യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ; ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമർശിച്ച് നടൻ ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തിൽ നിന്ന് ഒരു ലക്ഷം രൂപയാക്കുകയാണ് ചെയ്തത്. കൂടാതെ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യം നൽകിയാണ് ശമ്പള വർധനവ്. ഇതിനെ കണക്കിന് പരിഹസിക്കുകയാണ് ഫേയ്സ്ബുക്ക് കുറിപ്പിലൂടെ ജോയ് മാത്യു.
‘ഗ്രേസ് മാർക്കിന് വേണ്ടിയും ഗ്രേഡുകൾക്ക് വേണ്ടിയും ധന-സമയ-ഊർജ്ജങ്ങൾ നഷ്ടപ്പെടുത്തുന്ന കുട്ടികൾ യുവജനകമ്മീഷൻ പദവി ലക്ഷ്യം വെയ്‌ക്കൂ, ശോഭനമായ ഭാവി സ്വന്തമാക്കൂ. പ്രാണരക്ഷാർഥം വിദേശത്തേക്ക് മണ്ടുന്ന കുട്ടികളും ഇത് ഓർമയിൽ വെക്കുന്നത് നല്ലതാണ്’ എന്ന് ചിന്താ ജെറോമിന്റെ ശമ്പള വർദ്ധനവിനെ പരിഹസിച്ച് ജോയ് മാത്യു ഫേയ്സ്ബുക്കിൽ കുറിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വക്കേറ്റ് എ. ജയശങ്കറും ശമ്പള വർദ്ധനവിനെ വിമർശിച്ച് രംഗത്തു വന്നിരുന്നു. ‘സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡോ. ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം അമ്പതിനായിരത്തിൽ നിന്ന് ഒരു ലക്ഷം രൂപയായി വർദ്ധിപ്പിച്ചു എന്നു മാത്രമല്ല സഖാവ് ചുമതലയേറ്റ 2016 സെപ്റ്റംബർ മുതൽ മുൻകാല പ്രാബല്യവും നൽകി.
75 മാസത്തെ ശമ്പള കുടിശ്ശിക ഇനത്തിൽ 37.50 ലക്ഷം രൂപ റൊക്കം പണമായി നൽകി. ഇതു സംബന്ധിച്ച ശുപാർശ ധനകാര്യ വകുപ്പ് രണ്ടു തവണ നിരാകരിച്ചു എങ്കിലും സജി ചെറിയാൻ രാജിവച്ച ഒഴിവിൽ യുവജന ക്ഷേമ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക താല്പര്യമെടുത്ത് ശമ്പള പരിഷ്‌കരണം നടത്തുകയായിരുന്നുവത്രേ. യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്നു സഖാവ് ചെയ്യുന്ന നിസ്തുല സേവനം പരിഗണിക്കുമ്പോൾ ഒരു ലക്ഷം തീരെ അപര്യാപ്തമാണ്. ചീഫ് സെക്രട്ടറി റാങ്ക് എങ്കിലും കൊടുക്കാമായിരുന്നു’ എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്.