play-sharp-fill
ബ്രിട്ടണു മുന്നിൽ കാലിടറി; ഇന്ത്യക്ക് വെങ്കലം ഇല്ല; പൊരുതി തോറ്റ് വനിത ഹോക്കി ടീം

ബ്രിട്ടണു മുന്നിൽ കാലിടറി; ഇന്ത്യക്ക് വെങ്കലം ഇല്ല; പൊരുതി തോറ്റ് വനിത ഹോക്കി ടീം

സ്വന്തം ലേഖകൻ

ടോക്യോ: വെങ്കല മെഡൽ നേടാമുള്ള ഉറച്ച ലക്ഷ്യത്തോടെ കളിക്കാനിറങ്ങിയ ഇന്ത്യന്‍ വനിതകള്‍ക്ക് ബ്രിട്ടണു മുന്നിൽ കാലിടറി. മൂന്നിനെതിരേ നാലുഗോളുകള്‍ക്ക് ബ്രിട്ടനാണ് ഇന്ത്യയെ കീഴടക്കിയത്.


ഇന്ത്യയ്ക്കായി ഗുര്‍ജിത് കൗര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ വന്ദന കടാരിയ മൂന്നാം ഗോള്‍ നേടി. ബ്രിട്ടന് വേണ്ടി സിയാന്‍ റായെര്‍, പിയേനി വെബ്, ഗ്രേസ് ബാല്‍സ്ഡണ്‍, സാറ റോബേര്‍ട്സണ്‍ എന്നിവര്‍ സ്‌കോര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കളിയുടെ ആദ്യ മിനിട്ടില്‍ തന്നെ പെനാല്‍ട്ടി കോര്‍ണര്‍ നേടിയെടുക്കാന്‍ ബ്രിട്ടന് സാധിച്ചു. പിന്നാലെ ഗോളെന്നുറച്ച ഒരു ഷോട്ടുതിര്‍ത്തെങ്കിലും ഇന്ത്യന്‍ ഗോള്‍കീപ്പര്‍ സവിത അത് വിഫലമാക്കി.

പിന്നാലെ നിരവധി ആക്രമണങ്ങള്‍ ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന്‍ നടത്തിയെങ്കിലും സവിതയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിരോധം ആ ശ്രമങ്ങളെയെല്ലാം ഇല്ലാതാക്കി. ആദ്യ ക്വാര്‍ട്ടറില്‍ ബ്രിട്ടന് രണ്ട് പെനാല്‍ട്ടി കോര്‍ണറുകള്‍ ലഭിച്ചപ്പോള്‍ ഒന്നു പോലും നേടിയെടുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

രണ്ടാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ബ്രിട്ടന്‍ മത്സരത്തില്‍ ലീഡെടുത്തു. 16-ാം മിനിട്ടില്‍ സിയാന്‍ റായെറാണ് സ്‌കോര്‍ ചെയ്തത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ നിഷ ഗ്രീന്‍ കാര്‍ഡ് കണ്ടതോടെ ഇന്ത്യ രണ്ട് മിനിട്ടിലേക്ക് 10 പേരിലേക്കെത്തി.

ഈ അവസരം മുതലെടുത്ത ബ്രിട്ടന്‍ രണ്ടാം ഗോള്‍ നേടി. 24-ാം മിനിട്ടില്‍ മികച്ച ഫിനിഷിലൂടെ സാറ റോബര്‍ട്സണാണ് ഗോള്‍ നേടിയത്. ഇതോടെ ബ്രിട്ടന്‍ 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

എന്നാല്‍ ഇന്ത്യ ഒരു ഗോള്‍ തിരിച്ചടിച്ചു. 25-ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കോര്‍ണര്‍ ലക്ഷ്യത്തിലെത്തിച്ച് ഗുര്‍ജിത് കൗറാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്.

തൊട്ടുപിന്നാലെ 26-ാം മിനിട്ടില്‍ ഇന്ത്യ ബ്രിട്ടനെ ഞെട്ടിച്ച് സമനില ഗോള്‍ നേടി. ഇത്തവണയും പെനാല്‍ട്ടി കോര്‍ണറിലൂടെ ഗുര്‍ജിത് തന്നെയാണ് ഇന്ത്യയ്ക്ക് വേണ്ടി സ്‌കോര്‍ ചെയ്തത്. ഗുര്‍ജിതിന്റെ ടൂര്‍ണമെന്റിലെ നാലാം ഗോളാണിത്. ഇതോടെ മത്സരം ആവേശത്തിലായി.

തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് മത്സരത്തിലാദ്യമായി ഇന്ത്യ ലീഡെടുത്തു. വന്ദന കടാരിയയാണ് മൂന്നാം ഗോള്‍ കണ്ടെത്തിയത്. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 3-2 എന്ന സ്‌കോറിന് മുന്നിലെത്തി. ഈ അഞ്ച് ഗോളുകളും രണ്ടാം ക്വാര്‍ട്ടറിലാണ് പിറന്നത്. 35-ാം മിനിട്ടില്‍ ബ്രിട്ടന്‍ സമനില ഗോള്‍ കണ്ടെത്തി.

നായിക ഹോളി പിയേനെ വെബ്ബാണ് ബ്രിട്ട്ന് വേണ്ടി മൂന്നാം ഗോള്‍ നേടിയത്. താരം ടോക്യോ ഒളിമ്പിക്സില്‍ നേടുന്ന ആദ്യ ഗോളാണിത്. ഇതോടെ മത്സരം സമനിലയിലായി.

പിന്നീട് ആക്രമണങ്ങളുമായി ബ്രിട്ടീഷ് പെണ്‍നിര ഇന്ത്യന്‍ ഗോള്‍ പോസ്റ്റിന് മുന്നില്‍ ഭീഷണിയുയര്‍ത്തിയപ്പോള്‍ തകര്‍പ്പന്‍ സേവുകളിലൂടെ സവിത ഇന്ത്യയുടെ രക്ഷകയായി. മൂന്നാം ക്വാര്‍ട്ടര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യയും ബ്രിട്ടനും സമനിലയില്‍ പിരിഞ്ഞു.

നാലാം ക്വാര്‍ട്ടറിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ ഉദിതയ്ക്ക് റഫറി മഞ്ഞക്കാര്‍ഡ് വിധിച്ചു. ഈ അവസരം മുതലെടുത്ത് ബ്രിട്ടന്‍ മത്സരത്തില്‍ നിര്‍ണായക ലീഡെടുത്തു. 48-ാം മിനിട്ടില്‍ ഗ്രേസ് ബാള്‍സ്ഡണാണ് നാലാം ഗോള്‍ നേടിയത്. ഇതോടെ ഇന്ത്യയുടെ വെങ്കല പ്രതീക്ഷ അസ്തമിച്ചു.