ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ്; നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരവൃത്തി ഗൂഢാലോചനക്കേസ് നാലാം പ്രതി മുൻ ഡി.ജി.പി സിബി മാത്യൂസിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മറ്റു നാലു പ്രതികൾക്ക് നേരത്തെ ഹൈകോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സി.ബി.ഐ. അറസ്റ്റ് ഉൾപ്പെടെയുള്ള നപടികളിലേക്ക് കടക്കുമെന്ന് സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സിബി മാത്യൂസ് അടക്കം ഈ കേസിലെ പ്രതിപട്ടികയിലുള്ള ഉദ്യോഗസ്ഥർ മുൻകൂർ ജാമ്യാപേക്ഷ തേടി കോടതിയെ സമീപിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ഈ കേസിലെ ഒന്നാം പ്രതി എസ്. വിജയന് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരം ജില്ലാ സെക്ഷൻസ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദമാണ് ജില്ലാ സെക്ഷൻസ് കോടതി കേട്ടത്. ദിവസങ്ങളോളം വാദം നീണ്ടിരുന്നു.
റോയും ഐബിയും പറഞ്ഞിട്ടാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് എന്നാണ് സിബി മാത്യൂസ് കോടതിയിൽ വ്യക്തമാക്കിയിരുന്നത്. നമ്പി നാരായണനെ അറസ്റ്റ് ചെയ്ത് രണ്ടാം ദിവസം കേസ് സിബിഐ ഏറ്റെടുത്തതിനാൽ തനിക്ക് നമ്പിനാരായണനെ ചോദ്യം ചെയ്യേണ്ട സാഹചര്യം ഉണ്ടായില്ലെന്നും സിബി മാത്യൂസ് കോടതിയിൽ വാദിച്ചു.
ഈ കേസിലെ പ്രതികളെല്ലാം ഉന്നതല ബന്ധമുള്ളവരാണെന്നും ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്താൽ മാത്രമേ സത്യാവസ്ഥ പുറത്തുവരൂ എന്നും സിബിഐ കോടതിയിൽ വാദിച്ചു. അറസ്റ്റ് ചെയ്യില്ലെന്ന് ഉറപ്പുപറയാൻ കോടതിക്ക് കഴിയില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് നമ്പി നാരായണനും മറിയം റഷീദയും കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ വാദങ്ങളെല്ലാം കേട്ടശേഷമാണ് കോടതി സിബി മാത്യൂസിന് മുൻകൂർ ജാമ്യം അനുവദിച്ചത്.