ആശ്വാസ ജയവുമില്ല…! അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത് മുംബൈ; ജയിച്ചിട്ടും പ്ലേ ഓഫ് കാണാതെ പുറത്തായി ലഖ്നൗ
മുംബൈ: വിജയത്തോടെ ഐപിഎല്‍ സീസണ്‍ അവസാനിപ്പിക്കാമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ മോഹങ്ങള്‍ക്ക് സ്വന്തം കാണികള്‍ക്ക് മുൻപില്‍ വീണ്ടും തിരിച്ചടിയേറ്റു.
മുംബൈയെ 18 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ജയത്തോടെ സീസണ്‍ അവസാനിപ്പിച്ചെങ്കിലും പ്ലേ ഓഫിലെത്തില്ലെന്ന് ഉറപ്പായി. ലഖ്നൗ ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്കായി രോഹിത് ശര്‍മയും നമന്‍ ധിറും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും 18 റണ്‍സകലെ 196 റണ്‍സില്‍ മുംബൈക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവന്നു.
രോഹിത് 38 പന്തില്‍ 68 റണ്‍സടിച്ചപ്പോള്‍ നമന്‍ ധിര്‍ 28 പന്തില്‍ 62 റണ്‍സടിച്ച് പുറത്താകാതെ നിന്നു. ലഖ്നൗവിനായി രവി ബിഷ്ണോയിയും നവീന്‍ ഉള്‍ ഹഖും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 214-6, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 198-6. തോല്‍വിയോടെ മുംബൈ അവസാന സ്ഥാനത്തേക്ക് വീണപ്പോള്‍ ഏഴാം സ്ഥാനത്തുള്ള ലഖ്നൗവിന്‍റെ പ്ലേ ഓഫ് പ്രതീക്ഷയും അവസാനിച്ചു.
ലഖ്നൗ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 8.4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 88 റണ്‍സടിച്ചു.
പവര്‍പ്ലേക്കിടെ മഴ പെയ്തതിനാല്‍ മത്സരം കുറച്ചുനേരം തടസപ്പെട്ടിരുന്നു.ബ്രെവിസ് 20 പന്തില്‍ 23 റണ്‍സെടുത്ത് നവീന്‍ ഉള്‍ ഹഖിന് വീണു. പിന്നാലെയെത്തിയ സൂര്യകുമാര്‍ യാദവിനെ അക്കൗണ്ട് തുറക്കും മുൻപ് ക്രുനാല്‍ പാണ്ഡ്യ മടക്കി.പിന്നാലെ രോഹിത് ശര്‍മയെ(38) പന്തില്‍ 68) രവി ബിഷ്ണോയിയും പുറത്താക്കിയതോടെ മുംബൈ 97-3ലേക്ക് വീണു.