video
play-sharp-fill
ജയിലുകൾ സ്വന്തം തറവാട് പോലെ; കത്തിയും ബോംബും കളിപ്പാട്ടം; വീട്ടിൽ വിദേശമദ്യത്തിന്റെ വൻ ശേഖരം: ഇത് ജില്ലയെ വിറപ്പിച്ച ഗുണ്ടാ സംഘത്തലവൻ അലോട്ടി

ജയിലുകൾ സ്വന്തം തറവാട് പോലെ; കത്തിയും ബോംബും കളിപ്പാട്ടം; വീട്ടിൽ വിദേശമദ്യത്തിന്റെ വൻ ശേഖരം: ഇത് ജില്ലയെ വിറപ്പിച്ച ഗുണ്ടാ സംഘത്തലവൻ അലോട്ടി

ക്രൈം ഡെസ്‌ക്

കോട്ടയം: കൊലപാതകം അടക്കം അൻപതോളം കേസുകളിൽ പ്രതിയായ ഗുണ്ടാ സംഘത്തലവൻ അലോട്ടി പൊലീസിനെ വെട്ടിച്ചു കറങ്ങി നടക്കുമ്പോൾ നഗരം ഭീതിയുടെ മുനമ്പിൽ. എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേപ്രയോഗിച്ച ശേഷം രക്ഷപെട്ട അലോട്ടിയെ കണ്ടെത്താൻ അഞ്ചു ദിവസം കഴിഞ്ഞിട്ടും പൊലീസിനു ഇനിയും സാധിച്ചിട്ടില്ല. ആർപ്പൂക്കരയിലെ സാധാരണക്കാരാനായ ഓട്ടോ ഡ്രൈവറുടെ മകൻ ജില്ലയെ വിറപ്പിക്കുന്ന ഗുണ്ടയാക്കി മാറ്റിയത് എറണാകുളത്തെ കൊടുംകുറ്റവാളികളുമായുള്ള ബന്ധം. ഗുണ്ടാപട്ടികയിൽപ്പെട്ട് ഒരു വർഷത്തിലേറെയായി ജയിലിൽ കഴിഞ്ഞിരുന്ന ആർപ്പൂക്കര കൊപ്രായിൽ ജെയിസ് മോൻ ജേക്കബ്(അലോട്ടി -26) ജയിലിൽ നിന്നു പുറത്തിറങ്ങി ഒരാഴ്ച കഴിയും മുൻപാണ് അടുത്ത കേസിൽ കുടുങ്ങിയിരിക്കുന്നത്.
എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ ജീവനക്കാരനായി കൂടിയതോടെയാണ് അലോട്ടി എറണാകുളം കേന്ദ്രീകരിച്ചുള്ള ഗുണ്ടാ സംഘത്തിന്റെ അടുപ്പക്കാരനായി മാറിയത്. അൽപ സ്വൽപം ഗുണ്ടായിസതകത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ബസ് മുതലാളിയുടെ പിൻതുണ കൂടിയായതോടെ തനി ഗുണ്ടയായി അലോട്ടി മാറി. ഇതിനിടെയാണ് നഗരമധ്യത്തിൽ തിരുനക്കരയിൽ ഗോപിനാഥൻ നായർ എന്ന ലോഡ്ജ് മാനേജരെ 2010 ൽ അലോട്ടിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘം കുത്തിക്കൊലപ്പെടുത്തുന്നത്. ഈ കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയ അലോട്ടിയും സംഘവും കുമാരനല്ലൂരിൽ ഒരു തട്ടുകട കത്തിച്ചു.
എറണാകുളത്ത് നടിയെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പൾസർ സുനി എന്ന സുനിൽകുമാറുമായി ചേർന്ന് പാലാ കിടങ്ങൂരിൽ സ്വകാര്യ ബസ് യാത്രക്കാരനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച് പണം തട്ടിയെടുത്തു. ചങ്ങനാശേരിയിൽ ചീട്ടുകളി കളം ആക്രമിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതിയെ, വാകത്താനത്തെ വീട്ടിൽ നിന്നും വൻ ആയുധ ശേഖരത്തോടെയാണ് പൊലീസ് സംഘം പിടികൂടിയത്. അയ്മനത്ത് വീടിനു നേരെ ബോംബെറിഞ്ഞ കേസിലും, യുവാവിനെ നഗരമധ്യത്തിൽവച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും അലോട്ടി പ്രതിസ്ഥാനത്താണ്. സ്ഥിരം പ്രശ്നക്കാരനായതോടെ അലോട്ടിയെ രണ്ടു തവണയാണ് ഗുണ്ടാപ്പട്ടികയിൽപ്പെടുത്തി ജില്ലാ പൊലീസ് കരുതൽ തടങ്കലിൽ പാർപ്പിച്ചത്. കോട്ടയം സബ് ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന സമയത്ത് ജയിൽ ഉദ്യോഗസ്ഥനെ ആക്രമിച്ച അലോട്ടിയെ കാക്കനാട് സബ് ജയിലിലേയ്ക്കു മാറ്റിയിരുന്നു. ഇന്നലെ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതോടെ അലോട്ടി വീണ്ടും പൊലീസിന്റെയും, എക്സൈസിന്റെയും നോട്ടപ്പുള്ളിയായി മാറി.