കോട്ടയം നഗരമധ്യത്തിൽ ജോയിസ് ബാറിൽ നിന്നും ആപ്പില്ലാതെ സുലഭമായി മദ്യം: ജോയിസിൽ നിന്നും വാങ്ങി ആക്ടീവയിൽ കടത്തിയ 25 കുപ്പി മദ്യവുമായി ഒരാൾ സെൻട്രൽ ജംഗ്ഷനിൽ പിടിയിൽ; ജോയിസിൽ മദ്യം സുലഭമെന്നു പരാതി

തേർഡ് ഐ ബ്യൂറോ

കോട്ടയം: ശീമാട്ടി റൗണ്ടാനയ്ക്കു സമീപം ജോയിസ് ബാറിൽ നിന്നും വാങ്ങിക്കൊണ്ടുപോകുകയായിരുന്ന 25 കുപ്പി മദ്യവുമായി മണർകാട് സ്വദേശി പൊലീസ് പിടിയിൽ. മണർകാട് സ്വദേശി ബാബുവിനെയാണ് ഇരുപത്തിയഞ്ചിലേറെ കുപ്പി മദ്യവുമായി പോകുന്നതിനിടെ സെൻട്രൽ ജംഗ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പെട്രോളിംങ് സംഘം പിടികൂടിയത്. ഇയാളെ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേയ്ക്കു മാറ്റി. ജോയിസ് ബാറിൽ നിന്നാണ് ഇയാൾ മദ്യം വാങ്ങിയിരുന്നതെന്നു പൊലീസിനോടു സമ്മതിച്ചിട്ടുണ്ട്.

തിങ്കളാഴ്ച രാവിലെ 09.45 ഓടെയായിരുന്നു സംഭവം. ഒരു വ്യക്തിയ്ക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ് മൂന്നു ലിറ്ററാണ്. എന്നാൽ, 25 പയിന്റ് കുപ്പിയാണ് മണർകാട് സ്വദേശിയുടെ ആക്ടീവയ്ക്കുള്ളിലുണ്ടായിരുന്നത്. തുടർന്നു പൊലീസ് നടത്തിയ പരിശോധനയിലാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്.

സംസ്ഥാനത്ത് ബാറുകളിലെ മദ്യവിതരണം ബിവ്ക്യൂ ആപ്പ് വഴിയാണ്. രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമേ മദ്യം വിതരണം ചെയ്യാൻ അനുവാദമുള്ളൂ. എന്നാൽ, ഈ സമയം അല്ലാത്ത സമയങ്ങളിലും ജോയിസിൽ മദ്യം വിതരണം നടക്കുന്നതായി വ്യാപക പരാതി ഉണ്ടായിരുന്നു.. നേരത്തെ ഇത്തരത്തിൽ അനധികൃതമായി മദ്യം വിതരണം ചെയ്തിരുന്ന ബാറുകൾക്കെതിരെ നടപടിയെടുത്തിരുന്നു.