സർ, ഞങ്ങൾ ക്രിമിനലുകൾ അല്ല..! ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്നവർ; അമ്മിണി ബാബുവും സംഘവും നടത്തിയ ക്രിമിനൽ നടപടികളിൽ നാണം കെട്ടത് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർമാർ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഞങ്ങൾ ജീവിക്കാൻ വേണ്ടി ഓട്ടോ ഓടിക്കുന്നവരാണ്. ഞങ്ങൾക്ക് ആർക്കും രാഷ്ട്രീയമില്ല, ഗുണ്ടായിസവും ക്രിമിനലിസവുമില്ല. അമ്മിണി ബാബുവും സംഘവും നടത്തുന്ന ക്രമിനൽ ഇടപാടുകളുടെ നാണക്കേട് അനുഭവിക്കുന്നവരാണ് ഞങ്ങൾ സാധാരണക്കാരായ ഓട്ടോ ഡ്രൈവർമാർ.വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

കോട്ടയം നഗരമധ്യത്തിൽ നിന്നും അസം സ്വദേശിയെ തട്ടിക്കൊണ്ടു പോയി അരലക്ഷം രൂപ ആവശ്യപ്പെട്ട് വിലപേശൽ നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് നാട്ടകം മറിയപ്പള്ളി കളപ്പൂർ കെ.പി ബാബു (അമ്മിണി ബാബു – 54), കുമാരനല്ലൂർ പെരുമ്പായിക്കാട് സലിം മൻസിലിൽ എസ്.ബി ഷംനാസ് (37), വടവാതൂർ പ്‌ളാമ്മൂട്ടിൽ സാബു കുര്യൻ (ചാച്ച – 38), അയ്മനം പൂന്ത്രക്കാവ് പതിമറ്റം കോളനി ജയപ്രകാശ് (മൊട്ട പ്രകാശ് – 42) എന്നിവരെ പൊലീസ് പിടികൂടിയതോടെയാണ് ഓട്ടോ ഡ്രൈവർമാർക്ക് ആകെ നാണക്കേടുണ്ടാക്കിയ ക്രിമിനൽ സംഘങ്ങളെപ്പറ്റിയുള്ള വിവരം പുറത്തു വന്നത്.

പിടിയിലായ പ്രതികൾ നാലു പേരും കോട്ടയം നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുകയാണ്. പക്ഷേ, ഓട്ടോറിക്ഷ ഇവർ ഓടിക്കുന്നത് ഇവരുടെ ക്രിമിനൽ നടപടികളുടെ ആവശ്യത്തിനായി മാത്രമാണെന്നതാണ് ഏറെ രസകരം. എന്നാൽ, ഗുണ്ടായിസം നടത്തുന്ന ഇവരെ തള്ളിപ്പറയുകയാണ് സാധാരണക്കാരായ ഓട്ടോ ഡ്രൈവർമാർ.

തങ്ങൾക്കിടയിൽ കടന്നു കയറി ഓട്ടോക്കാരുടെ മുഖം മൂടിയണിഞ്ഞിരുന്ന ക്രിമിനലുകൾ പുറത്തായത് ഇവർക്കും നാണക്കേടായിരുന്നു. ഈ ക്രിമിനലുകളുടെ ചെയ്തികൾ മൂലം തങ്ങൾ മുഴുവനും അപമാനിക്കപ്പെട്ടിരുന്നതായി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ ഡ്രൈവർമാർ പറയുന്നു. വല്ലപ്പോഴും മാത്രമാണ് ഈ പ്രതികൾ സ്റ്റാൻഡിൽ എത്തിയിരുന്നത്. എത്തുന്ന സമയത്താകട്ടെ ഗുണ്ടായിസവും അടിപിടിയും പതിവായിരുന്നു.

ഞങ്ങൾക്ക് രാഷ്ട്രീയമോ, ഗുണ്ടായിസമോ ഇല്ലെന്നും സാധാരണക്കാരാണ് തങ്ങളെന്നുമാണ് ഈ ഓട്ടോഡ്രൈവർമാർ പറയുന്നത്. തങ്ങൾക്കിടയിൽ കടന്നു കൂടുന്ന ക്രിമിനലുകളെ ഒറ്റപ്പെടുത്താൻ പൊലീസിനു സർവ പിൻതുണയും ഉണ്ടെന്നും ഇവർ വ്യക്തമാക്കുന്നുണ്ട്.