
ഇന്ത്യയിലെ 77 ശതമാനം സ്റ്റാർട്ടപ്പുകൾക്കും പ്രിയം എഐ ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ
ദില്ലി : ഇന്ത്യയിലെ 77 ശതമാനം സ്റ്റാര്‍ട്ടപ്പുകളും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ), മെഷീന്‍ ലേണിംഗ് (എംഎല്‍), ഇന്‍റര്‍നെറ്റ് ഓഫ് തിങ്സ് (ഐഒടി), ബ്ലോക്ക്‌ചെയ്‌ന്‍ എന്നിവയില്‍ നിക്ഷേപം നടത്തുന്നതായി റിപ്പോര്‍ട്ട്.
ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റിന്‍റെ സഹകരണത്തോടെ സാപ് ഇന്ത്യയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
അമേരിക്കയ്ക്കും ചൈനയ്ക്കും പിന്നിലായി സ്റ്റാര്‍ട്ടപ്പുകളില്‍ മൂന്നാം സ്ഥാനമുണ്ട് ഇന്ത്യക്ക്. മൂന്ന് ലക്ഷം ടെക് സ്റ്റാര്‍ട്ടപ്പുകളാണ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത് എന്നാണ് കണക്ക്. ഒരു ബില്യണ്‍ ഡോളറിലധികം ബിസിനസുള്ള 113 സ്വകാര്യ സ്റ്റാര്‍ട്ടപ്പുകള്‍ ഇവിടെയുണ്ട്. 72 ശതമാനം സ്റ്റാര്‍ട്ടപ്പുകളും പുത്തന്‍ സാങ്കേതികവിദ്യകളുടെ ഭാഗമോ അവയിലേക്ക് ചേരാനോ ആഗ്രഹിക്കുന്നവയാണ്. ടയര്‍ 2, ടയര്‍ 3 സിറ്റികള്‍ സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളായി മാറുന്നു എന്നും സാപിന്‍റെ റിപ്പോര്‍ട്ട് പറയുന്നു. 40 ശതമാനം ടെക് സ്റ്റാര്‍ട്ടപ്പുകളും പിറവികൊള്ളുന്നത് ടയര്‍ 2, ടയര്‍ 3 നഗരങ്ങളിലാണ്. കുറഞ്ഞ ചിലവില്‍ കമ്ബനികള്‍ നടത്തിക്കൊണ്ടുപോകാന്‍ ഇത് സഹായകമാകുന്നു. ഇന്ത്യയില്‍ കൃഷി ഉള്‍പ്പടെയുള്ള വിവിധ രംഗങ്ങളില്‍ കട്ടിംഗ്-എഡ്‌ജ് ടെക്നോളജികള്‍ വിപ്ലവും സൃഷ്ടിക്കുകയാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് വളരാനാവശ്യമായ അനുകൂല സാഹചര്യമാണ് നിലനില്‍ക്കുന്നത്. എഐയില്‍ 10,000 സ്റ്റാർട്ടപ്പുകള്‍ക്ക് പരിശീലനം നല്‍കാനുള്ള പരിപാടി അടുത്തിടെ ഗൂഗിള്‍ പ്രഖ്യാപിച്ചിരുന്നു. MeitY Startup Hub വഴിയാണ് ഗൂഗിള്‍ പതിനായിരം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എഐയില്‍ പരിശീലനം ചെയ്യുന്നത്. മള്‍ട്ടിമോഡല്‍, ബഹുഭാഷ, മൊബൈല്‍ എന്നീ രംഗങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചാണ് ഗൂഗിള്‍ ഇന്ത്യന്‍ ഡവലപ്പര്‍മാരെ എഐ മേഖലയില്‍ സഹായിക്കുന്നത്.