
100-)o വയസ്സിലേക്ക് ചുവടും വെയ്ക്കും മുൻപേ കോവിഡ് മഹാമാരി പൂട്ടിട്ട ആനന്ദമന്ദിരം; ‘ബെസ്റ്റോട്ടല്‍’ ആഗസ്റ്റ് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും; കോട്ടയത്തിന്റെ മുഖമുദ്രയായി നിന്നിരുന്ന ഹോട്ടലുകള്‍ക്ക് താഴുവീണ് തുടങ്ങി; കോവിഡിൽ തകർന്ന് ഹോട്ടൽ വ്യവസായം; ഇനിയില്ലാ കോട്ടയത്തിന്റെ രുചികൾ
സ്വന്തം ലേഖകൻ
കോട്ടയം: കോവിഡ് പ്രതിസന്ധിയെ തുടർന്ന് കോട്ടയത്തിന്റെ മുഖമുദ്രയായി നിന്നിരുന്ന ഹോട്ടലുകള്‍ക്ക് താഴുവീണ് തുടങ്ങി.
ഫിൽറ്റർ കോഫിയും മസാലദോശയും വാഴയിലയില്‍ വിളമ്പുന്ന ഊണും കോട്ടയംകാർക്ക് നല്ല അസൽ രുചിയിൽ സമ്മാനിച്ച, തിരുനക്കര മഹാദേവ ക്ഷേത്രത്തിനുസമീപത്തെ വെജിറ്റേറിയന്‍ ഹോട്ടലായ ‘ന്യൂ ആനന്ദ മന്ദിരം’ കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹോട്ടല്‍ അടഞ്ഞുകിടക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രുചിഭേദങ്ങൾക്കപ്പുറം കോട്ടയത്തിന്റെ സംസ്കാരിക ചരിത്രത്തിലും ഇടമുള്ള ഭക്ഷണശാല ആയിരുന്നു ആനന്ദമന്ദിരം. 1923ല്‍ കൊടുപ്പുന്ന സ്വദേശി വേലായുധപിള്ളയാണ് എസ്.എന്‍.വി എന്ന പേരില്‍ ഹോട്ടല്‍ തുടങ്ങിയത്. വേലായുധപിള്ളയുടെ മകള്‍ രാജമ്മയുടെ ഭര്‍ത്താവ് ഗോപാലപിള്ളയാണ് തൊണ്ണൂറുകളിൽ എസ്.എന്‍.വി ആനന്ദ മന്ദിരമാക്കുന്നത്.
ഗോപാലപിള്ളയുടെ മകന് രാജേന്ദ്രനായിരുന്നു ഇപ്പോഴത്തെ അമരക്കാരൻ. സാഹിത്യകാരന്മാരും രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരും ഒത്തുചേരുന്ന, ഇടം കൂടിയായിരുന്നു ഇവിടം.
98 വര്‍ഷം പഴക്കമുള്ള ആനന്ദമന്ദിരം 100ാം വയസ്സിലേക്ക് ചുവടും വെക്കുംമുൻപാണ് കോവിഡ് തകർത്തുകളഞ്ഞത്. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതടക്കം മുടങ്ങിയപ്പോഴാണ് ആനന്ദമന്ദിരത്തിനു പൂട്ട് വീണത്.
കോട്ടയം നഗരത്തിലെ പ്രശസ്തമായ ‘ബെസ്റ്റോട്ടല്‍’ ആഗസ്റ്റ് 31ന് പ്രവര്‍ത്തനം അവസാനിപ്പിക്കും. മറ്റൊരു വെജിറ്റേറിയന്‍ ഹോട്ടലും കഴിഞ്ഞ ദിവസം പൂട്ടി. കോട്ടയത്തിന്റെ മുഖമുദ്രയായി നിന്നിരുന്ന ഹോട്ടലുകള്‍ പൂട്ടാന്‍ ഉടമകളെ പ്രേരിപ്പിച്ചത് കോവിഡ് സമ്മാനിച്ച കനത്ത നഷ്ടമാണ്.
ജില്ലയില്‍ 30 ശതമാനം ഹോട്ടല്‍ തുറന്നു പ്രവർത്തിക്കുമ്പോൾ 70 ശതമാനം ഹോട്ടലുകളും അടഞ്ഞുകിടക്കുകയാണ്. തുറന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകളാകട്ടെ കനത്ത നഷ്ടത്തിലും.
നഗര- ഗ്രാമ പ്രദേശങ്ങളില്‍ ഇരുനൂറോളം ചെറുകിട ഹോട്ടലുകള്‍ പൂട്ടിപ്പോയി. ചെറുതും വലുതുമായി രണ്ടായിരത്തിനടുത്ത് ഹോട്ടലാണ് ജില്ലയിലുള്ളത്. ഇവയില്‍പെടാത്ത അഞ്ഞൂറോളം തട്ടുകടകൾ വേറെയുമുണ്ട്. തട്ടുകടകൾ ഏതാണ്ട് പൂർണ്ണമായും പൂട്ടിയ അവസ്ഥയിലാണ്.
പാര്‍സല്‍ നല്കണമെങ്കിൽ പോലും നാലുപേർ ജോലിക്ക് വേണം. പാചകവാതക- അവശ്യസാധനങ്ങൾ – വൈദ്യുതി, വെള്ളം നിരക്കുകൾ വേറെ. തദ്ദേശസ്ഥാപനങ്ങള്‍ കെട്ടിടനികുതി കുറച്ചുനല്കിയില്ലെന്നും ഹോട്ടലുടമകള്‍ തേർഡ് ഐ ന്യൂസിനോട് പറഞ്ഞു.
ആളുകളെ ഇരുത്തി ഭക്ഷണം നല്കാന് കഴിഞ്ഞാല്‍ തല്‍ക്കാലത്തേക്ക് ആശ്വാസമാകുമെന്നാണ് ഹോട്ടലുടമകളുടെ പ്രതീക്ഷ. 50 ശതമാനം ആളുകളെ ഇരുത്തി ഭക്ഷണം നല്കാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.എല്‍.എമാര്‍ക്ക് നിവേദനം നല്‍കുകയാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റാറന്റ് അസോസിയേഷന്. ജില്ലയിലെ എം.എല്‍.എമാര്‍ക്ക് അതത് ജില്ല യൂണിറ്റുകള്‍ നിവേദനം നൽകിത്തുടങ്ങി.
ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ക്കെല്ലാം വാക്സിനും ലഭ്യമാക്കുന്നുണ്ട്.
പരമ്പരാഗത രീതിയില്‍ ഭക്ഷണം നല്കുന്ന ഹോട്ടലുകളാണ് പിടിച്ചുനില്ക്കാന് പാടുപെടുന്നത്. പാര്‍സല്‍ സര്‍വിസും ഓണ്‍ലൈന്‍ ഡെലിവറിയും ലഭിക്കുന്ന ന്യൂജൻ ഹോട്ടലുകൾ വലിയ പരിക്കുകൾ ഇല്ലാതെ പിടിച്ച് നിൽക്കുന്നുണ്ട്.