കുടുംബ ചിത്രങ്ങളാണ് എന്നും എന്റെ ശക്തി- ജയറാം
സ്വന്തം ലേഖകൻ
ചെറിയൊരു ഇടവേളയ്ക്ക് ശേഷം തന്റെ തിരിച്ചു വരവ് ആഘോഷിക്കുകയാണ് ജയറാം. താരത്തിന്റേതായി തീയ്യേറ്ററിലെത്തിയ ‘ലോനപ്പന്റെ മാമോദീസ’യ്ക്ക് മികച്ച പ്രതികരണമാണ്. പഴയ ജയറാമിനെ തങ്ങൾക്ക് തിരിച്ച് കിട്ടിയെന്നാണ് ചിത്രം കണ്ടിറങ്ങുന്ന പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഗ്രാമീണ ജീവിതത്തിന്റെ പശ്ചാത്തലത്തിൻ പറയുന്ന മനോഹരമായ ഒരു ഫീൽ ഗുഡ് കുടുംബ ചിത്രമാണിത്. കുടുംബചിത്രങ്ങളാണ് എന്നും തന്റെ ശക്തിയെന്നും എന്നാൽ ചില സിനിമകൾ തെരഞ്ഞെടുത്തപ്പോൾ പാളിച്ചകൾ പറ്റിയെന്നും ജയറാം ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘കഴിഞ്ഞ 30 വർഷക്കാലം ഏറ്റവും കൂടുതൽ കുടുംബ ചിത്രങ്ങൾ ചെയ്തിട്ടുള്ളത് ഞാനായിരിക്കും എന്നാണ് തോന്നുന്നത്. ഞാനേറ്റവും വലിയ ഭാഗ്യമായി കരുതുന്നതും അതാണ്. അതെന്തു കൊണ്ടാണെന്നു ചോദിച്ചാൽ മന:പൂർവമല്ല എന്നു മാത്രമെ പറയാൻ കഴിയൂ. എന്നെ തേടി അത്തരം സിനിമകളാണ് അധികം വന്നത്. ഇത്തരം സിനിമകൾ ചെയ്യുമ്‌ബോൾ ഞാൻ വളരെ കംഫർട്ടബിളാണ്. നമുക്ക് പറ്റുന്ന കഥാപാത്രം ഇഷ്ടപ്പെട്ട് ചെയ്യുമ്‌ബോഴാണ് സിനിമ നന്നാവുന്നത്, ഇടക്കാലത്ത് സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തനിക്ക് തെറ്റ് പറ്റിയിട്ടുണ്ട്. എനിക്കു തന്നെ ആവശ്യമില്ലായിരുന്നുവെന്ന് തോന്നിയിട്ടുള്ള കുറേ സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. പക്ഷേ പിന്നെയും എന്നെ തേടി നല്ല സിനിമകൾ വന്നു കൊണ്ടേയിരുന്നു. അതിനുദാഹരണമാണ് പഞ്ചവർണത്തത്തയും ലോനപ്പന്റെ മാമോദീസയും ഒക്കെ’ ജയറാം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ലിയോ തദേവൂസ് ആണ് ലോനപ്പന്റെ മാമോദീസയുടെ സംവിധായകൻ. ശാന്തി കൃഷ്ണ, കനിഹ, നിഷ സാരംഗ്, ഇഷ പവിത്രൻ, ഹരീഷ് കണാരൻ, ദിലീഷ് പോത്തൻ, അലൻസിയർ, ജോജു ജോർജ്,നിയാസ് ബക്കർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. പെൻ ആൻഡ് പേപ്പർ ക്രിയേഷന്‌സിന്റെ ബാനറിൽ ഷിംനോയ് മാത്യു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.