play-sharp-fill
പായിപ്പാടും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: കുറ്റക്കാരെ കണ്ടെത്തണം കെ.സുരേന്ദ്രൻ

പായിപ്പാടും പെരുമ്പാവൂരിലും ഇതര സംസ്ഥാന തൊഴിലാളി പ്രതിഷേധം: കുറ്റക്കാരെ കണ്ടെത്തണം കെ.സുരേന്ദ്രൻ

സ്വന്തം ലേഖകൻ

കോട്ടയം : പായിപ്പാടും പെരുമ്പാവൂരിലും നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധത്തിനു പിന്നിൽ പ്രവർത്തിച്ചവർ ആരായിരുന്നാലും കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൻ ആവശ്യപ്പെട്ടു.


ലോക്ക് ഡൗൺ ലംഘനം നടത്താൻ തൊഴിലാളികളെ ചിലർ പ്രേരിപ്പിച്ചെന്നും ഒന്നിലധികം പേരുടെ ഗൂഢാലോചന ഇക്കാര്യത്തിൽ ഉണ്ടെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ അത്തരക്കാരെ നിയമത്തിനു മുന്നിൽ എത്തിക്കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചപ്പൊൾ നടപടികളിൽ നിന്ന് സർക്കാർ പിന്നാക്കം പോകുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീവ്രവാദ സംഘടനയായ എസ്ഡിപിഐയും മറ്റു ചിലരും ഇതിനു പിന്നിലുണ്ടെന്നാണ് അറിയുന്നത്. മലപ്പുറത്ത് ഒരു കോൺസ് നേതാവും പാലക്കാട് സിഐടിയു ക്കാരനുമാണ് പിടിയിലായത്.

ആരായാലും ലോക്ക് ഡൗൺ അട്ടിമറിക്കാനുള്ള ശ്രമംരാജ്യദ്രോഹപരമാണ്. ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണം. രോഗവ്യാപനത്തിന്റെ സാഹചര്യം നിലനിൽക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങിയ തൊഴിലാളികൾ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

പായിപ്പാടും പെരുമ്പാവൂരിലും ലോക്ക് ഡൗൺ ലംഘിച്ച ഇതര സംസ്ഥാന തൊഴിലാളികളെയും അന്ന് അവിടെ എത്തിയ എല്ലാവരേയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കണം.
സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ മോശം സാഹചര്യത്തിലാണ് കഴിയുന്നത്. കൂട്ടം കൂട്ടമായി ഇടുങ്ങിയ മുറികളിലാണ് താമസം.

വളരെ വേഗം രോഗം പടരാൻ ഇത് കാരണമാകും. ഈ സാഹചര്യം ഇല്ലാതാക്കാൻ അടിയന്തിര ഇടപെടൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

കർണ്ണാടക അതിർത്തിയിലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സുരേന്ദ്രൻ പറഞ്ഞു. തമിഴ്നാടുമായും ഇത്തരം പ്രശ്നങ്ങളുണ്ട്. പാലക്കാട് നിന്ന് കോയമ്പത്തൂരേക്ക് രോഗികളുമായുള്ള വാഹനങ്ങൾ കടത്തുന്നില്ല. അത് മാധ്യമങ്ങൾക്ക് താല്പര്യമില്ലാത്തതിനാൽ കാണാതെ പോകുന്ന വാർത്തയാണ്.

കർണാടക അതിർത്തിയിലെ പ്രശ്നങ്ങളെ കുറിച്ച് വരുന്ന എല്ലാ കാര്യങ്ങളും വസ്തുതാപരമല്ല. കഴിഞ്ഞ ദിവസം മരിച്ച മാധവ എന്നയാൾ മംഗലാപുരത്ത് ചികിത്സയ്ക്ക് പോകാൻ തീരുമാനിചിട്ടേയില്ല. പക്ഷേ വാർത്ത സൃഷ്ടിച്ചത് കർണാടകം റോഡ് അടച്ചതിനാൽ ചികിത്സ കിട്ടാതെ മരിച്ചു എന്നാണ്.

മാധവയുടേത് ബിജെപി കുടുംബമാണ്. കാര്യങ്ങൾ തനിക്ക് നേരിട്ടറിയാമെന്നും സുരേന്ദ്രൻ പറഞ്ഞു.
കർണ്ണാടക അതിർത്തിയിലെ പ്രശ്നം രാഷ്ട്രീയപരമല്ല. കോ വിഡ് പകരുമെന്ന ഭീതിയിൽ പ്രാദേശികമായി ഉണ്ടായ എതിർപ്പിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി അടയ്ക്കപ്പെട്ടത്.

വളരെ നാളുകൾക്കു മുന്നേ തന്നെ മംഗലാപുരത്തെ ആശുപത്രികളിലേക്ക് മറ്റു രോഗങ്ങളുള്ളവർ എത്തരുതെന്ന് കർണ്ണാടക നിർദ്ദേശിച്ചിരുന്നതാണ്. ആശുപത്രികളിൽ മറ്റ് സംസ്ഥാനക്കാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട് . ആ സാഹചര്യത്തിൽ കേരളത്തിൽ നിന്നുള്ള രോഗികൾക്ക് കാസർകോട്ട് മതിയായ ചികിത്സാ സൗകര്യം കേരള സർക്കാർ ഒരുക്കുകയാണ് വേണ്ടിയിരുന്നത്.

അതൊന്നും ചെയ്യാതെ കൊറോണക്കാലത്ത് രാഷ്ട്രീയ കളികൾക്കും മുതലെടുപ്പിനുമുള്ള ശ്രമമാണ് ചിലർ നടത്തുന്നത്.
ചരക്ക് ഗതാഗതത്തിനും ഗുരുതര രോഗമുള്ളവരുടെ ചികിത്സയ്ക്കുമായി കാസർഗോട്ടെ അടക്കം അതിർത്തിയിൽ തടസങ്ങൾ നീക്കണമെന്ന് കർണ്ണാടക സർക്കാരിനോടും ബിജെപി നേതൃത്വത്തിനോടും
ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ അനുഭാവപൂർവമായ സമീപനം ഉണ്ടാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.