ജോസ് കെ മാണി കുലംകുത്തി; പാലായില്‍ സേവ് സിപിഎം ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍; അടി നടത്തിയത് തിയേറ്റര്‍ ലൈസന്‍സിന്റെ പേരില്‍; പാലായിലെ തമ്മിലടി അന്വേഷിക്കാന്‍ സിപിഎം; കൗണ്‍സിലര്‍ക്ക് ഇടത് നേതൃത്വത്തിന്റെ താക്കീത്; അടിക്ക് പിന്നില്‍ മാണി സി കാപ്പന്‍ എന്ന് സൂചന
സ്വന്തം ലേഖകന്‍
കോട്ടയം: പാലായില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണിക്കെതിരെ പോസ്റ്ററുകള്‍. കയ്യെഴുത്തു പോസ്റ്ററുകളാണ് പാലായുടെ പല ഭാഗത്തും പതിച്ചിരിക്കുന്നത്. ജോസ് കെ മാണി കുലംകുത്തിയാണെന്നും ജോസ് കെ മാണിക്കുള്ള മറുപടി പോളിങ് ബൂത്തില്‍ വെച്ച് നല്‍കണമെന്നും പറയുന്ന പോസ്റ്ററുകള്‍ സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പതിച്ചിരിക്കുന്നത്. പാലാ നഗരസഭയില്‍ സിപിഎം-കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി നടന്നതിനു പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുന്ന പാലാ നഗരസഭയില്‍ ഭരണപക്ഷ അംഗങ്ങളായ സിപിഎം, കേരള കോണ്‍ഗ്രസ് (എം) കൗണ്‍സിലര്‍മാര്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തമ്മില്‍ത്തല്ലിയത് സിനിമാ തീയറ്ററിന് ലൈസന്‍സ് പുതുക്കി നല്‍കിയതിന്റെ പേരിലാണ്. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും കേരള കോണ്‍ഗ്രസ് (എം) അംഗവുമായ ബൈജു കൊല്ലംപറമ്പിലും സിപിഎം പാര്‍ലമെന്ററി പാര്‍ട്ടി നേതാവും കൗണ്‍സിലംഗവുമായ ബിനു പുളിക്കക്കണ്ടവുമാണ് പരസ്പരം അടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബിനുവിന്റെ അസാന്നിധ്യത്തില്‍ സ്ഥിരം സമിതി ചേര്‍ന്ന് പാലായിലെ മഹാറാണി തിയറ്ററിന്റെ ലൈസന്‍സ് പുതുക്കാന്‍ തീരുമാനിച്ചു.ബൈജു അധ്യക്ഷനായ ആരോഗ്യ സ്ഥിരം സമിതിയില്‍ ബിനുവും അംഗമാണ്. ഇതിന്റെ നിയമസാധുത കൗണ്‍സില്‍ യോഗത്തില്‍ ബിനു ചോദ്യം ചെയ്തു. മറുപടി പിന്നീടു നല്‍കാമെന്ന് നഗരസഭാ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. മറുപടി പറഞ്ഞിട്ട് യോഗം തുടര്‍ന്നാല്‍ മതിയെന്നായി ബിനു. യോഗവിവരം ബിനുവിന്റെ വീട്ടില്‍ അറിയിച്ചിരുന്നുവെന്ന് ബൈജു പറഞ്ഞതോടെ ബിനുവും ബൈജുവും തമ്മില്‍ വാക്കുതര്‍ക്കമായി. അപ്രതീക്ഷിത കയ്യാങ്കളിക്ക് പിന്നില്‍ മാണി സി കാപ്പനാണെന്ന് അഭ്യൂഹങ്ങളുണ്ട്.
നഗരസഭയിലെ കൈയ്യാങ്കളി നിര്‍ഭാഗ്യകരമായിപ്പോയെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കണമായിരുന്നുവെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും സിപിഎം ജില്ലാ സെക്രട്ടറി എ വി റസ്സല്‍ പറഞ്ഞു. കൗണ്‍സിലര്‍മാരെ എല്‍ഡിഎഫ് സംസ്ഥാന നേതൃത്വം താക്കീത് ചെയ്തു.
സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ കൗണ്‍സിലര്‍മാരുടെയും മുതിര്‍ന്ന നേതാക്കളുടെയും യോഗം ഇരുപാര്‍ട്ടികളും വിളിച്ചുചേര്‍ത്തിരുന്നു. യാതൊരു പ്രകോപനത്തിലേക്കും പോകരുതെന്ന് ഈ യോഗങ്ങളില്‍ കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.