ഇടുക്കി ഡാം തുറക്കില്ല: ഭീതി വേണ്ടെന്ന് സൂചന; ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറയുന്നു; ഭയപ്പെടുത്താൻ ചിലരുടെ മത്സരം

ഇടുക്കി ഡാം തുറക്കില്ല: ഭീതി വേണ്ടെന്ന് സൂചന; ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറയുന്നു; ഭയപ്പെടുത്താൻ ചിലരുടെ മത്സരം

Spread the love
ശ്രീകുമാർ
തൊടുപുഴ: ദിവസങ്ങളായി സംസ്ഥാനത്തെ മൂന്നു ജില്ലകളെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരുന്ന ആശങ്കയ്ക്ക് വിരാമമാകുന്നു. ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ഡാം ചൊവ്വാഴ്ചയും ബുധനാഴ്ചയും തുറക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങളെല്ലാം നാലും അഞ്ചും യൂണിറ്റ് വാഹനങ്ങളുമായി ഇടുക്കിയിലും, തൊടുപുഴയിലും ക്യാമ്പ് ചെയ്താണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഇതാണ് ഡാം ഇപ്പോൾ തുറന്നുവിടുമെന്ന ഭീതി ഉയർത്തുന്നത്. നിലവിൽ മുല്ലപ്പെരിയാർ ഡാമിലേയ്ക്കുള്ള നീരൊഴുക്കം കുറഞ്ഞിട്ടുണ്ട്. ഇതോടെ ഇവിടെയും ഭീതി ഒഴിഞ്ഞു.
ഇടുക്കിയുടെയും മുല്ലപ്പെരിയാറിന്റെയും വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് കഴിഞ്ഞ ഒരാഴ്ചയായി ഈ രണ്ടു ഡാമുകളും തുറന്നു വിടുമെന്ന പ്രചാരണം കനത്തത്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ സംഭരണ ശേഷി. ജലനിരപ്പ് ഇതുവരെ 2397 അടിയിൽ എത്തിയിട്ടുണ്ട്. 2398 അടിയിൽ സംഭരണശേഷി എത്തിയാൽ ഡാം തുറക്കുമെന്നാണ് മന്ത്രി എം.എം മണി ചൊവ്വാഴ്ച ഇടുക്കിയിൽ പ്രഖ്യാപിച്ചത്. ആവശ്യമെങ്കിൽ ഡാം തുറക്കുന്നതിനു മുന്നോടിയായി അതി ജാഗ്രതാ നിർദേശമായ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഇതെല്ലാം വെറുതെയാകുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇടുക്കി ഡാമിലേയ്ക്കുള്ള നീരൊഴുക്ക് ഇപ്പോൾ നന്നായി കുറഞ്ഞിട്ടുണ്ട്. ഇത് ഡാം തുറന്നു വിടേണ്ടി വരില്ലെന്നാണ് സൂചന.
എന്നാൽ, ആവശ്യമെങ്കിൽ ഡാം തുറന്നു വിടാനുള്ള ക്രമീകരണങ്ങളെല്ലാം ഇടുക്കിയിൽ ജില്ലാ ഭരണകൂടം നടത്തിയിട്ടുണ്ട്. മുന്നൊരുക്കങ്ങൾക്കായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും അഗ്നിരക്ഷാ സേനാ അധികൃതരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ഇടുക്കിയിലേയ്ക്കുള്ള ജലനിരപ്പ് കുറഞ്ഞിട്ടില്ലെങ്കിലും നീരൊഴുക്കിന്റെ ശക്തി ഒരു പരിധിവരെ കുറഞ്ഞിട്ടുണ്ട്. അണക്കെട്ടിന്റെ മുകളിലേയ്ക്കു ജലനിരപ്പ് ഉയരുന്തോറും വെള്ളം സംഭരിക്കാനുള്ള ശേഷി വർധിക്കുകയാണ് ചെയ്യുന്നത്. ആർച്ച് ഡാമായതിനാൽ മുകൾ തട്ടിൽ താഴത്തേതിനേക്കാൾ സംഭരണ ശേഷി കൂടുതലായുണ്ട്. ഇതോടൊപ്പം നിലവിൽ ഇവിടെ സംഭരിക്കുന്ന വെള്ളത്തിന്റെ നിശ്ചിത ശതമാനം വൈദ്യുതി ഉത്പാദനത്തിനായി എടുക്കുന്നുണ്ട്. ഇതുവഴിയും വെള്ളത്തിന്റെ അളവിൽ കുറവ് വരുത്താൻ സാധിക്കും.
ഇതിനിടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 135.6 അടിയായി നിലനിൽക്കുന്നു എന്ന ആശ്വാസകരമായ റിപ്പോർട്ടും പുറത്തു വന്നു. മുല്ലപ്പെരിയാറിലേയ്ക്കുള്ള നീരൊഴുക്ക് 135.6 അടിയായതോടെ ജലനിരപ്പ് 0.2 അടി കുറഞ്ഞിട്ടുണ്ട്. പ്രതിദിനം തമിഴ്‌നാട് 2000 ഘനഅടി വെള്ളം ഇവിടെ നിന്നു കൊണ്ടു പോകുന്നുണ്ട്. എന്നാൽ, 1650 ഘന അടി വെള്ളം മാത്രമാണ് ഇവിടേയ്ക്ക് നിലവിൽ ഒഴുകിയെത്തുന്നത്. രാത്രിയിൽ മഴ പെയ്തില്ലെങ്കിൽ മുല്ലപ്പെരിയാറിലും ഇടുക്കിയിലും യാതൊരു വിധ പ്രതിസന്ധിയും ഉണ്ടാകാൻ ഇടയില്ലന്നാണ് റിപ്പോർട്ടുകൾ.