കനത്ത മഴ: നാലു ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി: പരീക്ഷകൾ മാറ്റി വച്ചു

കനത്ത മഴ: നാലു ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി: പരീക്ഷകൾ മാറ്റി വച്ചു

സ്വന്തം ലേഖകൻ
കോട്ടയം: കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, തൃശൂർ, എറണാകുളം, ആലപ്പുഴ ജില്ലകളിൽ സ്‌കൂളുകൾക്ക് അതത് കളക്ടർമാർ അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന മൂന്നു സ്‌കൂളിനു മാത്രമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മഴയെ തുടർന്ന് എം.ജി സർവകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിട്ടുണ്ട്.
വടക്കുകിഴക്കൽ കാലവർഷം ശക്തമായി തുടരുന്നതിനാലും, കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലുമാണ് തിരുവനന്തപുരം ജില്ലയിൽ ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണൻ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്ര സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് പത്രക്കുറിപ്പിൽ ജില്ലാ കളക്ടർ അറിയിച്ചു.
എറണാകുളം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങൾ അടക്കം വെള്ളത്തിൽ ആയതോടെയാണ് ജില്ലയിൽ ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
തൃശൂരിലും സമാന സ്ഥിതിയായതിനാലാണ് ഇവിടെയും അവധി പ്രഖ്യാപനം.
എന്നാൽ, കോട്ടയം ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെ മഴ നിയന്ത്രണ വിധേയമായിരുന്നു.
രണ്ടു ദിവസം കൂടി ജില്ലയിൽ യെല്ലോ അലേർട്ട് തുടരുമെന്നാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം നൽകുന്ന സൂചന. എന്നാൽ, ഇതുവരെയും ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ട സാഹചര്യമില്ലെന്നാണ് വില്ലേജ് ഓഫിസുകളിൽ നിന്നുള്ള റിപ്പോർട്ട്.
കടുത്തുരുത്തിയിലും, വൈക്കത്തും, പെരുമ്പായിക്കാട്ടും മാത്രമാണ് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. ഇതിൽ രണ്ടിടത്തു മാത്രമാണ് ക്യാമ്പുകൾ സ്‌കൂളിലുള്ളത്. ഈ സ്‌കൂളുകൾക്കു മാത്രമാണ് ജില്ലാ കളക്ടർ പി.കെ സുധീർ ബാബു അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
വൈക്കം താലൂക്കിൽ കുറുപ്പന്തറ കമ്മ്യൂണിറ്റി  ഹാളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ 14 കുടുംബങ്ങളലെ 48 അംഗങ്ങളാണ് ഉള്ളത്.
കടുത്തുരുത്തി ഗവ.വി.എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്ന ക്യാമ്പിൽ 12 കുടുംബങ്ങളിലെ 48 പേർ താമസിക്കുന്നുണ്ട്. പെരുമ്പായിക്കാട് വില്ലേജിലെ സംക്രാന്തി എസ്.എൻ.എൽ.പി സ്‌കൂളിലെ ക്യാമ്പിൽ മൂന്നു കുടുംബങ്ങളിലെ എട്ടു പേരും താമസിക്കുന്നു.