play-sharp-fill
സാധാരണ കണ്ടുവരുന്ന മഴക്കാലരോഗങ്ങൾ ഏതെല്ലാം? ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സാധാരണ കണ്ടുവരുന്ന മഴക്കാലരോഗങ്ങൾ ഏതെല്ലാം? ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മഴക്കാലമെത്തി മതിയായ പ്രതിരോധമാർഗങ്ങള്‍ സ്വീകരിക്കാത്തതാണ് മഴക്കാലത്ത് സാംക്രമിക രോഗങ്ങള്‍ പടരുന്നതിന് കാരണമാകുന്നത്.

സാധാരണ കണ്ടുവരുന്ന ചില മഴക്കാലരോഗങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

ജലദോഷപ്പനികള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘കോമണ്‍ കോള്‍ഡ്’ എന്നറിയപ്പെടുന്ന ഇൻഫ്ലുവൻസ മഴക്കാലത്ത് സാധാരണയായി കണ്ടുവരുന്ന ഒരു രോഗമാണ്. തൊണ്ട, മൂക്ക് എന്നിവയിലെ നേർത്ത സ്തരത്തില്‍ വൈറസ് ബാധയുണ്ടാകുകയും തുമ്മല്‍, ജലദോഷം, മൂക്കൊലിപ്പ്, ചുമ തുടങ്ങിയ ലക്ഷണങ്ങളോടുകൂടി ഇത് പ്രത്യക്ഷപ്പെടുകയും ചെയ്യും. ഒരാളില്‍നിന്നും മറ്റൊരാളിലേക്ക് വായുവില്‍ക്കൂടി പകരും. നാലഞ്ചുദിവസത്തിനകം തനിയെ ഭേദമാകുന്ന ഒന്നാണിത്.

ലക്ഷണങ്ങള്‍ക്കുള്ള ചികിത്സയ്ക്കൊപ്പം വ്യക്തിശുചിത്വം പാലിക്കുകയും ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും വായും മൂക്കും പൊത്തിപ്പിടിക്കുകയും ചെയ്താല്‍ ഇത് പകരുന്നത് ഒരു പരിധിവരെ തടയാം.

ജലജന്യരോഗങ്ങള്‍

കോളറ, ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ, വൈറല്‍ വയറിളക്ക രോഗങ്ങള്‍ തുടങ്ങിയവ മഴക്കാലത്ത് കൂടുതലായി കാണപ്പെടും. ഇവ മലിനജലത്തില്‍ കൂടി പകരുന്നതാണ് കാരണം.

ഛർദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളാണ് എല്ലാത്തരം വയറിളക്കരോഗങ്ങളിലും ഉണ്ടാകുന്നത്. അതോടൊപ്പം മഞ്ഞനിറമുണ്ടെങ്കില്‍ ടൈഫോയ്ഡോ, ഹെപ്പറ്റൈറ്റിസ് എ യോ ആകാൻ സാധ്യതയുണ്ട്. ഇത്തരം രോഗങ്ങളുടെ ഭാഗമായി നിർജലീകരണമുണ്ടാകാം. ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖം ചില ശരീരാവയവങ്ങളെയും ബാധിച്ചേക്കാം. ടൈഫോയ്ഡ്, കോളറ തുടങ്ങിയ ബാക്ടീരിയല്‍ അണുബാധകള്‍ക്ക് ആന്റിബയോട്ടിക് മരുന്നുകളും അതോടൊപ്പം തന്നെ നിർജ്ജലീകരണം തടയാനുള്ള മാർഗ്ഗങ്ങളും ചികിത്സയായി നല്‍കും. ഹെപ്പറ്റൈറ്റിസ്, വൈറല്‍ വയറിളക്കരോഗങ്ങള്‍ എന്നിവയ്ക്ക് രോഗലക്ഷണങ്ങള്‍ക്കായുള്ള ചികിത്സ മതിയാകും. വളരെ അപൂർവ്വമായി മാത്രം ഹെപ്പറ്റൈറ്റിസ് എ മാരക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

ശുദ്ധമായ ജലസ്രോതസ്സ് ഉപയോഗിക്കുകയും പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകി ഉപയോഗിക്കുകയും ചെയ്യുക, തിളപ്പിച്ചാറിയ വെള്ളംമാത്രം ഉപയോഗിക്കുക തുടങ്ങിയവ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ ഇത്തരം വയറിളക്കരോഗങ്ങള്‍ തടയാം. ടൈഫോയ്ഡിനും ഹെപ്പറ്റൈറ്റിസ് എ യ്ക്കും വാക്സിനുകളും ലഭ്യമാണ്.

കൊതുകുജന്യ രോഗങ്ങള്‍

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മലേറിയ, മലമ്ബനി തുടങ്ങിയവ പരത്തുന്ന കൊതുകുകള്‍ മഴക്കാലം കഴിഞ്ഞുള്ള സമയത്ത് പ്രജനനം നടത്തും. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പ്രജനനം ചെയ്യുന്നത്. പനി, തലവേദന, ശരീരവേദന, സന്ധിവേദന, രക്തത്തിലെ പ്ലേറ്റ്ലറ്റും വെളുത്ത രക്താണുക്കളും കുറയുക, അതിനാല്‍ രക്തസ്രാവമുണ്ടാകുക തുടങ്ങിയ മാരക പ്രത്യാഘാതങ്ങള്‍ക്കു വരെ കാരണമായേക്കാവുന്നതാണ് ഡെങ്കിയും മലേറിയയും പോലുള്ള രോഗങ്ങള്‍.

പല ശരീര അവയവവ്യവസ്ഥകളെയും ബാധിക്കുകയും ചെയ്തേക്കാം. എങ്കിലും നേരത്തെ രോഗലക്ഷണങ്ങള്‍ കണ്ട് ചികിത്സ തേടിയാല്‍ വേഗം സുഖപ്പെടുത്താവുന്ന അസുഖങ്ങളാണിവ. കൊതുകു ജന്യരോഗങ്ങളായതിനാല്‍ കൊതുകിന്റെ പ്രജനനം കുറയ്ക്കുക മാത്രമാണ് ഇവ പടർന്നു പിടിക്കാതിരിക്കാനുള്ള ഏക വഴി. അതിന് വീടിനു ചുറ്റും ചിരട്ട, പൂച്ചട്ടികള്‍, ടയറുകള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിക്കിടക്കുന്നത് തടയുക, ഓടകളും മറ്റു മലിനജലസ്രോതസ്സുകളും വൃത്തിയാക്കുക തുടങ്ങിയവ മുൻകൂട്ടി ചെയ്യണം. വ്യക്തിഗത മാർഗ്ഗങ്ങളായ കൊതുകുവല, കൊതുകിനെ അകറ്റുന്ന തരത്തിലുള്ള മരുന്നുകള്‍ തുടങ്ങിയവയും അവലംബിക്കാം.

 

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മഴക്കാലരോഗങ്ങള്‍ പിടിപെടാതെ സൂക്ഷിക്കാം

 

•ശുദ്ധജലം മാത്രം ഉപയോഗിക്കുക.

• ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും വായും മൂക്കും പൊത്തിപ്പിടിക്കുക. രോഗമുള്ളയാളുമായി അധികം അടുത്തിടപഴകാതിരിക്കുക.

• ഉണങ്ങിയ അടിവസ്ത്രങ്ങള്‍ ഉപയോഗിക്കുക, നനഞ്ഞ തുണികള്‍ പൂപ്പല്‍ ബാധയ്ക്ക് കാരണമാകും.

• കൊതുകിന്റെ പ്രജനനം കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുക. വ്യക്തിഗത രക്ഷാമാർഗ്ഗങ്ങളും അവലംബിക്കുക.

• നന്നായി വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, പുറത്തുനിന്ന് വൃത്തിഹീനമായ സാഹചര്യത്തില്‍ ഉണ്ടാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണം ഒഴിവാക്കുക.