദയത്തെ വേദനിപ്പിക്കാതിക്കാനായിരുന്നു ആ വരികളെന്ന് മനസിലാകാന് അവന്റെ ജീവത്യാഗംവരെ കാത്തിരിക്കേണ്ടിവന്നു. മരണാനന്തര ചടങ്ങ് കഴിഞ്ഞ് നാല് ദിവസത്തിന് ശേഷമാണ് അവസാനത്തെ കത്ത് ലഭിക്കുന്നത്.

ആ കത്ത് ഇന്നും നിധിപോലെയാണ് അവര് സൂക്ഷിക്കുന്നത്. 1999 ജൂലായ് 24 നാണ് കാര്ഗിലില് അബ്ദുല്നാസര് വീരമൃത്യുവരിച്ചത്. ഇന്നലെ കഴിഞ്ഞതുപോലെയാണ് കാര്ഗില് യുദ്ധത്തെക്കുറിച്ച്‌ ഫാത്തിമ ഇന്നും ഓര്ത്തെടുക്കുന്നത്.

പരിശീലനമടക്കം രണ്ട് വര്ഷം മാത്രമേ നാസറിന് സൈനികസേവനം നടത്താന് സാധിച്ചുള്ളൂ. റിക്രൂട്ട്മെന്റ് അടക്കം രഹസ്യമാക്കി വച്ചു. വീടുവിട്ട് പോകാന് ഉമ്മ അനുവദിച്ചില്ലങ്കിലോ എന്നതിനാലായിരുന്നു അത്. എറണാകുളത്തെ എഴുത്ത് പരീക്ഷയില് മലപ്പുറത്തുനിന്ന് പ്രവേശനം ലഭിച്ചത് നാസറിന് മാത്രം. മികച്ച നേട്ടം കൈവരിച്ച മകനെ പിന്നീട് മാതാവ് തടഞ്ഞില്ല.

സൈന്യത്തില് ചേര്ന്ന ശേഷം രണ്ട് തവണമാത്രമാണ് നാസര് നാട്ടില് വന്നുപോയത്. ജബല്പൂരിലായിരുന്നു പരിശീലനം. രണ്ടാം തവണ ആവേശത്തോടെയാണ് നാട്ടിലെത്തിയത്. തിരിച്ചുപോകേണ്ടത് കശ്മീരിലേക്കായിരുന്നു. സഞ്ചാര പ്രിയനായ നാസര് ജൂണ് 20നാണ് മടങ്ങിയത്.

ജൂലായ് 24 നാണ് പാകിസ്ഥാന് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില് നാസര് കൊല്ലപ്പെടുന്നത്. വീട്ടില് വിവരം ലഭിച്ചത് രണ്ടുദിവസം കഴിഞ്ഞ്. നാസര് മരിച്ചില്ലായിരുന്നുവെങ്കില് യുദ്ധഭൂമിയില്പോയ വിവരം പുറത്തറിയുമായിരുന്നില്ലെന്നും ഫാത്തിമ പറയുന്നു.

മകന്റെ രക്തസാക്ഷിത്വം നഷ്ടമല്ലെന്ന് പറയുന്നില്ല. എന്നാല് രാജ്യരക്ഷയ്ക്കായി പൊരുതി മരിച്ചത് അഭിമാനം തന്നെയാണെന്ന് അവര് ഓര്മിപ്പിക്കുന്നു. ഓര്മ പുതുക്കലിന്റെ ഭാഗമായി നാസര് ആദ്യാക്ഷരം കുറിച്ച കാളികാവ് ഗവ.ബസാര് യുപി സ്കൂളില് എല്ലാ വര്ഷവും അവര് പോകാറുണ്ട്.