കമ്പകക്കാനം കൂട്ടക്കൊല ; പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; അച്ഛനേയും മകനേയും ജീവനോടെ കുഴിച്ച് മൂടിയ പ്രതികൾ അമ്മയേയും മകളേയും കൊലപ്പെടുത്തിയ ശേഷം ബലാൽസംഗവും ചെയ്തു
സ്വന്തം ലേഖകൻ
ഇടുക്കി: കമ്പകക്കാനം കൂട്ട കൊലകേസിലെ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയില്‍ താമസിക്കുന്ന തേവര്‍കുടിയില്‍ അനീഷ് (30) നെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇയാള്‍ ഒറ്റയ്ക്കാണ് താമസിച്ചു വന്നിരുന്നത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്ത് താമസിച്ചിരുന്ന സഹോദരന്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് ജഡം കാണുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അടിമാലി പൊലീസ് സ്ഥലത്ത് എത്തി പരിശോധിച്ചു. വീടിന്റെ അടുക്കളയില്‍ വിഷ കുപ്പിയും മറ്റും കണ്ടെത്തി. വിഷം ഉള്ളില്‍ ചെന്ന് മരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇടക്കാലത്ത് അനീഷ് തൃശൂരിലെ മാനസീക ആരോഗ്യകേന്ദ്രത്തില്‍ ചികത്സയില്‍ കഴിഞ്ഞിരുന്നു.
2018 ജുലൈ 29 നായിരുന്നു 4 പേരെ മൃഗീയമായ കൂട്ടക്കൊലപാതകം നടത്തിയത്. തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനം കാനാട്ടുവീട്ടില്‍ കൃഷ്ണന്‍ (52), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21) അര്‍ജുന്‍ (18) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ വീടിനു പിന്നിലെ ചാണകക്കുഴിയില്‍ കണ്ടെത്തിയത്.
കൃഷ്ണനെയും മകനെയും കുഴിച്ചുമൂടുമ്പോള്‍ ജീവനുണ്ടായിരുന്നുവെന്നും തെളിഞ്ഞു.
3500 രൂപയും 20 പവന്റെ സ്വര്‍ണവുമാണു പ്രതികള്‍ കവര്‍ന്നത്. അവ കണ്ടെത്താനായിട്ടില്ല. ഞായറാഴ്ചയാണു കൊല നടത്തിയത്. പിറ്റേന്ന് മൃതദേഹങ്ങള്‍ കുഴിച്ചിട്ടു. കൃത്യം നടത്തിയശേഷം പ്രതികള്‍ സ്ത്രീകളെ മാനഭംഗപ്പെടുത്തിയെന്നും മൃതശരീരങ്ങളോട് അനാദരവ് കാണിച്ചെന്നും കണ്ടെത്തി.
സംഭവം പുറത്തറിഞ്ഞു മൂന്ന് ദിവസത്തിനുള്ളില്‍ പ്രതികളിലൊരാളായ ലിബീഷിനെ പിടികൂടിയിരുന്നു.
ഇതോടെ ഒളിവില്‍ പോയ അനീഷിനെ നേര്യമംഗലത്തെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാ അന്വേഷണസംഘം പിടികൂടിയത്. സുഹൃത്തിന്റെ വാടകവീട്ടിലെ കുളിമുറിയില്‍ ഉറങ്ങുന്നതിനിടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. യഥാസമയം കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കേസിലെ പ്രതികൾക്ക് ജാമ്യം ലഭിച്ചിരുന്നു.