
സ്വന്തം ലേഖകൻ
കന്നഡയിലെ സൂപ്പര്‍ താരം പുനീത് രാജ്‍കുമാർ അന്തരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്.
നാല്‍പ്പത്തിയാറുകാരനായ പുനീത് രാജ്‍കുമാറിന്റെ മരണം ഹൃദയാഘാതത്തെ (heart attack) തുടര്‍ന്നായിരുന്നു. താരത്തെ ആശുപത്രിയിൽ പ്രേവേശിപ്പിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം വ്യായാമം ചെയ്യുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.ഫിറ്റ്നസില്‍ ഏറെ ശ്രദ്ധിച്ചിരുന്ന പുനീതിന് ഇതെങ്ങനെ സംഭവിച്ചുവെന്നാണ് ഏവരും ചോദിക്കുന്നത്?
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരത്തിന്റെ മരണത്തോടെ യുവാക്കളിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടുകയാണ്.
യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാത മരണം കൂടിവരുന്നത് വളരെ ഗൗരവത്തോടെ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. അറിയാം ഹൃദയാഘാതത്തിനെപ്പറ്റി കൂടുതൽ….
ഏതുപ്രായക്കാര്‍ക്കും ഹൃദയാഘാതം ഉണ്ടാകാം. എന്നാല്‍ ഓരോരുത്തരിലും ഉണ്ടാകുന്ന ഹൃദയാഘാതത്തിന്റെ അളവ് വ്യത്യസ്തമായിരിക്കും.
ഇന്നത്തെ ചെറുപ്പകാര്‍ക്ക് ഹൃദയാഘാതത്തിന്റെ പ്രശ്‌നങ്ങള്‍ കൂടുന്നതായിട്ടാണ് കണ്ടുവരുന്നത്. ജീവിതശൈലിയിലെ മാറ്റങ്ങളാണ് ഇതിന് ഒരു പ്രധാന കാരണം. ടെന്‍ഷനും, ആകുലതയും കൂടുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിക്കുന്നു.
ജോലിത്തിരക്കിനിടയില്‍ പലരും ഭക്ഷണംപോലും ഉപേക്ഷിക്കുന്നു. ഹൃദയാഘാതത്തിനെ അറിഞ്ഞുകൊണ്ടു ക്ഷണിച്ചുവരുത്തുകയാണ് ഇത്തരം ശീലങ്ങള്‍.
എന്താണ് ഹൃദയാഘാതം; അറിയണം ഇവ:
ഹൃദയപേശികൾക്ക് പ്രാണവായു കുറയുമ്പോഴാണ് ഹൃദയാഘാത ലക്ഷണങ്ങളുണ്ടാകുന്നത്. സാധാരണഗതിയിൽ കൊറോണറി ധമനികളിലൂടെ ഒഴുകിയെത്തുന്ന രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഓക്സിജൻ ലഭ്യതയും ഹൃദയപേശികളുടെ ഓക്സിജന്റെ ആവശ്യവും തുലനാവസ്ഥയിലായിരിക്കും. എന്നാൽ ഹൃദയസ്പന്ദനനിരക്ക് വർധിക്കുക, ഹൃദയത്തിന്റെ ജോലിഭാരം വർധിക്കുക, ഹൃദയഭിത്തിക്ക് കട്ടികൂടുക തുടങ്ങിയ സാഹചര്യങ്ങളിൽ ഇതിന്റെ താളം തെറ്റും. ഓക്സിജന്റെ ആവശ്യം കൂടുകയും എന്നാൽ കൊറോണറി ധമനിയിലെ തടസ്സങ്ങൾമൂലം ഓക്സിജൻ കലർന്ന രക്തം ആവശ്യത്തിന് എത്താതെ വരുകയും ചെയ്യുമ്പോഴാണ് നെഞ്ചുവേദന (അൻജൈന) ഉണ്ടാകുന്നത്. ഈ അവസ്ഥ കൂടുതൽനേരം നീണ്ടുനിൽക്കുകയാണെങ്കിൽ ഓക്സിജൻ ലഭിക്കാതെ ഹൃദയപേശികൾ നശിക്കാൻ തുടങ്ങും. ഇതാണ് ഹൃദയാഘാതം അഥവാ മയോകാർഡിയൽ ഇൻഫാർക്ഷൻ.
അതിറോസ്ക്ലിറോസിന് കാരണമാകുന്ന ഘടകങ്ങളാണ് ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നത്. ചിലപ്പോൾ ഒരു വ്യക്തിയിൽത്തന്നെ പല അപകടഘടകങ്ങൾ ഒത്തുചേരുന്ന സങ്കീർണാവസ്ഥ (മെറ്റബോളിക് സിൻഡ്രോം) ഉണ്ടായെന്നുവരാം.
പ്രമേഹം: പ്രമേഹ സങ്കീർണതകൾക്ക് കാരണമായ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ്പ്രോഡക്ട്സ് രക്തക്കുഴലുകളുടെ ഉൾസ്തരമായ എൻഡോത്തീലിയത്തിന്റെ ഘടനാവ്യതിയാനങ്ങൾക്കും പ്രവർത്തന തകരാറുകൾക്കും രക്തക്കട്ടകൾ രൂപപ്പെടുന്നതിനും കാരണമാകുന്നു. പ്രമേഹരോഗികളിൽ കൂടുതലായി കണ്ടുവരുന്ന ഓക്സീകരിക്കപ്പെട്ട ലിപ്പോ പ്രോട്ടീനിന്റെ സാന്നിധ്യം, ഉയർന്ന ട്രൈഗ്ലിസറൈഡ് നില, നീർവീക്കം, രക്തം കട്ടപിടിക്കാനുള്ള ഉയർന്ന സാധ്യത എന്നിവയൊക്കെ ഹൃദയധമനി രോഗങ്ങൾക്കുള്ള മറ്റു കാരണങ്ങളാണ്.
രക്താതിമർദം: രക്തധമനികളുടെ നീർവീക്കത്തിനും തുടർന്ന് ജരാവസ്ഥയ്ക്കും രക്തം കട്ടപിടിക്കുന്നതിനും രക്താതിമർദം കാരണമാകുന്നു. രക്തക്കുഴലുകൾ ചുരുങ്ങാൻ കാരണമാകുന്ന ആൻജിയോടെൻസിൻ കക എന്ന ഘടകമാണ് ഹൈപ്പർ ടെൻഷനെ തുടർന്ന് രക്തധമനികൾക്കുണ്ടാകുന്ന ഘടനാപരമായ മാറ്റങ്ങൾക്കു കാരണം.
അമിത കൊഴുപ്പ്: രക്തത്തിലെ ചീത്ത കൊളസ്ട്രോളായ എൽ.ഡി.എൽ. ഓക്സീകരിക്കപ്പെടുമ്പോൾ രക്തധമനികൾക്ക് നീർവീക്കമുണ്ടാക്കുവാനും രക്തക്കട്ടകൾ രൂപമെടുക്കാനും ഇടയാക്കുന്നു.
പുകവലി: പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കൾ രക്തധമനിയുടെ ഉൾസ്തരമായ എൻഡോത്തീലിയത്തിൽ ക്ഷതമുണ്ടാക്കുന്നു. പ്ലേറ്റ്ലറ്റുകൾ കൂടിച്ചേർന്ന് രക്തക്കട്ടകൾ രൂപമെടുക്കുന്നതിനും രക്തം കട്ടപിടിക്കുന്ന പ്രക്രിയയെ സഹായിക്കുന്ന ഫൈബ്രിനോജൻ എന്ന പ്രോട്ടീനിന്റെ അളവ് വർധിക്കുന്നതിനും രക്തത്തിന്റെ സാന്ദ്രത വർധിപ്പിക്കുന്നതിനും പുകവലി ഇടയാക്കുന്നു.
മാനസിക സമ്മർദം: മാനസിക പിരിമുറുക്കവും പെട്ടെന്നുള്ള വികാരക്ഷോഭവുമൊക്കെ ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നുണ്ട്.
അമിതവണ്ണം: വയറിന് ചുറ്റുമായി കൊഴുപ്പടിഞ്ഞുകൂടി ആപ്പിൾ പോലെ വീർത്തിരിക്കുന്ന അവസ്ഥയാണ് ആപ്പിൾ ഒബിസിറ്റി. ഇക്കൂട്ടർക്ക് ഹൃദ്രോഗത്തിന് പുറമേ പ്രമേഹസാധ്യതയും അമിത കൊളസ്ട്രോളിനുള്ള സാധ്യതയും കൂടുതലാണ്.
സി. റിയാക്ടീവ് പ്രോട്ടീൻ
ഹൃദയാഘാതത്തിന് ഇടയാക്കുന്ന നൂതന അപകടഘടകങ്ങളിൽ പ്രധാനമാണ് സി.റിയാക്ടീവ് പ്രോട്ടീൻ അഥവാ സി.ആർ.പി. രക്തത്തിൽ സി.ആർ.പിയുടെ അളവ് കൂടുന്നത് ഹൃദയാഘാതസാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ എവിടെയെങ്കിലും നീർക്കെട്ട് ഉണ്ടാകുന്നതിന്റെ സൂചനയാണ് ഉയർന്ന സി.ആർ.പി. അണുബാധ, സന്ധിവാതരോഗങ്ങൾ, അർബുദം എന്നിവ ഉണ്ടാകുമ്പോൾ സി.ആർ.പി.യുടെ അളവ് കൂടാറുണ്ട്.
സാധാരണമായി കരളിലാണ് സി. റിയാക്ടീവ് പ്രോട്ടീൻ ഉത്പാദിപ്പിക്കപ്പെടാറുള്ളത്. എന്നാൽ ഹൃദയാഘാത സാധ്യത കൂടിയവരിൽ ഹൃദയധമനിയുടെ ഉൾസ്തരങ്ങളിലെ കോശങ്ങളിൽ ഇവ ഉത്പാദിപ്പിക്കപ്പെടുകയും ഇവയുടെ പ്രവർത്തനംമൂലം ഈ കോശത്തിന് ക്ഷതമുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ കോശങ്ങളുടെ ക്ഷതംമൂലം ഘടനാപരമായി വ്യതിയാനം സംഭവിച്ച രക്തക്കുഴലുകളിലാണ് കൊഴുപ്പടിഞ്ഞുകൂടി രക്തക്കട്ടകൾ രൂപപ്പെടുന്നത്.
കൂടുതൽ കൃത്യതയുള്ള സി. റിയാക്ടീവ് പ്രോട്ടീനാണ് ഹൈ സെൻസിറ്റിവിറ്റി സി. റിയാക്ടീവ് പ്രോട്ടീൻ. (വെഇഞജ). രക്തത്തിലെ എച്ച്.എസ്.സി.ആർ.പി.യുടെ അളവ് രണ്ടു മില്ലി ഗ്രാമിനു മുകളിലായാൽ ഹൃദയാഘാതസാധ്യത രണ്ടുമടങ്ങുവരെ വർധിക്കുന്നു. കൃത്യമായ വ്യായാമം, ശരീരഭാരം കുറയ്ക്കൽ, ഭക്ഷണക്രമീകരണം, പുകവലി നിർത്തൽ എന്നിവയിലൂടെ സി.ആർ.പി.യുടെ അളവ് കുറയ്ക്കാം. കൂടാതെ കൊളസ്ട്രോൾ നില കുറയ്ക്കുന്ന മരുന്നായ സ്റ്റാറ്റിനും ഈ പ്രോട്ടീന്റെ അളവു കുറയ്ക്കാൻ സഹായിക്കുന്നു.
ഹോമോസിസ്റ്റീൻ
സൾഫർ അടങ്ങിയ അമിനോ ആസിഡാണ് ഹോമോസിസ്റ്റീൻ. രക്തത്തിലെ ഹോമോസിസ്റ്റീനിന്റെ അളവ് ലിറ്ററിൽ 15 മൈക്രോഗ്രാമിൽ കൂടുതലായാൽ ഹൃദയാഘാതസാധ്യത രണ്ടുമടങ്ങുവരെ വർധിക്കുന്നു. ദീർഘകാല വൃക്കരോഗങ്ങൾ, ഹൈപ്പോ തൈറോയ്ഡിസം, രക്തത്തിലെ ഫോളിക് ആസിഡിന്റെ കുറഞ്ഞ അളവ്, ജനിതകവൈകല്യങ്ങൾ, അർബുദചികിത്സയ്ക്കും സന്ധിവാത ചികിത്സയ്ക്കും ഉപയോഗിക്കുന്ന മെത്തോട്രെക്സേറ്റ്, അപസ്മാരചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നായ കാർബമാസെപയ്ൻ തുടങ്ങിയവയൊക്കെ രക്തത്തിലെ ഹോമോസിസ്റ്റിന്റെ അളവ് കൂട്ടും. രക്തത്തിലെ ചീത്തകൊളസ്ട്രോളായ എൽ.ഡി.എല്ലിനെ ഓക്സീകരിച്ച് രക്തക്കുഴലിൽ പെട്ടെന്ന് പറ്റിപ്പിടിച്ച് ബ്ലോക്കുണ്ടാക്കുകയാണ് ഹോമോസിസ്റ്റിൻ ചെയ്യുന്നത്. ആരോഗ്യകരമായ ജീവിതശൈലി സ്വീകരിച്ചും ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചും ഹോമോസിസ്റ്റിന്റെ അളവ് നിയന്ത്രിക്കാം.
ഫൈബ്രിനോജൻപി
മുറിവുണ്ടായാൽ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനാണ് ഫൈബ്രിനോജൻ. കരളിലാണ് ഇത് ഉത്പാദിപ്പിക്കുന്നത്. രക്തത്തിലെ ഫൈബ്രിനോജന്റെ അളവ് കൂടുന്നത് ഹൃദയധമനികളിൽ രക്തം കട്ടപിടിച്ച് ബ്ലോക്കുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രമേഹം, അമിതവണ്ണം, രോഗാണുബാധ തുടങ്ങിയവ ഉള്ളവരിലും പുകവലിക്കുന്നവരിലും രക്തത്തിലെ ഫൈബ്രിനോജന്റെ അളവ് കൂടുതലായിരിക്കും. ജീവിതശൈലി ആരോഗ്യകരമാക്കുകയാണ് ഫൈബ്രിനോജന്റെ അളവ് നിയന്ത്രിക്കാനുള്ള മാർഗം.
ലിപ്പോപ്രോട്ടീൻ-എ
ചീത്ത കൊളസ്ട്രോളായ എൽ.ഡി.എല്ലും അപോ-എ (ApoA) എന്ന പ്രോട്ടീൻ തന്മാത്രയും സംയോജിച്ചുണ്ടാകുന്ന പ്രത്യേക കൊഴുപ്പുഘടകമാണ് ലിപ്പോപ്രോട്ടീൻ എ. ഇതിന്റെ അളവ് സാധാരണമായി 100 മില്ലിലിറ്റർ രക്തത്തിൽ 20 മില്ലിഗ്രാമിനു താഴെയാണ്. ലിപ്പോപ്രോട്ടീൻ-എയുടെ അളവ് 30 മില്ലിഗ്രാമിനു മുകളിലാവുമ്പോൾ ഹൃദയാഘാതസാധ്യത മൂന്നിരട്ടിവരെ വർധിക്കുന്നു.
ധമനിയുടെ ഉൾസ്തരത്തിൽ രക്തക്കട്ടകൾ രൂപപ്പെട്ട് സ്ട്രോക്കുണ്ടാകാൻ കാരണമാകുന്നതുകൊണ്ടാണ് ലിപോപ്രോട്ടീൻ-എയെ ഹൃദയാഘാതസാധ്യത വർധിപ്പിക്കുന്ന അപകട ഘടകമായി കണ്ടെത്തിയിരിക്കുന്നത്. ബി കോംപ്ലക്സ് വിറ്റാമിനായ നിയാസിൻ ഉയർന്ന അളവിൽ കഴിക്കുന്നത് ഈ പ്രോട്ടീന്റെ അളവ് കുറയ്ക്കും. കൂടാതെ ശരീരഭാരം കുറയ്ക്കുന്നതും പുകവലി ഒഴിവാക്കുന്നതും കൃത്യമായി വ്യായാമത്തിലേർപ്പെടുന്നതുമൊക്കെ ലിപ്പോപ്രോട്ടീൻ എയുടെ നില നിയന്ത്രിച്ചുനിർത്തും.
നെഞ്ചിലനുഭവപ്പെടുന്ന പലതരത്തിലുള്ള അസ്വസ്ഥതകളാണ് ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ. നെഞ്ചിൽ ഭാരം കയറ്റിവെച്ചതുപോലെ അല്ലെങ്കിൽ വരിഞ്ഞുമുറുക്കുന്നതുപോലെ, നെഞ്ചിനകത്തെന്തോ സമ്മർദംപോലെയൊക്കെ ഹാർട്ട് അറ്റാക്കിനെത്തുടർന്ന് അസ്വസ്ഥതകൾ ഉണ്ടാകാം. നെഞ്ചുവേദനയും ഉണ്ടായെന്നുവരാം.
ഹാർട്ട് അറ്റാക്കിനെ തുടർന്നുണ്ടാകുന്ന നെഞ്ചുവേദനയാണ് അൻജൈന. അധ്വാനിക്കുമ്പോഴോ തിരക്കു കൂട്ടുമ്പോഴോ ലൈംഗികബന്ധത്തിലേർപ്പെടുമ്പോഴോ ഒക്കെ അൻജൈന ഉണ്ടാകാം. 2-5 മിനിറ്റുവരെഈ അസ്വസ്ഥതകൾ നീണ്ടുനിൽക്കാം. മാനസികസമ്മർദങ്ങളും പിരിമുറുക്കവുമെല്ലാം അൻജൈന ഉണ്ടാക്കിയേക്കാം. വിശ്രമിക്കുമ്പോൾ നെഞ്ചുവേദനയ്ക്ക് ആശ്വാസം ലഭിക്കുകയുംചെയ്യും.
നെഞ്ചിലെ വേദന തോളിലേക്കും കൈകളിലേക്കും ചുമൽ വഴി താടിയെല്ലിലേക്കുംവരെ വ്യാപിച്ചെന്നും വരാം.
ലക്ഷണങ്ങൾ
അധ്വാനിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്നു. വിശ്രമിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നു.നാക്കിനടിയിൽ സോർബിട്രേറ്റ് ഗുളികകൾ വെക്കുമ്പോൾ വേദന കുറയാം. ഹൃദയാഘാതത്തെ തുടർന്ന് ഹൃദയപേശികൾ രക്തംകിട്ടാതെ നശിക്കാൻ തുടങ്ങുന്ന അവസ്ഥയാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ. ഇതിനെ തുടർന്ന് നെഞ്ചിനകത്തെ അസ്വസ്ഥതകൾ മണിക്കൂറുകളോളം നീണ്ടുനിൽക്കാം.
വിശ്രമിക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചിനകത്തെ അസ്വസ്ഥതകളും കൂടുതൽ തീവ്രമായ നെഞ്ചുവേദനയുമാണ് അൻജൈനയിൽ നിന്ന് ഇൻഫാർക്ഷന്റെ വേദനയെ വേർതിരിക്കുന്നത്. കൂടാതെ വിശ്രമിച്ചാലും നെഞ്ചുവേദന മാറുകയുമില്ല. മയോകാർഡിയൽ ഇൻഫാർക്ഷനെ തുടർന്ന് നെഞ്ചുവേദനയോടൊപ്പം അമിതക്ഷീണം, ശരീരമാസകലം വിയർക്കുക, ഓക്കാനം, ഛർദി, ഉത്കണ്ഠ തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടായെന്നുവരാം.
അസാധാരണ ലക്ഷണങ്ങൾ
ചിലപ്പോൾ നെഞ്ചുവേദനയില്ലാതെ മറ്റുചില അസാധാരണ ലക്ഷണങ്ങളുമായി ഹാർട്ട് അറ്റാക്കുണ്ടാകാം. പ്രായമേറിയവർ, പ്രമേഹരോഗികൾ, സ്ത്രീകൾ തുടങ്ങിയവരിലാണ് അസാധാരണ ലക്ഷണങ്ങൾ കൂടുതലും പ്രത്യക്ഷപ്പെടാറുള്ളത്.
ശ്വാസം മുട്ടൽ: ശ്വാസംമുട്ടലുംചുമയും ഉണ്ടായെന്നുവരാം. കിടക്കുമ്പോൾ ശ്വാസംമുട്ടലനുഭവപ്പെടുകയും എഴുന്നേറ്റിരിക്കുമ്പോൾ ആശ്വാസം ലഭിക്കുന്നതും ഹൃദയപരാജയത്തെ തുടർന്നുള്ള ശ്വാസംമുട്ടലിന്റെ സവിശേഷതയാണ്. രാത്രിയിൽ മയക്കത്തിനിടയിൽ പെട്ടെന്ന് ശ്വാസം ലഭിക്കാതെ എഴുന്നേൽക്കേണ്ടിവന്നേക്കാം.
ഓക്കാനവും ഛർദിയും: ഈ ലക്ഷണം ഉദരരോഗമായി തെറ്റിദ്ധരിക്കാറുണ്ട്. സ്ത്രീകളിലാണ് ഈ ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകാറ്. ഛർദിക്കൊപ്പം അസാധാരണമായ ക്ഷീണം, ശ്വാസംമുട്ടൽ, തലചുറ്റൽ തുടങ്ങിയവ ഉണ്ടാകുന്നതും ഹൃദയാഘാതസൂചനയാകാം.
അമിത വിയർപ്പ്: ശരീരമാസകലം പെട്ടെന്ന് വിയർത്തുകുളിക്കുന്നതും ശരീരം തണുത്തിരിക്കുന്നതും ഹാർട്ട് അറ്റാക്കിന്റെ സൂചനകയാകാം.
ബോധക്കേട്: പെട്ടെന്ന് ബോധക്ഷയം സംഭവിച്ചെന്നുവരാം. കുറച്ചുസമയം കഴിഞ്ഞ് ബോധം വീണ്ടെടുക്കുമെങ്കിലും ക്ഷീണം നീണ്ടുനിന്നേക്കാം.
ഹൃദയാഘാതത്തെതുടർന്നുള്ള മരണങ്ങളിൽ പകുതിയിലേറെയും ഹാർട്ട് അറ്റാക്കിനെ തുടർന്നുള്ള ആദ്യ ഒരു മണിക്കൂറിനുള്ളിലാണ് സംഭവിക്കുന്നത്. തന്നെയുമല്ല ചികിത്സ ലഭിക്കാൻ കൂടുതൽ വൈകുന്തോറും ഹൃദയപേശികൾ ഒന്നൊന്നായി നിർജീവമായിക്കൊണ്ടിരിക്കും. രോഗിയെ ഹൃദ്രോഗചികിത്സാസംവിധാനങ്ങളുള്ള ആശുപത്രിയിലെത്തിക്കുന്നതുവരെ ശാസ്ത്രീയമായി നൽകുന്ന ചില പ്രഥമശുശ്രൂഷാ നടപടികളിലൂടെ ഹൃദയപേശികൾക്കുണ്ടാകുന്ന നാശം പരിമിതപ്പെടുത്താൻ സാധിക്കും.







