രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

രാജ്യാന്തര ചലച്ചിത്രമേള നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: 24-ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ തുടക്കമാകും. പ്രൗഢവും വൈവിധ്യവും നിറഞ്ഞ കാഴ്ചകളാൽ സമ്പന്നമായ മേളയ്ക്കാവും നാളെ തിരിതെളിയുകയെന്ന് സാംസ്‌കാരിക മന്ത്രി എ കെ ബാലൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.മേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.സാംസ്‌കാരിക മന്ത്രി എ കെ ബാലൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടർന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെൻസർ പ്രദർശിപ്പിക്കും.

സിനിമയുടെ വിനോദമൂല്യത്തിന് മാത്രം പ്രാധാന്യം നൽകുകയും അതിന്റെ രാഷ്ട്രീയം അവഗണിക്കുകയും ചെയ്യുന്ന ലോകത്തിലെ വൻകിട ചലച്ചിത്രമേളകളിൽ നിന്ന് ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നത് അതിന്റെ രാഷ്ട്രീയ നിലപാടുകളാണെന്ന് മന്ത്രി പറഞ്ഞു. മൂന്നാം ലോകരാജ്യങ്ങളുടെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങളെ മാത്രം മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് ഈ നിലപാടിന്റെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകൾക്ക് പ്രാധാന്യം നൽകുന്ന മേളയിൽ അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉൾപ്പടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈജിപ്ഷ്യൻ സംവിധായകൻ ഖൈറി ബെഷാറ, ഇറാനിയൻ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകൻ അമീർ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോൻ, മറാത്തി സംവിധായകൻ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മൽസര വിഭാഗത്തിലെ ജൂറി അംഗങ്ങൾ.

ഇസ്രായേലി ചലച്ചിത്രനിരൂപകൻ നച്ചും മോഷിയ, ഇന്ത്യൻ ചലച്ചിത്ര നിരൂപകൻ സിലാദിത്യാസെൻ, ബംഗ്‌ളാദേശി തിരക്കഥാകൃത്ത് സാദിയ ഖാലിദ് എന്നിവരാണ് ഫിപ്രസ്‌കി ജൂറി അംഗങ്ങൾ. ചലച്ചിത്രനിരൂപകരുടെ അന്താരാഷ്ട്ര സംഘടനയായ ഫിപ്രസ്‌കി നൽകുന്ന രണ്ട് അവാർഡുകൾ ഈ ജൂറി നിർണയിക്കും.

അടുത്തവർഷം മേളയുടെ രജത ജൂബിലി ആഘോഷങ്ങൾ വിപുലമായ ഒരു സാംസ്‌കാരിക ഉത്സവമാക്കിമാറ്റാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഇത്തവണ മലയാള സിനിമയ്ക്ക് അന്താരാഷ്ട്രതലത്തിൽ പ്രദർശന,വിപണന സൗകര്യമൊരുക്കുന്നതിനായി സംഘടിപ്പിച്ചിട്ടുള്ള ഫിലിം മാർക്കറ്റിൽ ദേശീയ,അന്തർ ദേശീയതലങ്ങളിൽ സേവനം നടത്തുന്ന ഓൺലൈൻ സ്ട്രീമിംഗ് ചാനലുകളും ഫെസ്റ്റിവൽ പ്രോഗ്രാമർമാരും സെയിൽസ് ഏജൻസികളും പങ്കെടുക്കുമെന്നും എ കെ ബാലൻ വ്യക്തമാക്കി.

മൂന്നാംലോക സിനിമ’ എന്ന ചലച്ചിത്രപ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായ അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ഇത്തവണ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് സമ്മാനിക്കുന്നത്. അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സൊളാനസിന്റെ അഞ്ച് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും.

എട്ടു ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളിൽനിന്നുള്ള 186 ചിത്രങ്ങൾ പ്രദർശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങൾ ഉൾപ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ‘കൺട്രി ഫോക്കസ്’ വിഭാഗത്തിൽ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേർക്കാഴ്ചയുമായി നാല് ചൈനീസ് ചിത്രങ്ങൾ പ്രദർശിപ്പിക്കും.

‘കാലിഡോസ്‌കോപ്പ്’ വിഭാഗത്തിൽ മൂത്തോൻ, കാന്തൻ എന്നീ മലയാള ചിത്രങ്ങൾ ഉൾപ്പെടെ അഞ്ചു സിനിമകളാണുള്ളത്. ‘എക്‌സ്പിരിമെന്റാ ഇന്ത്യ’ എന്ന വിഭാഗത്തിൽ 10 പരീക്ഷണ ചിത്രങ്ങളാണുള്ളത്. വിഭജനാനന്തര യുഗോസ്‌ളാവിയൻ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകർഷണം. യുഗോസ്‌ളാവിയ, സെർബിയ, ക്രൊയേഷ്യ, മാസിഡോണിയ തുടങ്ങിയ രാജ്യങ്ങളായി വിഭജിച്ച ശേഷം നിർമ്മിക്കപ്പെട്ട ഏഴു സിനിമകൾ ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ‘കണ്ടമ്ബററി മാസ്റ്റേഴ്‌സ് ഇൻ ഫോക്കസ്’ എന്ന വിഭാഗത്തിൽ സമകാലിക ലോക ചലച്ചിത്രാചാര്യൻമാരായ ടോണി ഗാറ്റ്‌ലിഫിന്റെയും റോയ് ആൻഡേഴ്‌സന്റെയും സിനിമകൾ പ്രദർശിപ്പിക്കും. മലയാളം റെട്രോസ്‌പെക്ടീവ് വിഭാഗത്തിൽ ശാരദയുടെ 7 സിനിമകൾ പ്രദർശിപ്പിക്കും.

ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ , വൈസ് ചെയർപേഴ്‌സൺ ബീനാ പോൾ ,സെക്രട്ടറി മഹേഷ് പഞ്ചു ,എക്‌സിക്യുട്ടീവ് ബോർഡ് അംഗം സിബി മലയിൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.