video
play-sharp-fill

ജ്വല്ലറി – ചിട്ടി തട്ടിപ്പ്: കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ  മകളും മരുമകനും പിടിയിൽ

ജ്വല്ലറി – ചിട്ടി തട്ടിപ്പ്: കുന്നത്ത്കളത്തിൽ വിശ്വനാഥന്റെ മകളും മരുമകനും പിടിയിൽ

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം സ്ഥലം വിട്ട കുന്നത്ത് കളത്തിൽ വിശ്വനാഥന്റെ മകളെയും മരുമകനെയും പൊലീസ് പിടികൂടി.  തൃശൂരിൽ നിന്നുമാണ് ഇരുവരെയും പൊലീസ്  സംഘം പിടികൂടിയത്. ഇരുവർക്കുമെതിരെ നേരത്തെ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കാതെ വന്നതോടെയാണ് പൊലീസ് സംഘം അറസ്റ്റിലേയ്ക്കു കടന്നത്. രണ്ടു പേരെയും ഉടൻ തന്നെ ജില്ലയിൽ എത്തിച്ചേക്കും. വെസ്റ്റ് സി.ഐ നിർമ്മൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും തൃശൂരിലെ ഒളി സങ്കേതത്തിൽ നിന്നും പിടികൂടിയത്. തിങ്കളാഴ്ച രാത്രി വൈകി ഇരുവരെയും വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തിക്കുമെന്നാണ് സൂചന.
 പാപ്പർ ഹർജി നൽകിയ ശേഷം ആയിരക്കണക്കിനു നിക്ഷേപകരെ പറ്റിച്ച് അഞ്ഞൂറു കോടി രൂപയ്ക്കു മുകളിൽ തട്ടിയെടുത്ത ശേഷമാണ് വിശ്വനാഥനും ഭാര്യ രമണിയും ജില്ല വിട്ടത്. ഇരുവരും പാപ്പർ ഹർജി നൽകിയ ശേഷം മുങ്ങിയതായി തേർഡ് ഐ ന്യൂസാണ് ഇരുവരുടെയും ചിത്രം സഹിതം ആദ്യമായി വാർത്ത നൽകിയത്. ഇതിനു പിന്നാലെയാണ് ജില്ലയിലെ മറ്റു മാധ്യമങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ഏറ്റെടുത്ത് കുന്നത്ത് കളത്തിൽ ഗ്രൂപ്പിനെതിരെ വാർത്ത നൽകിയത്.
ജ്വല്ലറി- ചിട്ടി സ്ഥാപനങ്ങളിൽ നിക്ഷേപമായും ചിട്ടിയായി സ്വീകരിച്ചിരുന്ന ആയിരം കോടി രൂപയെങ്കിലും ഇവർ സാധാരണക്കാരിൽ നിന്നു തട്ടിയെടുത്തിട്ടുണ്ടെന്നാണ് സൂചന. കോട്ടയം വെസ്റ്റ് പൊലീസ് സ്‌റ്റേഷനിൽ മാത്രം ഇതുവരെ 1200 പേരാണ് പരാതിയുമായി എത്തിയത്. കോട്ടയം ഈസ്റ്റിൽ 200 ഉം, ചങ്ങനാശേരിയിൽ ഇരുനൂറും പേർ കുന്നത്ത് കളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്. 136 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ്് അധികൃതർ ഔദ്യോഗികമായി സമ്മതിക്കുന്നത്. 44 കോടി യുടെ ആസ്ഥിയുണ്ടെന്നും ഇവർ പറയുന്നു. കഴിഞ്ഞ മാസം കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി നൽകിയ ശേഷമാണ് ഇരുവരും നാടുവിട്ടത്.
കഴിഞ്ഞ ഒരു മാസമായി കായംകുളത്തെയും തൃശൂരിലെയും ബന്ധുവീടുകളിൽ മാറി മാറി ഇരുവരും ഒളിവിൽ കഴിയുകയായിരുന്നു. മൊബൈൽ ഫോണുകൾ ഉപേക്ഷിച്ച ശേഷം ഇന്നോവ, സ്വിഫ്റ്റ് ഡിസയർ കാറുകളിലായിരുന്നു യാത്ര. ഇതിനിടെ തമിഴ്‌നാട്ടിലെയും, കർണ്ണാടകയിലെയും അധ്യാത്മിക കേന്ദ്രങ്ങളും ക്ഷേത്രങ്ങളിലും ഇവർ ദർശനം നടത്തുകയും ചെയ്തു. ഇതിനു ശേഷമാണ് ഇവർ തൃശൂരിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്നത്. പ്രതികൾ കായംകുളത്ത് ഉണ്ടെന്ന സൂചനകളെ തുടർന്നു ജില്ലയിൽ നിന്നുള്ള പൊലീസ് സംഘം ഒരാഴ്ച ഇവിടെ ക്യാമ്പ് ചെയ്ത് പരിശോധന നടത്തിയിരുന്നതായി തേർഡ് ഐ ന്യൂസ് ലൈവിനു വിവരം ലഭിച്ചിരുന്നു. പൊലീസ് സംഘം കായംകുളത്ത് ക്യാമ്പ് ചെയ്യുന്നതായി വിവരം ചോർന്ന് ലഭിച്ചതോടെയാണ് ഇവർ തൃശൂരിലേയ്ക്കു രഹസ്യതാവളം മാറ്റിയത്.
കോടികളുടെ ആസ്ഥിയുണ്ടായിരുന്ന കുന്നത്ത്കളത്തിൽ വിശ്വനാഥനും കുടുംബവും ചില പൊലീസ് ഉദ്യോഗസ്ഥരുടെ പ്രിയപ്പെട്ടവരാണെന്നാണ് സൂചന. ഇതേ തുടർന്നാണ് ഒരു മാസത്തോളമായി ഇദ്ദേഹത്തിന്റെ അറസ്റ്റ് വൈകിപ്പിച്ചത്. പാപ്പർ ഹർജി കോടതി പരിഗണിക്കുമ്പോൾ ഇരുവരെയും അറസ്റ്റ് ചെയ്തത് നിയമപ്രശ്‌നമുണ്ടാക്കുന്നുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. മകളും മരുമകനും  അറസ്റ്റിലായതോടെ വിശ്വനാഥനും  ഭാര്യയും ഉടൻ കീഴടങ്ങുമെന്നാണ് സൂചന.