play-sharp-fill
ദുരിതത്തിൽ നിന്ന് ആശ്വാസമേകി ഇപ്കായ്

ദുരിതത്തിൽ നിന്ന് ആശ്വാസമേകി ഇപ്കായ്

 

സ്വന്തം ലേഖകൻ

കോട്ടയം:പ്രളയം തുടങ്ങിയ അന്നുതൊട്ട് ഇരുന്നൂറിലധികം കുടുംബങ്ങളുടെ  ജീവൻ രക്ഷിക്കാൻ പങ്കാളിയായതു മുതൽ ദുരിതാശ്വാസ ക്യാമ്പുകളിലും വീടുകളിലും, സ്കൂളുകളിലും, റസിഡൻസ് അസോസിയേഷനിലും എത്തി ജനങ്ങൾക്ക് മനോധൈര്യം നൽകുന്ന കൗൺസലിംഗ് വരെ നീണ്ടു നിൽക്കുന്നു ഇപ്കായുടെ സേവനങ്ങൾ. കോട്ടയം കഞ്ഞിക്കുഴി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പരിശീലന കൗൺസലിംഗ് കേന്ദ്രമാണ് ഇപ്കായ് (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പേഴ്സൺ സെന്റേർഡ് അപ്രോച്ചസ് ഇൻ ഇൻഡ്യ)


ചെങ്ങന്നൂരിൽ പ്രളയം രൂക്ഷമായപ്പോൾ അവിടുത്തെ ജനങ്ങളുടെ രക്ഷയ്ക്കായി ഹൈക്കോടതി വക്കീലും  ഇപ്കായ് അംഗവുമായ   അഡ്വ. ജെ. ഷേബ ജേക്കബിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച ഇപ്കായ് അംഗങ്ങൾക്ക് ഇരുന്നൂറിലധികം ജീവനുകൾ രക്ഷിക്കാനുള്ള ഉദ്യമത്തിൽ പങ്കാളികളാവാൻ കഴിഞ്ഞു. പ്രളയം രൂക്ഷമായ മറ്റു സ്ഥലങ്ങളിൽ ആ ജില്ലയിലുള്ള ഇപ്കായ് ചാപ്റ്റർ അംഗങ്ങൾ രക്ഷാ പ്രവർത്തകരായി മാറുകയും, സാമൂഹ്യ മാധ്യമങ്ങൾ വഴി സന്ദേശങ്ങൾ കൈമാറി അവശ്യ സാധനങ്ങൾ ശേഖരിച്ച് എത്തിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്കായ് ഡയറക്ടറായ മാത്യു കണമലയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ ഉരുൾപ്പൊട്ടലിൽ മരണമുണ്ടായ കുടുംബങ്ങളടക്കം സന്ദർശിച്ച് ആശ്വാസമേകി.

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചപ്പോൾ ക്യാമ്പുകളിൽ എത്തിച്ചേരാൻ സാധിക്കാത്ത നിരവധി കുടുംബങ്ങൾക്ക് ഭക്ഷണവുമായി ഇപ്കായ് അംഗങ്ങൾ  സഹായകരായി. ഇപ്കായ് കോർഡിനേറ്റർ ആയ സൈലേഷ് വി.പി യുടെ നേതൃത്വത്തിൽ രാജീവ്, സജി,ജേറോം, കലിഞ്ഞാലി കസിൻസ് തുടങ്ങി വേദഗിരിയിൽ നിന്നുള്ള ഒരു പറ്റം യുവാക്കളാണ് ഇതിന് നേതൃത്വം നൽകിയത്. പ്രധാനമായും ആർപ്പൂക്കര, തിരുവാർപ്പ്, തിരുവാറ്റ, കോട്ടയം ടൗൺ എന്നിവിടങ്ങളിലാണ് ഭക്ഷണം വിതരണം ചെയ്തത്. ഓരോ ദിവസവും വിതരണം ചെയ്ത അഞ്ഞൂറിലധികം ഭക്ഷണപ്പൊതികൾ വേദഗിരി, എറ്റുമാനൂർ, കോട്ടയം എന്നീ സ്ഥലങ്ങളിൽ നിന്നുള്ള വീടുകളിൽ നിന്ന് ശേഖരിച്ചവയായിരുന്നു. ഓരോ ദിവസവും ഭക്ഷണത്തിനും മറ്റു അവശ്യവസ്തുക്കൾക്കുമായി 400-ലധികം ഫോൺ വിളികൾ വന്നിരുന്നു എന്നും സൈലേഷ് വി.പി. പറഞ്ഞു.

ആർപ്പൂക്കര പഞ്ചായത്തിലെ 14-ാം വാർഡിൽ നാലുവശവും വെള്ളത്താൽ ചുറ്റപ്പെട്ട നൂറ്റമ്പതിലധികം കുടംബങ്ങൾക്ക് 5 ദിവസങ്ങളിൽ ഭക്ഷണവുമായി എത്തിച്ചേർന്നു. റോഡുമാർഗ്ഗം ഇവിടെ എത്തിച്ചേരാൻ സാധിക്കാത്തതിനാൽ വള്ളത്തിലും, അരയോളം വെള്ളത്തിൽ നീന്തിയുമാണ് ഈ വീടുകളിൽ ഭക്ഷണമെത്തിച്ചത്.

ഇപ്കായ് നാഷണൽ കോർഡിനേറ്ററും  ആർപ്പൂക്കര പഞ്ചായത്ത് ജീവനക്കാരനുമായ അനീഷ് മോഹന്റെ നേതൃത്വത്തിൽ പഞ്ചായത്തിലുള്ള  ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിച്ചു കൊടുത്തു. 1800-ലധികം വ്യക്തികൾ ഇവിടെ 14 ക്യാമ്പുകളിലായി  അഭയം തേടിയിരുന്നു.    ഇപ്കായ് തൊടുപുഴ ചാപ്റ്റർ അംഗമായ അനുരാധാകൃഷ്ണന്റെ നേതൃത്വത്തിൽ 250ലധികം കിറ്റുകൾ ആർപ്പൂക്കരയിൽ വിതരണം ചെയ്തു.  ഇപ്കായ് അംഗങ്ങളിൽ നിന്നു മാത്രമല്ല വിവിധ സ്ഥാപനങ്ങളിൽ നിന്നും, വ്യക്തികളിൽ നിന്നും സാധനങ്ങൾ ശേഖരിച്ചു  വിതരണം ചെയ്യുവാനും ഇപ്കായ് ശ്രദ്ധിച്ചു.

ഇപ്കായ് യുടെ തന്നെ പ്രശസ്ത മനശക്തി പരിശീലകരായ ജസ്റ്റിൻ തോമസ്സ്,അനീഷ് മോഹൻ, അഭിലാഷ് ജോസഫ്,  കൗൺസിലേഴ്സായ ശ്രീദേവി രാജീവ്, അഡ്വ.ഷേബ ജേക്കബ്,വി.പി.സുനിൽ, വിനീത് ജോസഫ്, ഷാജി പി.എം, ജി ഉദയൻ, എലിക്കുളം ജയകുമാർ, സുധീർ പി.എ, ഐബി തോമസ്, ആതിര ജയൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നാൽപതിലധികം  കൗൺസിലേഴ്സ് കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ വിവിധ ക്യാമ്പുകളിലും, വീടുകളിലും, സ്കൂളുകളിലും മനശാസ്ത്ര പ്രഥമ ശുശ്രൂഷ നല്കി വരുന്നു.പ്രളയത്തിന്റെ ചിന്ത മനസ്സിലുണ്ടാക്കുന്ന വേദനയുടെ തീവ്രത കുറയ്ക്കുക, നഷ്ടമായതൊക്കെ തിരികെ പിടിക്കാനുള്ള ആത്മവിശ്വാസം കൂട്ടുക എന്നിവയായിരുന്നു കൗൺസിലിംഗിന്റെ ലക്ഷ്യം. ക്യാമ്പിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോൾ  ആത്മ വിശ്വാസത്തോടെ പോകുവാൻ ഈ കൗൺസലിംഗ് സഹായകരമായിയെന്നു പലരും അഭിപ്രായപ്പെട്ടു.സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും പുതു ജീവിതം കരുത്തുറ്റതാക്കാൻ ഉള്ള ശ്രമമാണ് അടുത്തത്. ടീനേജിലുള്ള കുട്ടികളുടെ ഉന്നമനത്തിനായി നടത്തി വരുന്ന ടീൻ ഇപ്കായ് എന്ന അഞ്ച് വർഷ പ്രോജക്റ്റിന്റെ അടുത്ത ബാച്ചിലേക്കായി 25 കുട്ടികളെ ദുരിതമനുഭവിച്ച കുടുംബങ്ങളിൽ നിന്നു തിരെഞ്ഞെടുക്കാനുള്ള നടപടികൾ തുടങ്ങി.

വ്യക്തിത്വ വികസന പരിശീലനമുൾപ്പടെയുള്ള ലൈഫ് സ്കിൽസ് പരിശീലനങ്ങൾ നൽകി കുട്ടികളുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുക എന്നതാണ് ടീൻ ഇപ്കായ് യുടെ ലക്ഷ്യം.

കേടുപാടുകൾ സംഭവിച്ച, നിലം പതിക്കാറായ വീടുകൾ പുനർനിർമ്മിച്ചു നൽകാനും, വീട്ടുപകരണങ്ങൾ വാങ്ങി നൽകാനുമുള്ള ശ്രമത്തിലാണ് ഇപ്കായ് അംഗങ്ങൾ. ഇതിനു നല്ലതുക വേണ്ടി വരുന്നതിനാൽ മറ്റു സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും വിദേശ മലയാളി കൂട്ടായ്മകളുടെയും സഹകരണത്തോടെ ചെയ്യുവാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ പ്രൊഫ.മാത്യു കണമലയും നഷ്ണൽ കോർഡിനേറ്റർ അനീഷ് മോഹനും  അറിയിച്ചിട്ടുണ്ട്.

2 മാസം മുതൽ 2 വർഷം വരെ എടുക്കും ഈ പ്രതിസന്ധി തരണം ചെയ്യാൻ.  സമയം എത്ര കുറയ്ക്കാൻ സാധിക്കുമോ  അത്രയും നല്ലത്. അതിനായി വീടുകളിൽ ശീലിക്കാനായി ഇപ്കായ് മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ

1.പ്രളയം തരണം ചെയ്യാൻ ജാതി മത വർഗ്ഗ രാഷ്ട്രീയ ഭേദമന്യേ ഉറച്ചു നിന്ന നമ്മൾ അതേ ഒരുമ തുടർന്നും നില നിർത്തിയാൽ തിരിച്ചുവരവ് ശീഘ്രമാകും.

2.ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം കുറയ്ക്കുക. മദ്യം പുകവലി തുടങ്ങി ലഹരി പദാർത്ഥങ്ങൾക്കായി നാം ഉപയോഗിക്കുന്ന പണം ഒരു കുടുക്കയിൽ നിക്ഷേപിച്ച് ചെറു സമ്പാദ്യ ശീലം ഉണ്ടാക്കുക. അതു വഴി നഷ്ടപ്പെട്ട വീട്ടുപകരണങ്ങളും മറ്റു സാധനങ്ങളും വാങ്ങുക.

3.സ്വയം സഹായ സംഘങ്ങൾ പോലുള്ള ഇരുപതോ അതിലധികമോ കുടുംബങ്ങൾ ചേർന്നുള്ള (ദുരിതം നേരിട്ടവരും  അല്ലാത്തവരും അടങ്ങുന്ന ) കൂട്ടായ്മകൾ ചിട്ടികളും വായ്പാ പദ്ധതികളും നടത്തി ആവശ്യങ്ങൾ നേടിയെടുക്കുക. ദുരിതം നേരിട്ടവർക്ക് ചിട്ടികളുടെയും വായ്പകളുടെയും  ആദ്യ ഫലങ്ങൾ നൽകുവാൻ ശ്രദ്ധിക്കുക.

4.സ്വന്തം നാട്ടിലുള്ള ആൾക്കാർക്ക് കൂലി പണിയുൾപ്പെടെയുള്ള ജോലി അവസരങ്ങൾ  നല്കുക. വാണിജ്യ വ്യാപാരങ്ങളും മറ്റും പരമാവധി സ്വന്തം നാട്ടിൽ തന്നെ നടത്തുക. അപ്രകാരം പണം ആ നാട്ടിൽ തന്നെ കറങ്ങിയാൽ എല്ലാവരുടേയും ആവശ്യങ്ങൾ നടത്തപ്പെടും.

5. എനിക്ക് ഇല്ല, ഞങ്ങൾക്കൊന്നും സാധിക്കില്ല എന്ന പറച്ചിലുകൾ മാറ്റി ഞങ്ങളെക്കൊണ്ട് അത് സാധിക്കും അതിനുള്ള കഴിവ് ഞങ്ങൾക്കുണ്ട് എന്ന ചിന്തകൾ നിറയ്ക്കുക.

6. ഇപ്പോൾ തന്നെ പേരുകേട്ട ‘ദുരന്തനിവാരണത്തിന് ഒരു കേരള മോഡൽ’ എന്ന ആശയം പുനരധിവാസത്തിന്റെ കാര്യത്തിലും നടപ്പിലാക്കുക.

നമുക്ക് ഒന്നിച്ചു മുന്നേറാം.