
ഡല്‍ഹി: ആഫ്രിക്കയിലെ മാലിയിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നല്‍കി കേന്ദ്ര സർക്കാർ. മാലിയിലെ പ്രധാന നഗരങ്ങളിലും സൈനിക താവളങ്ങളിലും ഭീകരർ ആക്രമണം നടത്തിയതായി റിപ്പോർട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് നടപടി.
ബമാകോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തായി വെടിയൊച്ചകളും സ്ഫോടനങ്ങളും കേട്ടതായും റിപ്പോർട്ടുണ്ടായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് മാലി സൈന്യം അറിയിച്ചിട്ടുണ്ടെങ്കിലും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ബമാകോയിലെ ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.
മാലിയിലെ കാറ്റി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സായുധസേന ആക്രമണം നടത്തിയിരുന്നു. ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണം. പുറത്തിറങ്ങരുതെന്നും വീടിനുള്ളില്‍തന്നെ കഴിയണമെന്നുമാണ് പ്രധാന നിർദേശം. അനാവശ്യ യാത്രകള്‍ ഒഴിവാക്കണം. പ്രാദേശിക അധികൃതരും എംബസിയും നല്‍കുന്ന നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അറിയിപ്പുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ +223 78486019 /94793705 നമ്പറുകളില്‍ എംബസിയെ ബന്ധപ്പെടണമെന്നും ആവശ്യപ്പെടുന്നു. കൂടാതെ എംബസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിർദേശമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിയിലെ ആക്രമണങ്ങളില്‍ അല്‍ ഖ്വയിദയുമായി ബന്ധമുള്ള ജെഎൻഐഎം, തുവാറെഗ്, വിമത ഗ്രൂപ്പുകളായ എഫ്‌എല്‍എ എന്നിവർ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു







