മാരത്തൺ ചർച്ചകൾക്കൊടുവിൽ ജോസ് ടോം സ്ഥാനാർത്ഥി: രണ്ടില വിട്ടുനൽകാതെ പി.ജെ ജോസഫ്: ചിഹ്നത്തിൽ തീരുമാനം പിന്നീട്
സ്വന്തം ലേഖകൻ
കോട്ടയം : പാലാ നിയോജക മണ്ഡലത്തിൽ കെ.എം മാണിയുടെ പിൻഗാമിയായി ജോസ് ടോം യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല. എന്നാൽ , കേരള കോൺഗ്രസിലെ ഭിന്നതകൾ തുടരുന്നതിനാൽ രണ്ടില ചിഹ്നം സ്ഥാനാർത്ഥിയ്ക്ക് നൽകുന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വത്തിനുമൊടുവിൽ യു.ഡി.എഫിലെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുൻ ജില്ലാ കൗൺസിൽ അംഗവുമായ അഡ്വ.ജോസ് ടോമിന്റെ പേര് ജോസ് കെ മാണി വിഭാഗം മുന്നോട്ട് വയ്ക്കുകയായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല , കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ , എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി എംഎൽഎ , പി.കെ കുഞ്ഞാലിക്കുട്ടി , ബെന്നി ബഹന്നാൻ , പി.ജെ ജോസഫ് , ജോസ് കെ മാണി , മോൻസ് ജോസഫ് , റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ രമേശ് ചെന്നിത്തലയാണ് തീരുമാനം പ്രഖ്യാപിച്ചത്.
എന്നാൽ , പി.ജെ ജോസഫ് കടുംപിടുത്തം തുടരുന്നതിനാൽ ഇതുവരെയും ജോസ് ടോമിന് ചിഹ്നം അനുവദിക്കപ്പെട്ടിട്ടില്ലന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രശ്നം പരിഹരിക്കാൻ സാധിക്കുമെനാണ് പ്രതീക്ഷ. നാമനിർദേശ പത്രിക സ്ക്രൂട്ടിണിയ്ക്ക് മുൻപ് ഈ കാര്യത്തിൽ തീരുമാനമുണ്ടാകും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ചൊവ്വായും ബുധനുമായി യുഡിഎഫിന്റെ പഞ്ചായത്ത് തല കൺവൻഷനുകൾ നടക്കും. നാലിനാണ് യു ഡി എഫ് നിയോജക മണ്ഡലം കൺവൻഷൻ നടക്കുക.
നിഷ സ്ഥാനാർത്ഥിയായാൽ ചിഹ്നവും പിന്തുണയും നൽകില്ലെന്ന ഉറച്ച നിലപാടിലേക്ക് പി.ജെ.ജോസഫ് നീങ്ങി.ചർച്ചകൾ കീറാമുട്ടിയായതോടെ മാണി കുടുംബത്തിന് പുറത്തേക്ക് സ്ഥാനാർത്ഥി ചർച്ചകൾ മാറുകയായിരുന്നു.
കേരള കോൺഗ്രസിൽ നിന്നും തങ്ങൾ പുറത്താക്കിയ ആളാണ് ജോസ് ടോം എന്നും ആയതിനാൽ ഇയാളെ അംഗീകരിക്കാനാവില്ലെന്നുമാണ് ജോസഫ് വിഭാഗത്തിന്റെ വാദം. എന്നാൽ, യുഡിഎഫ് നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി ജോസഫ് സ്ഥാനാർത്ഥിത്വം അംഗീകരിക്കുകയായിരുന്നു.
സ്ഥാനാർത്ഥിയായി ജോസ് വിഭാഗം മുന്നോട്ട് വച്ച ജോസ് ടോം ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമാണ്. കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. 10 വര്‍ഷം മീനച്ചില്‍ പഞ്ചായത്ത് മെംബറായിരുന്നു. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ജസി ജോസ് മീനച്ചില്‍ പഞ്ചായത്ത് മെംബറാണ്. മുന്‍പ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group