ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി: അന്തർ ജില്ലാ ബസ് സർവീസുകൾ അനുവദിച്ചു; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകളുമായി സർക്കാർ
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവു നൽകാൻ സർക്കാർ തീരുമാനം. സംസ്ഥാന സർക്കാരിന്റെ വിദഗ്ധ സമിതിയുടെ നിർദേശം സംസ്ഥാനത്തു നിന്നും കേന്ദ്ര സർക്കാരിന് അയച്ചു നൽകിയിട്ടുണ്ട്. ഈ നിർദേശങ്ങൾക്കു കേന്ദ്രം അനുമതി നൽകുന്ന മുറയ്ക്കു കൂടുതൽ ഇളവ് അനുവദിക്കുന്നതിനാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിന്റെ വിശദവിവരങ്ങൾ വൈകിട്ട് നടക്കുന്ന പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ ജില്ലയ്ക്കുള്ളിലെ യാത്രകളാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങളിൽ യാത്ര ചെയ്യുന്നതിനു കേന്ദ്ര സർക്കാർ അനുവാദം നൽകിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ജില്ലയ്ക്കുള്ളിൽ സർവീസ് നടത്താൻ ബസുകൾക്കു അനുവാദം നൽകിയിരിക്കുന്നത്. അന്തർ ജില്ലാ ബസ് സർവീസുകളാണ് അനുവദിച്ചിരിക്കുന്നത്. ബസുകളുടെ നിരക്കിൽ അൻപത് ശതമാനം വർദ്ധനവ് ഉണ്ടാകുമെന്നും സൂചന ലഭിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ട്രെയിൻ സർവീസുകൾ ഭാഗീകമായി തുടങ്ങിയ സാഹചര്യം കണക്കിലെടുത്ത് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് നടത്താമെന്നാണ് സംസ്ഥാന സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. അന്തർ സംസ്ഥാന യാത്രകൾ റോഡ് മാർഗം അനുവദിക്കില്ലന്നും വിദഗ്ധ സമിതി പറയുന്നു.
ഹോട്ടലുകളും ഭക്ഷണശാലകളും തുറന്നു നൽകുന്നതിനും തീരുമാനമായിട്ടുണ്ട്. നിലവിൽ ഇവിടങ്ങളിൽ പാഴ്‌സൽ സർവീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം നൽകുമെങ്കിലും കടുത്ത നിയന്ത്രണങ്ങൾ ഉണ്ടാകും. കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളിൽ പരിശോധനയും ഉണ്ടാകും.
ആരാധനായലങ്ങൾ തുറക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടാകില്ല. വിവിധ കോണുകളിൽ നിന്നും ആരാധനാലയങ്ങൾ തുറക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ, ഇത് തുറക്കുന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
സംസ്ഥാനത്തിന്റെ വിദഗ്ധ സമിതി യോഗത്തിന്റെ റിപ്പോർട്ട് കേന്ദ്ര സർക്കാരിന് അയച്ചു നൽകും. കേന്ദ്ര സർക്കാർ അനുവാദം നൽകിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ.