ജനത്തെ ബന്ദിയാക്കി അപ്രതീക്ഷിത ഹർത്താൽ: അറസ്റ്റിന്റെ പേരിൽ അനാവശ്യ ഹർത്താൽ: പുലർച്ചെ പ്രഖ്യാപിച്ച ഹർത്താലിൽ വലഞ്ഞത് ജനം; സാവകാശമില്ലാതെ പ്രഖ്യാപിച്ച ഹർത്താലിനെതിരെ വ്യവസായി ഹൈക്കോടതിയിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: ഹർത്താൽ ആരംഭിക്കുന്നതിനു മൂന്നു മണിക്കൂർ മുൻപ് മാത്രം പ്രഖ്യാപനം നടത്തിയ അനാവശ്യ ഹർത്താലിൽ ജനം വലഞ്ഞു. ശബരിമല സന്നിധാനത്ത് സമരത്തിനെത്തിയ ഹിന്ദു സംഘടനാ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പേരിലാണ് ജനത്തെ വലച്ച്, മുന്നറിയിപ്പൊന്നുമില്ലാതെ ഹർത്താൽ പ്രഖ്യാപിച്ചത്. പലരും യാത്ര തുടങ്ങി പാതി വഴിയിൽ എത്തിയപ്പോൾ മാത്രമാണ് ഹർത്താലിന്റെ വിവരം അറിഞ്ഞത്. ഇതോടെ പലരും വഴിയിൽ കുടുങ്ങി. ഹർത്താലിനെ തുടർന്ന കടകൾ അടഞ്ഞു കിടന്നതോടെ ഭക്ഷണത്തിനും വെള്ളത്തിനും പോലും അവസരം നിഷേധിക്കപ്പെട്ടു. ശബരിമലയിൽ ചിത്തിര ആട്ടവിശേഷക്കാലത്ത് അയ്യപ്പൻമാർക്ക് ബാത്ത്‌റൂമും, ഭക്ഷണവും വെള്ളവും പൊലീസ് നിഷേധിച്ചു എന്ന് ആരോപിച്ച സംഘടനകൾ തന്നെയാണ് ജനങ്ങളെ തടഞ്ഞിട്ട് അനാവശ്യ ഹർത്താൽ നടത്തുന്നത്. മുൻകൂട്ടി നോട്ടീസില്ലാതെ ഹർത്താൽ പ്രഖ്യാപിച്ച സംഘടനാ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഹോട്ടൽ വ്യവസായിയായ ശ്രീകുമാർ ഹൈക്കോടതിയെ സമീപിക്കും. ഹോട്ടൽ തുറക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ഹർത്താൽ പ്രഖ്യാപനം അറിഞ്ഞത്. ഇതോടെ ഭക്ഷണത്തിന്റെയും മറ്റു ചിലവുകളുടെയും അടക്കം ആയിരങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. സംസ്ഥാനത്തെ നിരവധി ഹോട്ടലുകൾക്ക് ഇത്തരത്തിൽ പതിനായിരങ്ങൾ നഷ്ടമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഹോട്ടലുകളുടെ നഷ്ടം ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കി നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി നൽകുക.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഹിന്ദു സംഘടനാ നേതാക്കളെയും അയ്യപ്പധർമ്മപരിഷത്ത് നേതാക്കളെയും ശബരിമലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ, അപ്പോഴൊന്നും ഹർത്താൽ പ്രഖ്യാപിക്കാതിരുന്ന ബിജെപിയും സംഘപരിവാർ സംഘടനകളും ശനിയാഴ്ച പുലർച്ചെ വരെ ഹർത്താൽ നടത്താൻ കാത്തിരിക്കുകയായിരുന്നു. ഹർത്താൽ പ്രഖ്യാപിച്ച ശേഷം ഇവർ സുഖമായി കാറിലും മറ്റും യാത്ര ചെയ്യുമ്പോഴായിരുന്നു സാധാരണക്കാർ നടുറോഡിൽ പെട്ടു പോയത്.
ദീർഘദൂര കെ.എസ്ആർടിസി ബസുകൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ച് അടുത്തുള്ള ബസ് സ്റ്റാൻഡിൽ കയറ്റിയിട്ടിരിക്കുകയാണ്. ഇത്തരത്തിൽ യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് ഇപ്പോഴത്തെ ഹർത്താൽ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. പൊലീസ് സംരക്ഷണത്തിലാണ് ശബരിമല സർവീസുകൾ പോലും നടത്തുന്നത്. വൃശ്ചികം ഒന്നിന് നൂറുകണക്കിന് അയ്യപ്പഭക്തർ സന്നിധാനത്തേയ്ക്ക് പുറപ്പെടാനിരിക്കെയാണ ഇവരെ പോലും വലച്ചുള്ള ഹർത്താൽ എത്തിയിരിക്കുന്നത്.
കോട്ടയം ജില്ലയിൽ ജില്ലാ സ്‌കൂൾ കലോത്സവം പോലും ഹർത്താലിനെ തുടർന്ന് മാറ്റി വയ്‌ക്കേണ്ടി വന്നു. ഇതും ജനത്തെ നന്നായി വലച്ചു.