
വീട്ടു മുറ്റത്ത് വവ്വാൽ ചത്തുവീണതോടെ നിപ പേടിയിൽ പരിഭ്രാന്തരായി വീട്ടുകാരും നാട്ടുകാരും
സ്വന്തം ലേഖിക
കൊച്ചി: വീട്ടുമുറ്റത്ത് വവ്വാൽ ചത്തു വീണത് ആശങ്ക പടർത്തി. എറണാകുളം പള്ളുരുത്തിയിലാണ് സംഭവം. പള്ളുരുത്തി കട്ടത്തറ ജെയ്‌സിംഗിന്റെ വീട്ടുവളപ്പിലാണ് വവ്വാൽ ചത്തു വീണത്. നിപ പേടിയുള്ളതിനാൽ സംഭവം കണ്ടയുടൻ തന്നെ ജെയ്സിംഗ് ആരോഗ്യവകുപ്പ് അധികൃതരെയും പൊതുപ്രവർത്തകരെയും വിവരമറിയിച്ചു. പ്രാദേശിക ആരോഗ്യ കേന്ദ്രത്തെ അറിയിക്കാനായിരുന്നു ആരോഗ്യവകുപ്പിൽനിന്നുള്ള നിർദേശം. ഉടനെ കൊച്ചി നഗരസഭയുടെ ഹെൽത്ത് വിഭാഗത്തെ വിവരമറിയിച്ചു.വിവരമറിഞ്ഞ് ഹെൽത്ത് ഇൻസ്പെക്ടർ രബീഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വവ്വാലിനെ മറവ് ചെയ്തു. എന്നാൽ വവ്വാലിനെ വീട്ടുമുറ്റത്ത് മറവു ചെയ്താൽ കുഴപ്പമാകുമോ എന്നായി വീട്ടുകാരുടേയും നാട്ടുകാരുടേയും അടുത്ത പേടി. വിവരം അറിഞ്ഞ് പൊതുപ്രവർത്തകരെത്തുകയും നഗരസഭയുടെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണെ വിവരം അറിയിക്കാൻ ശ്രമിച്ചു. എന്നാൽ അവർ ഫോൺ എടുക്കാത്തതിനെ തുടർന്ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു.ഇതിനെ തുടർന്ന് വീണ്ടും ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. വവ്വാലിനെ കുഴിച്ചിടുന്നതിനു മുമ്പ് നിപയുമായി ബന്ധപ്പെട്ട പ്രത്യേക വിഭാഗത്തെ അറിയിക്കണമെന്ന് അവർ നിർദേശിച്ചു. പിന്നീട് വെറ്ററിനറി ഡോക്ടറെ വിവരമറിയിക്കാൻ വീണ്ടും ഡിഎംഒയുടെ ഓഫീസിൽ നിന്നും നിർദ്ദേശം നൽകി. നിപ മൂലം വവ്വാൽ ചാകില്ലെന്നും, ചത്ത വവ്വാലിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്നും പള്ളുരുത്തിയിലെ വെറ്ററിനറി ഡോക്ടർ അന്തിമ തീർപ്പ് പറഞ്ഞതോടെയാണ് വീട്ടുകാരുടേയും നാട്ടുകാരുടേയും ശ്വാസം നേരെ വീണത്.