സ്ത്രീകളെ കുടുക്കി പറക്കും കിളി: സ്വകാര്യ ബസ് ജീവനക്കാരൻ പ്രണയം നടിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; അശ്ലീല ചിത്രം പകർത്തി ബ്ലാക്ക് മെയിലിംഗും

സ്ത്രീകളെ കുടുക്കി പറക്കും കിളി: സ്വകാര്യ ബസ് ജീവനക്കാരൻ പ്രണയം നടിച്ച് കുടുക്കിയത് നിരവധി സ്ത്രീകളെ; അശ്ലീല ചിത്രം പകർത്തി ബ്ലാക്ക് മെയിലിംഗും

ക്രൈം ഡെസ്‌ക്

കൊച്ചി: പ്രണയക്കെണിയിൽ കുടുക്കി പെൺകുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച് നഗ്നവീഡിയോ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്യുന്ന വിരുതനായ ബസ് ജീവനക്കാരൻ പിടിയിൽ. അരൂർ അരമുറിപ്പറമ്പിൽ താമസിക്കുന്ന ചേർത്തല എഴുപുന്ന സ്വദേശി വിജേഷ് (33) ആണ് എറണാകുളം സൗത്ത് പോലീസിന്റെ പിടിയിലായത്.
ചെല്ലാനം-കലൂർ പാതയിൽ സർവീസ് നടത്തുന്ന സ്വകാര്യബസിലെ ഡോർ ചെക്കറായ ഇയാൾ ഈ ബസിൽ സ്ഥിരമായി സഞ്ചരിക്കുന്ന യുവതിയെ പ്രണയം നടിച്ചു വശീകരിക്കുകയായിരുന്നു.
അവിവാഹിതനാണെന്നും വിവാഹം കഴിക്കാമെന്നും യുവതിയെ വിശ്വസിപ്പിച്ചു. തുടർന്ന് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ മൊബൈൽ ഫോണിൽ പകർത്തി. ഇതിനിടെ മറ്റു സ്ത്രീകൾക്കൊപ്പം വിജേഷ് നിൽക്കുന്ന ചിത്രങ്ങൾ ഇയാളുടെ ഫോണിൽ കണ്ടപ്പോഴാണു വിവാഹിതനാണെന്നും കബളിപ്പിക്കപ്പെട്ടതായും യുവതി മനസിലാക്കിയത്.
ഇയാളിൽനിന്ന് അകലാൻ ശ്രമിച്ചതോടെ യുവതിയുമായി അടുപ്പം പുലർത്തുന്ന ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പലപ്പോഴായി 50,000 രൂപയോളം തട്ടിയെടുത്തു.
എയർകണ്ടീഷണർ, ടെലിവിഷൻ തുടങ്ങിയ ഗൃഹോപകരണങ്ങളും യുവതിയെകൊണ്ടു വാങ്ങിപ്പിച്ചു. ഇതിനുശേഷവും തനിക്കൊപ്പം വരണമെന്നു വിജേഷ് നിരന്തരം നിർബന്ധിച്ചതോടെയാണു യുവതി പോലീസിൽ പരാതിപ്പെട്ടത്.
ടൗൺ സൗത്ത് സിഐ സിബി ടോമിന്റെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോണിൽ നിരവധി യുവതികളുടെയും സ്ത്രീകളുടെയും നഗ്നചിത്രങ്ങൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
നിരവധി വീട്ടമ്മമാർ ഇയാളുടെ വലയിൽ വീണതായും മാനം ഭയന്നാണു പരാതിപ്പെടാത്തതെന്നും കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളുടെ അശ്ലീല ചിത്രങ്ങൾ ഇയാൾ പലർക്കും അയച്ചു കൊടുത്തതായും സംശയിക്കുന്നു. ഇതുസംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.