ചുഴലിക്കാറ്റിൽ ഒഴുകിപ്പോയത് രണ്ടു കോടി

ചുഴലിക്കാറ്റിൽ ഒഴുകിപ്പോയത് രണ്ടു കോടി

സ്വന്തം ലേഖകൻ

കോട്ടയം: കനത്തമഴയിലും ചുഴലിക്കാറ്റിലും ഇടിയിലും മിന്നലിലും കോട്ടയത്ത് ഒഴുകിപ്പോയത് രണ്ടു കോടിയിലധികം രൂപ. വീടുകളും കെട്ടിടങ്ങളും മരങ്ങളും കൃഷിയും വൻ തോതിൽ നശിച്ചതോടെ നഗരത്തിന്റെ ഒരു ഭാഗം തന്നെ തകർന്നു തരിപ്പണമായി. മൂന്ന് വില്ലേജുകളിലായി 300 ഓളം വീടുകൾ തകർന്നു. നാല് വൈദ്യുതി സെക്ഷനുകളിലായി 107 വൈദ്യുത പോസ്റ്റുകളും ഒടിഞ്ഞുവീണു. ആയിരത്തോളം മരങ്ങളും കടപുഴകി വീണു. രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പെരുമ്പായിക്കാട്, വേളൂർ, കോട്ടയം, അയ്മനം വില്ലേജുകളിലാണ് ഏറെ നഷ്ടം. നഗരസഭയുടെ 9,10,11,12,50,51,52 വാർഡുകളിലും വാരിശേരി, ചുങ്കം, പുല്ലരിക്കുന്ന്, എസ്.എച്ച് മൗണ്ട്, മള്ളൂശേരി, നാഗമ്പടം, തൂത്തൂട്ടി, ഗാന്ധിനഗർ, എം.ആർ. നഗർ, അംബ്രോസ് നഗർ, അൽഫോൻസാ നഗർ, പടിഞ്ഞാറെക്കര, നിർമ്മിതി, ഉലുത്വ കരിയംപാടം, പ്ലാക്കുഴി വാക്കത്താഴെ, പാറയ്ക്കൽ എന്നിവിടങ്ങളിലാണ് കാറ്റ് നാശം വിതച്ചത്. വീടുകൾക്ക് പുറമേ തേക്ക്, തെങ്ങ്, പ്ലാവ് ആഞ്ഞിലി തുടങ്ങി വൻമരങ്ങളും കാർഷിക വിളകളും നശിച്ചു.
ചുങ്കത്തും പരിസരപ്രദേശത്തും നിരവധിമരങ്ങൾ കടപുഴകിവീണു. കുടമാളൂർ- പുളിഞ്ചുവട് റോഡിൽ മരം വീണുണ്ടായ ഗതാഗത തടസം ഇന്നലെ രാവിലെയോടെ നീക്കിയത്. പുളിഞ്ചുവട് പിച്ചനാട്ട് കോളനിയിലും പരിസരപ്രദേശങ്ങളിലുമാണ്. വൈദ്യുതിപോസ്റ്റുകളും മരങ്ങളും നിലംപതിച്ച് വൈദ്യുതിബന്ധവും തടസപ്പെട്ടു.
? 107 പോസ്റ്റുകൾ ഒടിഞ്ഞു
മൂന്ന് സെക്ഷനുകളിലായി 107 വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ പലേടത്തും വൈദ്യുത ബന്ധം പനസ്ഥാപിച്ചിട്ടില്ല. ഗാന്ധിനഗർ സെക്ഷന്റെ പരിധിയിൽ വൈദ്യുതി ബന്ധം പുനസ്ഥാപിക്കണമെങ്കിൽ നാളെ വൈകിട്ടാകണം. ഇവിടെ 62 പോസ്റ്റുകൾ ഒടിഞ്ഞു വീണു. കുറഞ്ഞത് 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
അയ്മനം സെക്ഷന്റെ കീഴിൽ ഹൈടെൻഷൻ ലൈനിന്റെ എട്ടെണ്ണം ഉൾപ്പെടെ 36 പോസ്റ്റുകൾ തകർന്നു. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കോട്ടയം സെൻട്രൽ സെക്ഷന്റെ കീഴിൽ 20 സ്ഥലങ്ങളിൽ വൈദ്യുതി കമ്പികൾ പൊട്ടി വീണു, ഒമ്പതു പോസ്റ്റുകൾ ഒടിഞ്ഞു. നഷ്ടം പൂർണമായി വിലയിരുത്തിയിട്ടില്ല. മള്ളൂശേരി, വാരിശേരി, ചുങ്കം, ചെങ്ങളം, കുടമാളൂർ, പുലരിക്കുന്ന്, തൂത്തൂട്ടി, തൈപ്പറമ്പ്, തേക്കുപാലം, മെഡിക്കൽ കോളജ്, അണ്ണാൻകുന്ന് പ്രദേശങ്ങളിലാണ് ഏറെ നഷ്ടമുണ്ടായത്.
ദുരന്ത പ്രദേശങ്ങളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ.എയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ നടത്തി. നഗരസഭാദ്ധ്യക്ഷ ഡോ.പി ആർ. സോന കൗൺസിലർമാരായ ടി.സി. റോയി, ജോമോൾ ജെയിംസ്, സാബു മാത്യു, തങ്കച്ചൻ ചെട്ടിയാത്ത്, റവന്യൂ, വൈദ്യുതി വകുപ്പ് മുനിസിപ്പൽ ഉദ്യോഗസ്ഥരും സംഭവസ്ഥലം സന്ദർശിച്ചു.