play-sharp-fill
കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ യൂത്ത്  പാർലമെൻ്റ്; ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ യൂത്ത് പാർലമെൻ്റ്; ഗവ. ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം നിർവ്വഹിച്ചു

സ്വന്തം ലേഖിക

കോട്ടയം: പാർലമെന്ററി കാര്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ മേൽനോട്ടത്തിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ യൂത്ത് പാർലമെന്റ് മത്സരം ഗവൺമെന്റ് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുതുതലമുറയെ വാർത്തെടുക്കുന്നതിൽ ഇത്തരം മത്സരങ്ങൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നത് അഭികാമ്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. പാർലമെന്ററി ജനാധിപത്യ പ്രക്രിയ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസിഡണ്ടിന്റെ നയപ്രഖ്യാപന പ്രസംഗത്തോടുകൂടി ആരംഭിച്ച പാർലമെന്റിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ, അനുശോചന പ്രമേയം, ചോദ്യോത്തരവേള, ശ്രദ്ധ ക്ഷണിക്കൽ, അടിയന്തര പ്രമേയം, കമ്മിറ്റികളുടെ റിപ്പോർട്ട് സമർപ്പിക്കൽ, നിയമനിർമ്മാണം തുടങ്ങിയ ബിസിനസുകൾ നടത്തപ്പെട്ടു. ശ്രദ്ധ ക്ഷണിക്കൽ പ്രമേയത്തിലൂടെ കുമാരി സോനാ ബെന്നി കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അവതരിപ്പിച്ചു.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങളിൽ പ്രതിപക്ഷം ആശങ്ക രേഖപ്പെടുത്തി. സമകാലീന പ്രശ്നങ്ങൾ ചോദ്യോത്തര വേളയിൽ നിറഞ്ഞു നിന്നു.

വിലക്കയറ്റത്തെ കുറിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന അടിയന്തര പ്രമേയത്തിന് കുമാരി എയ്ഞ്ചൽ മേരി ജോഷ്വാ നൽകിയ നോട്ടീസിന് അനുമതി നിഷേധിച്ച ഗവൺമെന്റ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും പാർലമെന്റിന്റെ നേർക്കാഴ്ച ഒരുക്കിയ ഈ മത്സരത്തിൽ 50 കുട്ടികൾ പങ്കാളികളായി.

സ്കൂൾ മാനേജർ റവ. സിസ്റ്റർ സലോമി സിഎംസി, സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, പിടിഎ പ്രസിഡന്റ് പ്രമോദ് ബി, യൂത്ത് പാർലമെന്റ് കോഡിനേറ്റർ ജാക്വിലിൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.