ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്താകാന്‍ കടുത്തുരുത്തി ഒരുങ്ങുന്നു

സ്വന്തം ലേഖകൻ

കടുത്തുരുത്തി: ഐ.എസ്.ഒ അംഗീകാരം കൈയെത്തി പിടിക്കാന്‍ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഒരുങ്ങുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സേവനങ്ങള്‍ വേഗം ജനങ്ങളില്‍ എത്തിക്കുന്നതിനും ഓഫീസില്‍ എത്തുന്ന ജനങ്ങള്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ബ്ലോക്ക് പഞ്ചായത്തില്‍ ആരംഭിച്ചു കഴിഞ്ഞു. ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതോടെ ജനസൗഹൃദ ബ്ലോക്ക് പഞ്ചായത്തായി കടുത്തുരുത്തി മാറും. ഇതിനാവശ്യമായ തുക ഈ വര്‍ഷത്തെ പദ്ധതി വിഹിതത്തില്‍ മാറ്റി വെച്ചിട്ടുണ്ട്.

ഓഫിസ് സംവിധാനം ജനസൗഹൃദമാക്കല്‍, പൗരാവകാശരേഖ പ്രകാരം സേവനങ്ങള്‍ നല്‍കല്‍,  മികച്ച ഫ്രണ്ട് ഓഫീസ് സംവിധാനം, രേഖകളും പ്രമാണങ്ങളും എളുപ്പത്തില്‍ ലഭ്യമാകും വിധമുള്ള റെക്കോഡ് റൂം സജ്ജീകരണം, അപേക്ഷകള്‍ ഫ്രണ്ട് ഓഫീസില്‍ സ്വീകരിച്ചു തുടര്‍ നടപടികള്‍ പൊതുജനത്തെ അറിയിക്കുവാന്‍ എസ്.എം.എസ്, ഫ്രണ്ട് ഓഫീസില്‍ സേവനങ്ങള്‍ തേടിയെത്തുന്നവര്‍ക്കു ഇരിപ്പിട സൗകര്യങ്ങള്‍, കുടിവെള്ളം, വായന കോര്‍ണ്ണര്‍, ടെലിവിഷന്‍ മ്യൂസിക് സിസ്റ്റം, സേവന ബോര്‍ഡുകള്‍, ജീവനക്കാരും പൊതുജനങ്ങളും തമ്മിലുള്ള മികച്ച ആശയ വിനിമയവും പഞ്ചായത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരണങ്ങളാണ്. ബ്ലോക്ക് പഞ്ചായത്ത് എടുക്കുന്ന തീരുമാനങ്ങള്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചു ജനങ്ങള്‍ക്കു എളുപ്പത്തില്‍ അറിയാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ് പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഓഫീസുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുക, മികച്ച സേവനം ലഭ്യമാക്കുക, ഓഫീസ് നിര്‍വഹണം കുറ്റമറ്റതാക്കുക, നല്ല റെക്കോഡ് റൂം സജ്ജമാക്കുക തുടങ്ങിയവയാണ് ഐ.എസ്.ഒ. അംഗീകാരം കിട്ടുന്നതിനുള്ള മാനദണ്ഡങ്ങള്‍. ഇതോടൊപ്പം ഉദ്യോഗസ്ഥര്‍ക്ക് മെച്ചപ്പെട്ട പരിശീലനവും നല്‍കണം. പഞ്ചായത്തുകളുടെ പശ്ചാത്തലസൗകര്യം മെച്ചപ്പെടുത്തുകയും ഫ്രണ്ട് ഓഫീസ് സംവിധാനം ആരംഭിക്കുകയും വേണം. ഇതിനുള്ള തയ്യാറെടുപ്പിലാണ് ബ്ലോക്ക് പഞ്ചായത്തധികൃതർ.