
ഇടുക്കി: ഏലപ്പാറയിൽ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ അതിഥി തൊഴിലാളിയെ പീരുമേട് പൊലീസ് അറസ്റ്റ് ചെയ്തു. കോതമംഗലം സ്വദേശി മനുവാണ് കൊല്ലപ്പെട്ടത്.
മനുവിൻ്റെ ഒപ്പം ലോഡ്ജ് റൂമിൽ താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലാണ് അറസ്റ്റിലായത്. മദ്യപാനത്തിനിടെയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനായിരുന്ന മനുവിനെ വ്യാഴാഴ്ച രാവിലെയാണ് ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് പൊലീസിന് മനസ്സിലായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനുവിനൊപ്പം താമസിച്ചിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശി സൈഫുദ്ദീൻ മണ്ഡലിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊലപാതക ശേഷം നാടുവിടാൻ ശ്രമിച്ച സൈഫുദ്ദീനെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
സംഭവം നടന്ന ദിവസം രാത്രി ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെ ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രകോപിതനായ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് മനുവിനെ ആക്രമിക്കുകയായിരുന്നു.
മനുവിന്റെ പുറത്ത് എട്ടുതവണ സൈഫുദ്ദീൻ കത്രിക ഉപയോഗിച്ച് കുത്തി. നിലത്തു വീണ മനുവിനെ സൈഫുദ്ദീൻ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. പുറത്തേറ്റ മുറിവുകളും മുഖത്തേറ്റ പരുക്കുമാണ് മരണകാരണം.
പ്രതി സൈഫുദ്ദീനെ സംഭവസ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയായ സൈഫുദ്ദീനും മനുവിനൊപ്പമാണ് ജോലി ചെയ്തിരുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മനുവിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.







