
ജോലിയുടെ ഓട്ടപ്പാച്ചിലിനിടയിൽ വീട് ക്രമമായി വൃത്തിയാക്കാൻ പലർക്കും സമയവും സാവകാശവും ലഭിക്കാറില്ല. അതിനാൽ ഒരു അവധിദിവസം കിട്ടിയാൽ വീട് വൃത്തിയാക്കാൻ വേണ്ടി മാറ്റി വയ്ക്കും. വീട് വൃത്തിയാക്കുന്നത് ഹാപ്പി ഹോർമോണുകളെ സജീവമാക്കി മനസ്സിന് സന്തോഷം നൽകുന്ന പ്രവൃത്തി കൂടിയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചുചെയ്താൽ ഒട്ടും മടുപ്പില്ലാതെ വീടും അകത്തളങ്ങളും വൃത്തിയാക്കിയിടാവുന്നതേയുള്ളൂ.
ടൈമർ സെറ്റ് ചെയ്യാം
എത്ര ചെയ്താലും തീരാത്ത പണി എന്ന തോന്നലാണ് വൃത്തിയാക്കലിൽ നിന്നും പലരെയും പിന്തിരിപ്പിക്കുന്നത്. ഇതിനായി ചെലവാക്കുന്ന സമയം കൃത്യമായി കണക്കാക്കി അതിനുള്ളിൽ തീർക്കും എന്ന് നിശ്ചയപ്പെടുത്തിയാൽ സമയം ലാഭിച്ചതായി തോന്നും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനായി ടൈമർ സെറ്റ് ചെയ്യാം. ഉദാഹരണത്തിന് 10 മിനിറ്റിനുള്ളിൽ അടുക്കളയിലെ കൗണ്ടർ ടോപ്പ് വൃത്തിയാക്കും എന്നുറപ്പിച്ച് ടൈമർ സെറ്റ് ചെയ്യുക. വൃത്തിയാക്കലിന് ഉത്സാഹം തോന്നും. ടൈമർ അവസാനിക്കും മുമ്പ് ജോലി പൂർത്തിയാക്കണമെന്ന ചിന്തയിൽ ഊർജ്ജത്തോടെ വൃത്തിയാക്കാനുമാവും.
നിസ്സാര കാര്യങ്ങൾ മാറ്റിവയ്ക്കേണ്ട
ഡൈനിങ് ടേബിൾ തുടച്ചിടുന്നതും ഫ്രിജിന്റെ പുറംഭാഗം തുടയ്ക്കുന്നതും സിങ്ക് ഉരച്ചു കഴുകുന്നതും പോലെയുള്ള അഞ്ച് മിനിറ്റിൽ താഴെ മാത്രം സമയം ആവശ്യമുള്ള ജോലികൾ പിന്നത്തേക്ക് മാറ്റിവയ്‌ക്കേണ്ട. ജോലിക്കിടെ അധികമായി കിട്ടുന്ന സമയം ഇത്തരം ജോലികൾക്കായി നീക്കി വയ്ക്കാം.
ഉദാഹരണത്തിന് വെള്ളം തിളപ്പിക്കാൻ സ്റ്റൗവിൽ വച്ചശേഷം കാത്തുനിൽക്കുന്ന സമയംകൊണ്ട് ഇവയിൽ ഏതെങ്കിലും ഒന്ന് ചെയ്തുതീർക്കാനാവും.
ക്ലീനിങ് ഷെഡ്യൂൾ തയ്യാറാക്കാം
എവിടെ, എങ്ങനെ തുടങ്ങണം എന്നതാണ് പലരെയും വൃത്തിയാക്കലിനിറങ്ങുമ്പോൾ ആശങ്കയിലാക്കുന്ന പ്രധാന കാര്യം. അതിന് കൃത്യമായ ക്ലീനിങ് ഷെഡ്യൂൾ ഉണ്ടാക്കാം. അതായത് ഓരോ വൃത്തിയാക്കൽ ജോലിക്കും ഓരോ ദിവസം നീക്കിവയ്ക്കാം.
തിങ്കളാഴ്ച ദിവസങ്ങൾ ജനാലകളിലെയും മേശയിലെയും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ദിവസമായി മാറ്റിവയ്ക്കാം. ചൊവ്വാഴ്ചകൾ ബാത്റൂം ഡീപ് ക്ലീൻ ചെയ്യാൻ നീക്കിവയ്ക്കാം. ബുധനാഴ്ച അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ ശ്രമിക്കാം. ഇങ്ങനെ ഓരോ ദിവസത്തേക്കും ഓരോ ജോലി നീക്കി വച്ചാൽ എല്ലാംകൂടി ഒരു ദിവസം ചെയ്തു തീർക്കുന്നതിൻ്റെ ബുദ്ധിമുട്ട് ഒഴിവാക്കാനാവും.
ഞായറാഴ്ച ദിവസം വിട്ടുപോയ ഏതെങ്കിലും ജോലി ചെയ്യുന്നതിന് വേണ്ടി മാത്രമായി ഒഴിച്ചിടുക. വൃത്തിയാക്കൽ പൂർത്തിയായ പക്ഷം ഞായറാഴ്ച വിശ്രമിക്കാനും സാധിക്കും. ഈ ഷെഡ്യൂൾ എല്ലാ ആഴ്ചയും കൃത്യമായി പിന്തുടർന്നാൽ അരമണിക്കൂറിൽ താഴെ മാത്രം സമയം കൊണ്ട് ഓരോ ഭാഗവും വൃത്തിയാക്കിയിടാൻ സാധിക്കും.
വൃത്തിയാക്കാനുള്ള സാധനങ്ങൾ റെഡിയാക്കി വയ്ക്കാം
വൃത്തിയാക്കലിന് വേണ്ട വസ്തുക്കൾ തിരഞ്ഞു നടന്ന് സമയം ഏറെ പാഴാക്കുന്നവരുണ്ട്. ഓരോ മുറിക്കും ആവശ്യമായ ക്ലീനിങ് വസ്തുക്കൾ സൂക്ഷിക്കുന്നതിന് അതാത് റൂമിൽ ചെറിയ ബാസ്ക്കറ്റ് ഉൾപ്പെടുത്താം. അതായത് അടുക്കളയിൽ ഡിഷ് വാഷും ബാത്റൂമിൽ ടോയ്‌ലറ്റ് ക്ലീനറും വയ്ക്കുന്നതുപോലെ ലിവിങ് റൂമിലെ ഷെൽഫിനുള്ളിൽ ഡസ്റ്റിങ് ക്ലോത്ത്, ഗ്ലാസ് ക്ലീനർ തുടങ്ങിയവ സൂക്ഷിച്ചുവയ്ക്കാം.
ഈ രീതി പിന്തുടർന്നാൽ ദൈനംദിന ജോലികളുടെ ഭാഗമായിത്തന്നെ വൃത്തിയാക്കൽ കൊണ്ടുപോകാൻ സാധിക്കും. അപ്രതീക്ഷിതമായി ഏതെങ്കിലും ഭാഗം വൃത്തികേടാകുന്ന സാഹചര്യത്തിൽ കയ്യെത്തുന്ന അകലത്തിൽ തന്നെ ക്ലീനിങ് വസ്തുക്കൾ ഉണ്ടെങ്കിൽ പിന്നത്തേക്ക് മാറ്റിവയ്ക്കാതെ വൃത്തിയാക്കൽ നടക്കുകയും ചെയ്യും.
കറകൾ പറ്റിപ്പിടിക്കാതെ നീക്കം ചെയ്യാം
തറയിലോ മറ്റു പ്രതലങ്ങളിലോ കറയോ പാടുകളോ പറ്റിപിടിച്ചിരിക്കുന്നത് കണ്ടാൽ അത് ഉണങ്ങുന്നതിനു മുൻപ് ഉടൻതന്നെ നീക്കം ചെയ്യുന്നത് ജോലി എളുപ്പമാക്കാൻ സഹായിക്കും.
ടോപ് ടു ബോട്ടം റൂൾ
ഏതൊരു ഭാഗം വൃത്തിയാക്കുമ്പോഴും സീലിങ്ങിൽ നിന്നും തറയിലേക്ക് എന്ന ക്രമത്തിൽ മാത്രം വൃത്തിയാക്കാൻ ശ്രദ്ധിക്കുക. അതായത് സീലിങ്ങിലെ ചിലന്തിവലയും ഫാനിലെ പൊടിപടലങ്ങളും തുടച്ചശേഷം കർട്ടനുകൾ, ഫർണിച്ചർ പ്രതലങ്ങൾ, ഒടുവിൽ ഫ്ലോർ എന്നീ ക്രമത്തിൽ വൃത്തിയാക്കി പോകുന്നതാണ് എളുപ്പം.







