
ടെഹ്റാൻ: വെടിനിർത്തല്‍ കരാർ നിലനില്‍ക്കുന്നതിനിടെ ഇറാനിയൻ കപ്പലുകള്‍ക്കും മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ക്കുംനേരെ ആക്രമണം നടത്തി അമേരിക്ക.
തെക്കൻ ഇറാനിലാണ് ആക്രമണമുണ്ടായത്. മൈനുകള്‍ സ്ഥാപിക്കുന്ന പ്രവർത്തനത്തിലേർപ്പെട്ടിരുന്ന കപ്പലുകളെയാണ് ആക്രണമിച്ചതെന്നും പ്രതിരോധ നടപടിയാണെന്നുമാണ് അമേരിക്കയുടെ വിശദീകരണം.
ഇറാനിയൻ സേന ഉയർത്തുന്ന ഭീഷണികളില്‍ നിന്ന് സൈനികരെ സംരക്ഷിക്കുന്നതിനാണ് ആക്രമണങ്ങള്‍ നടത്തിയതെന്നാണ് യുഎസ് സെൻട്രല്‍ കമാൻഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. ‘വെടിനിർത്തല്‍ സമയത്തും സേനയെ പ്രതിരോധിക്കുന്നത് തുടരുന്നു’ -എന്നാണ് സെൻട്രല്‍ കമാൻഡ് വക്താവും നേവി ക്യാപ്റ്റനുമായ ടിം ഹോക്കിൻസ് വ്യക്തമാക്കിയത്. ഹോർമുസ് കടലിടുക്കില്‍ സ്ഥിതി ചെയ്യുന്ന തെക്കൻ തുറമുഖ നഗരവുമായ ബന്ദർ അബ്ബാസിനടുത്തുള്ള പ്രദേശമാണ് ലക്ഷ്യംവച്ചതെന്ന് ഹോക്കിൻസ് പറയുന്നു. ഇറാനിയൻ നാവിക താവളവും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇസ്രയേല്‍, യുഎസ് എന്നിവരുമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ സംബന്ധിച്ച് ഖത്തർ പ്രധാനമന്ത്രിയുമായി ചർച്ച നടത്താൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥർ ദോഹയില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായത്. എന്നാല്‍ ആക്രമണത്തില്‍ ഇറാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. ‘സമ്പുഷ്ട യുറേനിയം ഉടനടി അമേരിക്കയ്ക്ക് കൈമാറുകയും ഇവിടെ കൊണ്ടുവന്ന് നശിപ്പിക്കുകയും ചെയ്യും. അല്ലെങ്കില്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ഏകോപനത്തോടെ സ്വീകാര്യമായ മറ്റൊരു സ്ഥലത്ത് നശിപ്പിക്കും. അറ്റോമിക് എനർജി കമ്മിഷൻ അല്ലെങ്കില്‍ അതിന് തുല്യമായ സ്ഥാപനം ഈ പ്രക്രിയയ്ക്കും സംഭവത്തിനും സാക്ഷിയാകുന്ന തരത്തിലായിരിക്കും ഇത് നടക്കുക’- എന്നാണ് ട്രംപ് വ്യക്തമാക്കിയത്.







