Thursday, April 23, 2026

വിജയകരമായി കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ; സുരേഷിന്റെ ഹൃദയത്തുടുപ്പിൽ ഫാ. ജോസഫ് സെബാസ്റ്റ്യന് പുതുജീവൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളജില്‍ വീണ്ടും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ചങ്ങനാശേരി കാവാലം സ്വദേശിയും കോട്ടയം തെള്ളകം കപ്പൂച്ചിൻ പ്രൊവിൻസിലെ അംഗവുമായ ഫാ. ജോസഫ് സെബാസ്റ്റ്യനാണ് (ജോമോൻ-39) ഹൃദയം മാറ്റിവച്ചത്.

അപകടത്തെത്തുടര്‍ന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം വെള്ളായണി പൂങ്കുളം സ്വദേശി എ. സുരേഷ് (37) എന്ന യുവാവിന്‍റെ ഹൃദയമാണ് ഫാ. ജോസഫിനു വച്ചു പിടിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടു വര്‍ഷമായി ഫാ. ജോസഫ് കോട്ടയം മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടയില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചിരുന്നു. ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയത്തിനായി കാത്തിരിക്കുകയായിരുന്നു.ഞായറാഴ്ച അര്‍ധരാത്രിക്കു ശേഷമാണ് തിരുവനന്തപുരം കിംസ് ആശുപത്രിയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ഹൃദയം ഉണ്ടെന്ന് അറിയിക്കുന്നത്.

ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ഹൃദയ ശസ്ത്രക്രിയാ വിഭാഗം ഫാ. ജോസഫുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചേരാൻ ആവശ്യപ്പെടുകയായിരുന്നു. ഫാ. ജോസഫ് മെഡിക്കല്‍ കോളജിലെത്തിയശേഷം വിദഗ്ധ പരിശോധനകള്‍ നടത്തി. തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ 2.30ന് ഹൃദയ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറിന്‍റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍, പെര്‍ഫ്യൂഷനിസ്റ്റ് ടെക്നീഷന്മാര്‍ അനസ്തേഷ്യാ ഡോക്ടര്‍മാര്‍, നഴ്സസ്, ട്രാൻസ്പ്ലാന്‍റ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്ക് പുറപ്പെട്ടു.

വൈകിട്ട് 4.47ന് ഹൃദയവുമായുള്ള ആംബുലൻസ് മെഡിക്കല്‍ കോളജിലെത്തിയ ഉടൻ ഹൃദയം കൊണ്ടുവന്ന പേടകവുമായി ട്രാൻസ്പ്ലാന്‍റ് കോ-ഓര്‍ഡിനേറ്റര്‍ ജിമ്മി ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ഹൃദയ ശസ്ത്രക്രിയാ തിയറ്ററില്‍ എത്തിച്ചു. ഈ സമയം ഫാ. ജോസഫിന്‍റെ ശരീരത്തില്‍ ഹൃദയം വച്ചു പിടിപ്പിക്കുന്നതിനുള്ള ക്രമീകരണം പൂര്‍ത്തീകരിച്ചിരുന്നു. ഒരു മിനിറ്റു പോലും നഷ്ടപ്പെടുത്താതെ ഫാ. ജോസഫിന്‍റെ ശരീരത്തില്‍ ഹൃദയം വച്ചുപിടിപ്പിച്ചു.

‘ഹാര്‍ട്ട് ഓഫ് കോട്ടയം’ ആംബുലൻസ് ഡ്രൈവര്‍ ബിനോയിയാണ് ആംബുലൻസ് ഓടിച്ചിരുന്നത്. കിംസ് ആശുപത്രി മുതല്‍ കോട്ടയം മെഡിക്കല്‍ കോളജ് വരെ പൂജപ്പുര സ്റ്റേഷനിലെ എസ്‌ഐ സി.എസ്. പ്രവീണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആംബുലൻസിനെ അനുഗമിച്ചിരുന്നു. കൂടാതെ കടന്നുപോരുന്ന വഴികളില്‍ മാര്‍ഗതടസം ഉണ്ടാകാതിരിക്കാൻ പോലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഹാര്‍ട്ട് ഓഫ് ആംബുലൻസിന്‍റെ എട്ട് ആംബുലൻസുകള്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെ ട്രാഫിക് തടസം ഉണ്ടാകാതിരിക്കാൻ പോലീസ് വാഹനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

കോട്ടയം മെഡിക്കല്‍ കോളജിലെ ഒന്പതാം ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയാണ് ഇന്നലെ നടന്നത്. 2016 സെപ്റ്റംബര്‍ 16ന് പത്തനംതിട്ട സ്വദേശി പൊടിയന്‍റെ ഹൃദയമാണ് ആദ്യമായി മാറ്റിവച്ചത്.