സ്വന്തം ലേഖിക
അടൂര്‍: ഹോളിക്രോസ് ആശുപത്രിയുടെയും ഡോ. ജയന്റെയും ചികില്‍സാപ്പിഴവ് സംബന്ധിച്ച് നിരവധി പരാതികള്‍ ഇപ്പോൾ ഉയര്‍ന്നു വരുന്നത്.
തൈറോയ്ഡ് ശസ്ത്രക്രിയക്കിടെ കല എന്ന വില്ലേജ് ഓഫീസർ മരിക്കുന്നത് വരെ അടൂര്‍ ഹോളിക്രോസ് ആശുപത്രിയെ കുറിച്ച് ആർക്കും പരാതിയില്ലായിരുന്നു. ഇപ്പോൾ ഗര്‍ഭാശയം നീക്കാന്‍ ശസ്ത്രക്രിയയ്ക്ക് ചെന്ന വീട്ടമ്മയുടെ ചെറുകുടല്‍ മുറിച്ചു നീക്കിയെന്ന പരാതിയാണ് ഉയർന്നു വരുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍ അടൂര്‍ പൊലീസ് ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരേ കേസ് എടുത്തു. പെരിങ്ങനാട് പുത്തന്‍ചന്ത പോത്തടി ഗ്രേസ് വില്ലയില്‍ ലീലാമ്മ(62) മാത്യുവാണ് പരാതിക്കാരി.
കഴിഞ്ഞ വര്‍ഷം ഉണ്ടായ ചികില്‍സാപ്പിഴവിന് ആദ്യം പരാതി നല്‍കിയപ്പോള്‍ നഷ്ടപരിഹാരം ആശുപത്രി വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് നല്‍കാതെ വന്നതോടെയാണ് ഇവര്‍ വീണ്ടും പരാതി നല്‍കിയത്. ഡോ. ജയന്‍ സ്റ്റീഫനാണ് ശസ്ത്രക്രിയ നടത്തിയത് എന്നാണ് ഇവര്‍ പറയുന്നത്.
പക്ഷേ, ആശുപത്രി രേഖകളില്‍ ഡോ. സുരേഷിന്റെ പേരാണുള്ളത്. അതു കൊണ്ടു തന്നെ കേസ് എടുത്താലും കൂടുതല്‍ നടപടി ഒന്നുമുണ്ടാകാന്‍ സാധ്യതയില്ല.
2020 സെപ്റ്റംബര്‍ 11-നാണ് ലീലാമ്മ മാത്യൂഗര്‍ഭാശയം നീക്കാനുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയക്ക് വിധേയയാകുന്നത്. ഡോ.ജയന്‍ സ്റ്റീഫന്‍ ആയിരുന്നു ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്ന് വാര്‍ഡിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ ലീലാമ്മയുടെ ആരോഗ്യസ്ഥിതി വഷളായി. തുടര്‍ന്ന് ഹോളിക്രോസ് ആശുപത്രി അധികൃതര്‍ തന്നെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിച്ചു.
13-ന് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ നടന്ന പരിശോധനയില്‍ ഹോളിക്രോസില്‍ നടന്ന ശസ്ത്രക്രിയയില്‍ ലീലാമ്മയുടെ ചെറുകുടല്‍ മുറിഞ്ഞുവെന്നും ഇതിന്റെ ഫലമായി അണുബാധ ഉണ്ടായെന്നും അവിടെയുള്ള ഡോക്ടര്‍മാര്‍ പറഞ്ഞു. കരള്‍, മറ്റ് ആന്തരിക അവയവങ്ങള്‍ എന്നിവിടങ്ങളിലേക്കും അണുബാധ വ്യാപിച്ചു.
ജീവന്‍ രക്ഷിക്കാന്‍ അടിയന്തിരമായി മറ്റൊരു ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു ശസ്ത്രക്രിയ കൂടി നടത്തി. 40 ദിവസത്തെ ചികില്‍സയ്ക്ക് ശേഷമാണ് വിടുതല്‍ കിട്ടിയത്. ഈ ശസ്ത്രക്രിയക്കു മാത്രം 13,78,768 ലക്ഷം രൂപ ചെലവായതായി ലീലാമ്മയുടെ ഭര്‍ത്താവ് മാത്യു പറഞ്ഞു.
തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സ നടക്കുമ്പോള്‍ തന്നെ ലീലാമ്മയുടെ ചികിത്സാ പിഴവിലെ അപാകത ചൂണ്ടിക്കാട്ടി മാത്യു അടൂര്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ഡോ.ജയന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള ആശുപത്രി അധികൃതര്‍ സ്റ്റേഷനിലെത്തി നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു.
പക്ഷെ പിന്നീട് ഈ വാഗ്ദാനത്തില്‍ നിന്നും ഹോളീക്രോസ് ആശുപത്രി അധികൃതര്‍ മാറി. തുടര്‍ന്ന് നടന്ന അനുരഞ്ജന ചര്‍ച്ചയില്‍ ഏഴ് ലക്ഷം നല്‍കാമെന്നു പറഞ്ഞെങ്കിലും അതും നല്‍കിയില്ല. പണം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ മാത്യുവിനോടും കൂടെ ചെന്നവരോടും ആശുപത്രി അധികൃതര്‍ മോശമായി പെരുമാറിയതായും മാത്യു പറയുന്നു.
എന്നാല്‍, വിദഗ്ധ ചികില്‍സയ്ക്ക് ഡീലക്‌സ് സൗകര്യങ്ങളാണ് ലീലാമ്മ പ്രയോജനപ്പെടുത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട ഭാരിച്ച ചെലവ് വഹിക്കാന്‍ കഴിയുമായിരുന്നില്ലെന്നുമാണ് ഹോളി ക്രോസ് ആശുപത്രി അധികൃതരുടെ പ്രതികരണം.
ഡോ. ജയന്‍ സ്റ്റീഫന്‍ ഹോളിക്രോസ് ആശുപത്രിയില്‍ നടത്തുന്ന ഏത് ശസ്ത്രക്രിയയുടെയും ഉത്തരവാദിത്തം ഡോ. സുരേഷിന്റെ തലയിലാണ്. ജയന്‍ സര്‍ക്കാര്‍ ഡോക്ടര്‍ ആയതിനാലാണ് രേഖകളില്‍ സുരേഷിന്റെ പേര് വയ്ക്കുന്നത്.
വയറ്റിലെ ശസ്ത്രക്രിയയ്ക്ക് ചെന്ന വീട്ടമ്മയുടെ ഗര്‍ഭ പാത്രം നീക്കിയ സംഭവം ഉണ്ടായെങ്കിലും ബന്ധുക്കള്‍ പരാതി നൽകിയിരുന്നില്ല. വാഹനാപകടത്തില്‍ കാലിന്റെ ഉപ്പൂറ്റി തകര്‍ന്ന യുവാവിന്റെ ശസ്ത്രക്രിയയും പരാജയപ്പെട്ടു. പരുക്കില്ലാത്ത കാലില്‍ നിന്ന് മാംസം ഗ്രാഫ്ട് ചെയ്ത് നടത്തിയ ശസ്ത്രക്രിയയും പരാജയപ്പെട്ടു. കാല്‍ മുറിച്ചു നീക്കേണ്ടി വന്നു. മാംസമെടുത്ത കാലിനും പഴുപ്പ് കയറി.
ഈ സംഭവമൊന്നും പരാതിയായി എത്തിയിരുന്നില്ല. വില്ലേജ് ഓഫീസറുടെ മരണം വിവാദമായതോടെയാണ് എല്ലാം സംഭവങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുന്നത്.