കടവൂർ ജയൻ വധക്കേസ് : ആർഎസ്എസ് പ്രവർത്തകരായ് ഒമ്പത് പ്രതികൾക്കും ജീവപര്യന്തം
സ്വന്തം ലേഖകൻ
കൊല്ലം: കടവൂർ ജയൻ വധക്കേസിൽ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം. പ്രതികൾ ഓരോ ലക്ഷം രൂപ പിഴയും അടയ്ക്കണം. കൊല്ലം ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.കേസിലെ പ്രതികളായ ഒമ്പതുപേരും തിങ്കളാഴ്ചയാണ് കീഴടങ്ങിയത്.
ഒന്നു മുതൽ ഒൻപതുവരെ പ്രതികളായ തൃക്കരുവ ഞാറയ്ക്കൽ ഗോപാലസദനത്തിൽ ഷിജു(ഏലുമല ഷിജു) മതിലിൽ ലാലിവിള വീട്ടിൽ ദിനരാജ്, മതിലിൽ അബിനിവാസിൽ രജനീഷ് (രഞ്ജിത്ത്), കടവൂർ തെക്കടത്ത് വീട്ടിൽ വിനോദ്, കടവൂർ പരപ്പത്തുവിള തെക്കതിൽ വീട്ടിൽ പ്രണവ്, കടവൂർ താവറത്തു വീട്ടിൽ സുബ്രഹ്മണ്യൻ,കൊറ്റങ്കര ഇടയത്ത് വീട്ടിൽ ഗോപകുമാർ, കടവൂർ വൈക്കം താഴതിൽ പ്രിയരാജ്, കടവൂര് കിഴക്കടത്ത് ശ്രീലക്ഷ്മിയിൽ അരുൺ(ഹരി) എന്നിവരാണ് പ്രതികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജയൻ വധക്കേസിൽ പ്രതികൾ കുറ്റക്കാരണെന്ന് ഫെബ്രുവരി രണ്ടിന് കോടതി വിധി പറഞ്ഞിരുന്നു.അതിനു ശേഷമാണ് പ്രതികൾ ഒളിവിൽ പോയത്.
സംഘടനയിൽ നിന്നും തെറ്റിപ്പിരിഞ്ഞ വിരോധത്തിൽ ആർഎസ്എസുകാരനായിരുന്ന ജയനെ പ്രതികൾ 2012 ഫെബ്രുവരി ഏഴിന് കടവൂർ ക്ഷേത്ര ജംഗ്ഷനിൽവച്ച് പട്ടാപ്പകൽ മാരകായുധങ്ങളുമായി വെട്ടിയും അടിച്ചും കൊലപ്പെടുത്തിയത്.
കോളിളക്കം സൃഷ്ടിച്ച കൊലക്കേസിൽ ഒമ്പതു പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എസ് കൃഷ്ണകുമാർ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
കൊല്ലം അഡിഷണൽ സെഷൻസ് ജഡ്ജി എസ് കൃഷ്ണകുമാറിൽ നിന്നും മറ്റൊരു കോടതിയിലേക്ക് വിചാരണ മാറ്റണം എന്നാവശ്യപ്പെട്ടു പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികൾ കോടതിയിൽ ഹാജർ അല്ലാത്തതിനാൽ ജാമ്യം കോടതി റദ്ദ് ചെയ്യുകയും വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
പ്രതികൾ ഒളിവിൽ പോയതിനെ തുടർന്ന് ശിക്ഷ വിധിക്കുന്നത് രണ്ട് തവണ മാറ്റിവെച്ചിരിക്കുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച പ്രതികൾ അഞ്ചാലുംമൂട് പോലീസ് സ്റ്റേഷനിൽ സ്വയം ഹാജരായി. പോലീസ് അവരെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷൽ പബ്‌ളിക് പ്രോസിക്യൂട്ടർ പ്രതാപചന്ദ്രൻ പിള്ളയും പബ്ളിക് പ്രോസിക്യൂട്ടർ മഹേന്ദ്രയും അഡ്വക്കേറ്റ് വിഭുവും ഹാജരായി.