രാജ്യം യുദ്ധ ഭീതിയിൽ: ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ; ഇറക്കു മതി തീരുവ ഇരട്ടിയാക്കി വർധിപ്പിച്ച് പാക്കിസ്ഥാന് ഇന്ത്യയുടെ പ്രഹരം: യുദ്ധം ആസന്നമെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ലോകരാജ്യങ്ങളുടെയെല്ലാം പിൻതുണ ലഭിച്ചതോടെ കാശ്മീരിൽ ലഭിച്ച തിരിച്ചടിയ്ക്ക് കനത്ത മറുപടി നൽകാൻ ഒരുങ്ങി രാജ്യം. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി തീരുവ 200 ഇരട്ടിയാക്കി വർധിപ്പിച്ചാണ് ഇന്ത്യ ഇപ്പോൾ തിരിച്ചടിച്ചിരിക്കുന്നത്. ഇതുകൂടാതെ ഏത് സാഹചര്യത്തിലും ആക്രമണം നടത്താൻ തീരുമാനം എടുത്ത് സൈന്യം തയ്യാറായി നിൽക്കുമ്പോൾ രാജ്യം യുദ്ധ ഭീതിയിലേയ്ക്ക് എടുത്ത് എറിയപ്പെട്ടു.
സാമ്പത്തികമായും നയതന്ത്രപരമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താൻ തീരുമാനിച്ച കേന്ദ്രസർക്കാർ സൈന്യത്തിന് തിരിച്ചടിക്കാൻ ഉചിതമായി നടപടി കൈക്കൊള്ളാമെന്നും വ്യക്തമാക്കി. ഇന്ത്യയിൽ നിന്നും തിരിച്ചടി ഉണ്ടാകുമെന്ന് ഉറപ്പായതോടെ പാക്കിസ്ഥാനും മുൻകരുതൽ നടപടികൾ കൈക്കൊള്ളുന്നുണ്ട്. സർജിക്കൽ സ്ട്രൈക്ക് നടത്തുന്ന സാഹചര്യം മുന്നിൽ കണ്ട് ഭീകരകേന്ദ്രങ്ങൾ ഒഴിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
പുൽവാമയിൽ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവന് പകരം ചോദിക്കുന്നത് ആളില്ലാവിമാനങ്ങൾ ഉപയോഗിച്ചുള്ള ആക്രമണത്തിലൂടെയായിരിക്കുമെന്ന് സൂചനയാണ് സൈനിക വൃത്തങ്ങൾ നൽകുന്നത്. ഒരിക്കൽ പരീക്ഷിച്ച മിന്നലാക്രമണം ആവർത്തിക്കുന്നത് ആത്മഹത്യാപരമാകുമെന്ന കണക്കുകൂട്ടലിലാണിത്. ഇന്ത്യ തിരിച്ചടിക്കുമെന്ന് ഉറപ്പുള്ളതിനാൽ പാക് സൈന്യവും ഭരണകൂടവും ജാഗ്രതയിലാണ്. അതിർത്തി ലംഘിക്കുന്നത് യുദ്ധത്തിലേക്കടക്കം നയിക്കുമെന്നതിനാൽ അക്കാര്യത്തിലും കരുതലോടെ നീങ്ങാനാണ് സൈനികതീരുമാനം. ആണവായുധങ്ങൾ ഇന്ത്യ ഉപയോഗിച്ചില്ലെങ്കിലും പാക്കിസ്ഥാൻ ഉപയോഗിച്ചേക്കുമെന്നതിനാൽ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണകൂടി ആർജിച്ച ശേഷമാവും കൂടുതൽ നീക്കം.
രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടിനൽകാൻ സേനയ്ക്ക് കേന്ദ്രം അനുവാദം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെനടന്ന യോഗത്തിൽ, തിരിച്ചടിക്കാനുള്ള സമയവും സ്ഥലവും സ്വഭാവവും സംബന്ധിച്ച് തീരുമാനിക്കാൻ സൈനികമേധാവിമാർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യം നൽകിയിരുന്നു. അതിനിടെ, ഓരോ തുള്ളി കണ്ണീരിനും പകരംചോദിക്കുമെന്ന് പ്രധാനമന്ത്രി ശനിയാഴ്ചയും ആവർത്തിച്ചു. ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഉന്നത സൈനികതലത്തിൽ പദ്ധതി ആസൂത്രണംചെയ്യുന്നത്. തിരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ കരസേനയുടെ നേതൃത്വത്തിൽ എല്ലാ സേനകളെയും ഏകോപിപ്പിച്ച് ആളില്ലാവിമാനം ഉപയോഗിച്ചുള്ള ആക്രമണമായിരിക്കും ഉണ്ടാവുകയെന്ന് ഉന്നത സൈനികവൃത്തങ്ങൾ സൂചിപ്പിച്ചു. മിന്നലാക്രമണത്തിന് സമാനമായ ഇത് കൂടുതൽ സുരക്ഷിതമായിരിക്കും.
അന്താരാഷ്ട്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള രാഷ്ട്രീയ കരുനീക്കങ്ങളിലാണ് കേന്ദ്രഭരണകൂടം. ഭീകരർക്ക് സഹായം നൽകുന്നത് ഉടൻ നിർത്തണമെന്ന് അമേരിക്ക വെള്ളിയാഴ്ച പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ 48 രാജ്യങ്ങളും ഇന്ത്യക്ക് പിന്തുണയറിയിച്ചു. നയതന്ത്രതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തിയ ശേഷമാവും ഇന്ത്യയുടെ പഴുതടച്ചനീക്കമെന്നാണ് വിലയിരുത്തൽ.
പാക്കിസ്ഥാനെതിരായ നീക്കങ്ങളെക്കുറിച്ച് ഡൽഹിയിലും ശ്രീനഗറിലും ശനിയാഴ്ച ഉച്ചയ്ക്കുശേഷം ഉന്നതതലയോഗം നടന്നു. ഡൽഹിയിൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ, ആഭ്യന്തരസെക്രട്ടറി രാജീവ് ഗൗബ, റോ മേധാവി എ.കെ. ദാസമന, ഐ.ബി. അഡീഷണൽ ഡയറക്ടർ അരവിന്ദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. രഹസ്യാന്വേഷണവിവരങ്ങളും പാക്കിസ്ഥാന്റെ നീക്കങ്ങളുൾപ്പെടെയുള്ള കാര്യങ്ങളും തന്ത്രങ്ങളും യോഗം ചർച്ചചെയ്തു. ശ്രീനഗറിൽ സിആർപിഎഫ്. ഡയറക്ടർ ജനറൽ ആർ.ആർ. ഭട്‌നാഗറിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ജനറൽ, ഡി.ഐ.ജി.മാർ എന്നിവരുടെ യോഗം നാലുമണിയോടെ തുടങ്ങി. രാത്രി വൈകുംവരെ നീണ്ടു. സേനയുടെ തുടർപ്രവർത്തനങ്ങളാണ് അവലോകനം ചെയ്തത്.
അതേസമയം സൈന്യത്തോട് ഒരുങ്ങിയിരിക്കാനാണ് നൽകിയിരിക്കുന്ന നിർദ്ദേശം. ഇതിന്റ ഭാഗമായി കരസേനയിൽ അവധിയിൽപോയവരെ തിരിച്ചുവിളിച്ചു തുടങ്ങി. മറ്റ് സൈനികവിഭാഗങ്ങളിലോ സിആർപിഎഫ്. പോലുള്ള അർധസൈനികവിഭാഗങ്ങളിലോ തിരിച്ചുവിളിക്കൽ തുടങ്ങിയിട്ടില്ലെങ്കിലും വരും ദിവസങ്ങളിൽ ഉത്തരവിറങ്ങുമെന്നാണ് വിവരം. കശ്മീരിൽ ഹുറിയത്ത് കോൺഫറൻസ് ഉൾപ്പെടെയുള്ള വിഘടനവാദി സംഘടനകളുടെ നേതാക്കൾക്ക് സുരക്ഷയുടെ പേരിൽ സർക്കാർ നൽകിയിട്ടുള്ള സംരക്ഷണം പിൻവലിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ചു.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗവും സർക്കാരിന് സർവ്വ പിന്തുണയും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഐക്യം കാത്തുസംരക്ഷിക്കുന്നതിന് നിർവ്യാജം പ്രവർത്തിക്കുന്ന സൈനിക ഉദ്യോഗസ്ഥർക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗത്തിൽ പ്രമേയം പാസാക്കി. പുൽവാമയിലെ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു. പാക്കിസ്ഥാനെ പേരെടുത്തു പരാമർശിച്ചില്ലെങ്കിലും അതിർത്തി കടന്നെത്തുന്ന ഭീകരവാദത്തെ അയൽരാജ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതായി യോഗം വിലയിരുത്തി. ഈ വെല്ലുവിളികളെ നേരിടാനുള്ള ദൃഢനിശ്ചയത്തിൽ രാജ്യത്തെ എല്ലാവർക്കും ഒരൊറ്റ ശബ്ദമായിരിക്കും.
ഭീകരവാദത്തിനെതിരെ പോരാടുന്നതിനും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനും സൈനികർക്കൊപ്പം എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് വിളിച്ചുചേർത്ത യോഗത്തിൽ കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശർമ, ജ്യോതിരാദിത്യ സിന്ധ്യ, ശിവസേന നേതാവ് സഞ്ജയ് റാവത്ത്, സിപിഐ നേതാവ് ഡി.രാജ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുൽവാമ ഭീകരാക്രമണത്തെ തുടർന്നു സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചതായി ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഭീകരാക്രമണത്തെ തുടർന്നു ജമ്മു കശ്മീരിൽ ഉണ്ടായ ആക്രമണങ്ങൾക്കെതിരെയും യോഗത്തിൽ രാജ്നാഥ് സിങ് ശക്തമായി പ്രതികരിച്ചു. രാജ്യത്ത് ഒരുതരത്തിലുള്ള വർഗീയ കലാപങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നു അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ കസ്റ്റംസ് തീരുവ ഇന്ത്യ കൂട്ടി. 200 ശതമാനമായാണ് കസ്റ്റംസ് തീരുവ ഇന്ത്യ വർധിപ്പിച്ചത്.
സൗഹൃദരാഷ്ട്ര പദവി എടുത്തു കളഞ്ഞതിനു പിന്നാലെയാണ് മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി തീരുവയേക്കാൾ ഇരട്ടിതുക ഇന്ത്യ പാക്കിസ്ഥാനിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് ചുമത്തിയിരിക്കുന്നത്.
പാക്കിസ്ഥാനുമായുള്ള സൗഹ്യദ രാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചതോടെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധത്തിൽ പാക്കിസ്ഥാന് ലഭിച്ചിരുന്ന നികുതിയളവുകൾ പൂർണ്ണമായും ഇല്ലാതായിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനം വർധിപ്പിക്കുകയാണെന്ന് അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു.
പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെയാണ് ഗാട്ട് കരാറനുസരിച്ച് വ്യാപാരബന്ധത്തിന് ഇളവുകൾ നൽകുന്ന ‘സൗഹൃദരാഷ്ട്ര’പദവി ഇന്ത്യ റദ്ദാക്കിയത്. 1996 ലാണ് ഇന്ത്യ പാക്കിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നൽകിയത്.
പഴങ്ങൾ, സിമന്റ്, പെട്രോളിയം ഉത്പന്നങ്ങൾ, ധാതുക്കൾ, തുകൽ എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളാണ് പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുന്നത്. 3482 കോടിയുടെ ഉൽപന്നങ്ങളാണ് 2017-18ൽ കയറ്റുമതി ചെയ്തിരുന്നത്.
കസ്റ്റംസ് തീരുവ വർദ്ധിപ്പിച്ചതോടെ പാക്കിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഈ ഉൽപ്പന്നങ്ങളുടെ വരവ് മന്ദഗതിയിൽ ആകും. വാണിജ്യപരമായും സാമ്ബത്തികമായും പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള നടപടികളുടെ ഭാഗമായാണ് തീരുവ കൂട്ടൽ. ഇന്ത്യയുടെ ഈ നടപടി പാക്കിസ്ഥാന് വൻ തിരിച്ചടിയുണ്ടാക്കും.