Spread the love

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്‌ഐടി രൂപീകരിച്ച്‌ പുനരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍.

video
play-sharp-fill

എസ്‌ഐടി രൂപീകരിക്കാന്‍ പൊലീസ് ആസ്ഥാനത്ത് തിരക്കിട്ട നീക്കമാണ് നടക്കുന്നത്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് അടക്കം വേഗത്തിലാക്കും. നേരത്തെ അന്വേഷണം അവസാനിപ്പിക്കുന്നതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കുറ്റ്യാടി എംഎല്‍എ പാറക്കല്‍ അബ്ദുള്ളയുടെ പരാതിയില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. രമേശ് ചെന്നിത്തലയുടെ ഓഫീസില്‍ നേരിട്ട് എത്തിയാണ് പാറക്കല്‍ അബ്ദുള്ള പരാതി നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വടകരയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബര്‍ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. റെഡ് എന്‍കൗണ്ടര്‍ വാട്‌സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന്‍ എന്ന വാട്‌സ് ആപ്പ് വഴിയും ‘കാഫിര്‍’ വ്യാജ സ്‌ക്രീന്‍ ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില്‍ നല്‍കിയ വിശദമായ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

2024 ഏപ്രില്‍ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എന്‍കൗണ്ടര്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പില്‍ സ്‌ക്രീന്‍ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഏപ്രില്‍ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയന്‍ വാട്‌സ്‌ആപ്പ് ഗ്രൂപ്പിലും സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തു. അമല്‍ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഫേസ്ബുക്ക് പേജില്‍ സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്‌ക്രീന്‍ഷോട്ട് പ്രചരിച്ചു. അഡ്മിന്‍ അബ്ബാസ് ആണ് പോരാളി ഷാജി പേജില്‍ ഇത് പോസ്റ്റ് ചെയ്തതെന്നും പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.