
ഐ പി എല്‍ മത്സരങ്ങള്‍ റദ്ദാക്കി; ഡൽഹി, ചെന്നൈ ഉൾപ്പെടെയുള്ള ക്യാമ്പുകളിൽ കോവിഡ് ബാധ ; മത്സരങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്ന് ബി സി സി ഐ
സ്വന്തം ലേഖകന്‍
മുംബൈ: ഐ പി എല്‍ മത്സരങ്ങള്‍ താല്ക്കാലികമായി നിര്‍ത്തിവച്ചു. താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. എന്നാല്‍ തീരുമാനം താല്ക്കാലികമാണെന്നും ഐ പി എല്‍ മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.
ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാഹുൽ ശുക്ലയാണ് ഇക്കാര്യം വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് ദിവസത്തിനിടെ കളിക്കാർക്കും സപ്പോർട്ടിങ് സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് ബാധ കൂടിയതിന് പിന്നാലെയാണ് തീരുമാനം.
കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽസ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഹൈദരാബാദ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്പിന്നർ അമിത് മിശ്രക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്.
ഇതുവരെ 29 മത്സരങ്ങളാണ് സീസണിൽ പൂർത്തീകരിച്ചത്. ഐ.പി.എൽ ബയോ ബബ്ളിലുള്ള വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.
ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, സി.ഇ.ഒ, ബസ് ക്ലീനർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.