സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ ചാരായ വാറ്റു കേസിലെ പ്രതി
സ്വന്തം ലേഖകൻ
നിലമ്പൂർ: ചാരായ വാറ്റുകേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ചുങ്കത്തറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ സുനിൽ കുമാർ കമ്മത്ത് സ്‌കൂളുകളിൽ ലഹരിവിരുദ്ധ ക്ലാസ് എടുക്കുന്നയാൾ. വിദ്യാർത്ഥികൾക്ക് ലഹരിബോധവൽക്കരണ പരിപാടിയായ മുക്തിയുടെ ബോധവൽക്കരണ ക്ലാസെടുക്കാനാണ് സുനിൽ കമ്മത്ത് പോയിരുന്നത്. ഇത് കൂടാതെ എൻ.ജി.ഒ യൂണിൻ അംഗവും ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തകനുമായ ഇയാൾ സർക്കാർ മുൻകൈ എടുത്ത് നടത്തിയ വനിതാ മതിലിന്റെ സംഘാടകനുമായിരുന്നു. ലഹരിയുടെ മായികവലയത്തിൽ വീഴരുതെന്ന് വിദ്യാർത്ഥികളെ ബോധവൽക്കരിച്ച ഉദ്യോഗസ്ഥൻ തന്നെയാണ് വാറ്റ് ചാരായം നിർമ്മിച്ചത്.
ചാലിയാർ പഞ്ചായത്തിലെ പെരുമുണ്ടയിലെ ആൾതാമസമില്ലാത്ത വീട്ടിൽ വച്ച് വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ഇയാൾ പിടിയിലായത്. ഇയാളുടെ ഭാര്യയുടെ പേരിലുള്ളതാണ് വീട്. ഇവിടെ വെളിച്ചം കണ്ട് നാട്ടുകാരുടെ നേതൃത്വത്തിൽ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് എക്സൈസ് കമ്മിഷണറെ വിവരമറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ എക്സൈസ് ഇൻസ്പെക്ടർ കെ.ടി.സജിമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റു ചെയ്തത്. സ്വന്തം ആവശ്യത്തിനായി വാറ്റിയതാണെന്ന് പ്രതി മൊഴി നൽകിയതായി അധികൃതർ പറഞ്ഞു. 40 ലിറ്റർ വാഷും രണ്ട് ലിറ്റർ ചാരായവും കണ്ടെടുത്തിട്ടുണ്ട്. ഗ്യാസ് സിലിണ്ടർ, ഗ്യാസ് അടുപ്പ്, പ്രഷർ കുക്കർ , ബാരൽ, വെള്ളം തിളപ്പിക്കാനുള്ള പാത്രം, കൂളിംഗ് പൈപ്പ് എന്നിവയും പിടിച്ചെടുത്തു. നിലമ്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സുനിൽ കമ്മത്തിനെ കോടതി റിമാന്റ് ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group