കടുത്തുരുത്തിയിലെ ശ്രീഹരി മരിച്ചത് എങ്ങിനെ..! സുന്ദരനായ ഒൻപതുവയസുകാർ മരിച്ചത് വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ്; മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് പരിശോധന നടത്തും
തേർഡ് ഐ ബ്യൂറോ
കോട്ടയം: കടുത്തുരുത്തിയിൽ ഒൻപതുകാരനായ ശ്രീഹരി മരിച്ചത് എങ്ങിനെയെന്നാണ് ഇപ്പോൾ നാട്ടുകാരെയും വീട്ടുകാരെയും ഒരു പോലെ സംശയത്തിലാക്കുന്ന ചോദ്യം. ഉച്ചവരെ വീട്ടിലിരുന്ന ശ്രീഹരി, ഉച്ചയ്ക്കു ഭക്ഷണം കഴിക്കുന്നതിനിടെ പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്രീഹരിയുടെ മരണം സംഭവിക്കുകയും ചെയ്തു.
മാഞ്ഞൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് നേഴ്‌സായ പെരുനിലത്തിൽ സന്ധ്യ വി.ഡി.യുടെയും വിനോദിന്റെയും മകനായ ശ്രീഹരി (9)യുടെ മരണമാണ് ഒരു നാടിനെ മുഴുവൻ ദുഖത്തിലും ഭയപ്പാടിലുമാക്കിയിരിക്കുന്നത്. രണ്ടു ദിവസമായി ശ്രീഹരി നന്നായി ഭക്ഷണം കഴിച്ചിരുന്നില്ല. ചെറിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും കാട്ടിയിരുന്നു. എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെ വീട്ടിൽ ഭക്ഷണം കഴിക്കുന്നതിനിടെ ശ്രീഹരി കുഴഞ്ഞു വീഴുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടു ദിവസമായി ശാരീരിക അവശതകൾ അനുഭവപ്പെട്ടിരുന്ന ശ്രീഹരിയ്ക്കു ഉച്ചയോടെ കനത്ത ഛർദി അനുഭവപ്പെട്ടു. ഇതോടെ വീടിനു സമീപത്തു തന്നെയുള്ള ഡോക്ടറെ ശ്രീഹരിയെ കാണിച്ചു. തുടർന്നു മൂന്നു മണിയോടെയാണ് മാതാപിതാക്കൾ കുട്ടിയെയുമായി വീട്ടിലെത്തിയത്. വീട്ടിൽ എത്തിയ ശേഷം കുട്ടിയ്ക്കു മാതാപിതാക്കൾ ഭക്ഷണം കഴിക്കാൻ നൽകി. എന്നാൽ, ഭക്ഷണം കഴിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ വിളിച്ചു വരുത്തിയ ശേഷം കുട്ടിയെ പരിശോധിച്ചു. എന്നാൽ, കുട്ടിയുടെ ആരോഗ്യ നിലയിൽ അപകടകരമായ പ്രശ്‌നങ്ങൾ കണ്ടതോടെ കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോകാൻ നിർദേശിച്ചു. ഇവിടെ എത്തിച്ചപ്പോഴേയ്ക്കും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. വെള്ളിയാഴ്ച കോവിഡ് പരിശോധനക്ക് ശേഷം പോസ്റ്റുമോർട്ടം നടത്തും മേമ്മുറി തച്ചേരിമുട്ടിലെ കുടുംബക്ഷേമ കേന്ദ്രത്തിൽ താമസിക്കുകയായിരുന്നു ഇവർ. വിനോദ് കുറുപ്പന്തറയിൽ ബേക്കറി നടത്തുകയാണ്. ശ്രീഹരി കുറവിലങ്ങാട് ഡി പോൾ സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരൻ ഒൻപത് മാസം പ്രായമായ ശ്രീദേവ്.
എന്നാൽ, കുട്ടിയുടെ മരണകാരണം എന്താണ് എന്ന് അറിയാത്ത ആശങ്കയിലാണ് നാടും നാട്ടുകാരും. ആരോഗ്യവാനായി വീട്ടിൽ തന്നെ ഓടിക്കളിച്ചിരുന്ന കുട്ടിയാണ് അപ്രതീക്ഷിതമായി വീടിനുള്ളിൽ കുഴഞ്ഞു വീണ് മരിച്ചത്. മരണകാരണം എന്താണ് എന്ന ആശങ്കയാണ് നാടിനെയും നാട്ടുകാരെയും കുഴക്കുന്നത്. ഇന്നു നടക്കുന്ന കൊവിഡ് പരിശോധനയും, പോസ്റ്റ്‌മോർട്ടവും കൂടി കഴിയുന്നതോടെ മാത്രമേ നാട്ടുകാരുടെയും ബന്ധുക്കളുടെയും ആശങ്ക അകലൂ.