നാലാം ടെസ്റ്റ്: ഓസീസ് പ്രതിരോധനത്തിൽ; പരമ്പര നേട്ടം ഉറപ്പിച്ച് ഇന്ത്യ
സ്‌പോട്‌സ് ഡെസ്‌ക്
സിഡ്‌നി: ഓസീസിന്റെ ഭാഗ്യ മൈതാനമായ സിഡ്‌നിയിൽ കളി രണ്ടു ദിവസം അവശേഷിക്കെ നാലാം ടെസ്റ്റിൽ തോൽവി ഒഴിവാക്കാൻ ഓസീസ് പൊരുതുന്നു. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യൻ സ്‌കോറിൽ നിന്നും എറെ അകലെയാണ് ഓസീസ് ബാറ്റിംഗ് നിര. ആറു വിക്കറ്റ് നഷ്ടമായ കളിയിൽ തോൽവി ഒഴിവാക്കാൻ ഓസീസിന് ഇനി രണ്ടു ദിവസം എങ്ങിനെയെങ്കിലും പിടിച്ചു നിന്നേ മതിയാവൂ. ഇന്ത്യ ഉയർത്തിയ പടികൂറ്റൻ ടോട്ടലിൽ നിന്നും 386 റൺ അകലെയാണ് ഓസീസ് ഇപ്പോഴും. ഒന്നാം ഇന്നിംഗ്‌സിൽ നാലു വിക്കറ്റ് മാത്രം ബാക്കി നിൽക്കെ ഫോളോ ഓൺ ഭീഷണിയിലാണ് ഓസീസ്.
സ്‌കോർ –
ഇന്ത്യ 622/7
ഓസ്‌ട്രേലിയ – 236/6
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടാം ദിവസം ഇന്ത്യയുടെ പടുകൂറ്റൻ ടോട്ടലിനെതിരെ പത്ത് ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്ണെന്ന സ്‌കോറിലാണ് രണ്ടാം ദിവസം കളി അവസാനിപ്പിച്ചത്. മൂന്നാം ദിവസം കളി തുടങ്ങിയപ്പോൾ പത്ത് ഓവർ വരെ അമിത പ്രതിരോധത്തിൽ തന്നെ തുടരുകയായിരുന്നു ഓസ്‌ട്രേലിയ. എന്നാൽ, 21 -ാം ഓവറിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് ജാദവ് ഉസ്മാ ഖവാജയെ പൂജാരയുടെ കയ്യിൽ എത്തിച്ച് ഇന്ത്യയ്ക്ക് ആദ്യ ആശ്വാസം നൽകി. 71 പന്തിൽ മൂന്ന് ബൗണ്ടറിയുമായി 27 റൺ മാത്രം എടുത്ത ഖവാജ പുറത്താകുമ്പോൾ 72 റൺ മാത്രമാണ് ഓസീസ് സ്‌കോർ ബോർഡിൽ ഉണ്ടായിരുന്നത്. പിന്നീട് എത്തിയ ലബൂസ്‌ചേഞ്ച് എം.എസ് ഹാരീസിനൊപ്പം (120 പന്തിൽ 79) ചേർന്ന് അതീവ ജാഗ്രതയിലായിരുന്നു മുന്നേറിയിരുന്നത്. സ്‌കോർ 128 ൽ എത്തി നിൽക്കേ ഹാരിസിന്റെ അശ്രദ്ധയ്ക്ക് ജഡേജ വിലയിട്ടു. ബാറ്റിൽ തട്ടിയ പന്ത് ഹാരിസിന്റെ വിക്കറ്റുമായി പറന്നു. പിന്നീട് 144 ൽ ഷോൺ മാർഷും (13 പന്തിൽ 8), 152 ൽ എം.ലബൂസ്‌ചേഞ്ചും (95 പന്തിൽ 38 ) 192 ൽ ടി.എം ഹെഡും (91 പന്തിൽ 28), 198 ൽ ക്യാപ്റ്റൻ പെയിനും (14 പന്തിൽ 5) ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ കീഴടങ്ങി.
ശനിയാഴ്ച വീണ ആറിൽ അഞ്ചു വിക്കറ്റും ഇന്ത്യൻ സ്പിന്നർമാരാണ് വീഴ്ത്തിയത്. ഷോൺ മാർഷിനെ രഹാനെയുടെ കയ്യിൽ ജഡേജ എത്തിയപ്പോൾ, ടിം ഹെഡിനെ കുൽദീപ് സ്വന്തം ബൗളിംഗിൽ പിടികൂടി. ക്യാപ്റ്റൻ പെയിനെ കുൽദീപ് ബൗൾഡ് ചെയ്തു പുറത്താക്കിയപ്പോൾ, എം.ലബൂസ്‌ചേഞ്ചിനെ മുഹമ്മദ് ഷമിയുടെ ബൗളിംഗിൽ ഉജ്വല ക്യാച്ചിലൂടെ രഹാനെ പുറത്താക്കുകയായിരുന്നു.
126 റണ്ണെടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ വീണെങ്കിലും, ഹാൻഡ് കോംബും (91 പന്തിൽ 28), പി.ജെ കുമ്മിസും (41 പന്തിൽ 25) ചേർന്ന് അതീവ ശ്രദ്ധയോടെ ഓസീസ് ബാറ്റിംഗ് നിരയെ മുന്നോട്ടു കൊണ്ടു പോകുകയാണ്. 236 റണ്ണിലെത്തിയിട്ടും ശക്തമായി ഇന്ത്യൻ ബാറ്റിംഗ് നിരയെ നേരിടുകയാണ് ഇരുവരും.
നാലും അഞ്ചും ദിവസങ്ങളിൽ മുഴുവൻ ഇന്ത്യൻ സ്പിന്നർമാരെ നേരിട്ട് നിന്ന് ആദ്യ ഇന്നിംഗ്‌സിൽ ലീഡ് എടുക്കുക എന്ന ഹിമാലയൻ ജോലിയാണ് ഓസീസിനു മുന്നിലുള്ളത്. നാലാം ദിവസം ഓസീസിനെ പുറത്താക്കി ഫോളോ ഓൺ ചെയ്യിച്ച് വിജയം പിടിച്ചു വാങ്ങാനാണ് ഇന്ത്യയുടെ ശ്രമം. ഫോമിലുള്ള ഇന്ത്യൻ ബൗളിംഗ് നിരയ്ക്ക് ഇത് നടത്തിയെടുക്കാനാവും എന്ന ആത്മവിശ്വാസത്തിൽ തന്നെയാണ് ഇന്ത്യൻ ആരാധകർ. കളി സമനില ആയാൽ പോലും ഇന്ത്യയ്ക്ക് പരമ്പര നേടാമെന്നിരിക്കെ മികച്ച മത്സരമാണ് ഇന്ത്യ കാണിക്കുന്നത്. ഇത് കാണികളിൽ ആവേശം ജനിപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസവും 14 വിക്കറ്റും ശേഷിക്കേ ഇന്ത്യയ്ക്ക് വിജയിക്കാനാവുമെന്നാണ് പ്രതീക്ഷ.