ശേഖരിക്കുന്ന മാലിന്യം റോഡരികിലും പറമ്പിലും ; കൂട്ടിവച്ച മാലിന്യം മാസത്തിലൊരിക്കലെത്തി കൊണ്ടുപോകും ; കടുത്തുരുത്തിയിൽ ഹരിതകര്‍മസേന മാലിന്യസംഭരണം കൃത്യമായി നടത്തുന്നില്ലെന്ന് പരാതി
സ്വന്തം ലേഖകൻ
കടുത്തുരുത്തി: പണം വാങ്ങി ഹരിതകര്‍മസേനയുടെ നേതൃത്വത്തില്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യം ചാക്കില്‍ കെട്ടി സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലും പഞ്ചായത്ത് റോഡരികിലും കൂട്ടി വയ്ക്കുന്നത് ദുരിതമാകുന്നതായി പരാതി.
കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലാണ് ഇത്തരത്തില്‍ മാലിന്യം നിറഞ്ഞിരിക്കുന്നത്. എന്നാല്‍, വീടുകളില്‍നിന്നു ശേഖരിക്കുന്ന മാലിന്യം എവിടെയെങ്കിലും കൂട്ടിവച്ചശേഷം മാസത്തിലൊരിക്കലെത്തി എടുത്തുകൊണ്ടുപോകുകയാണെന്ന് പഞ്ചായത്തധികൃതര്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചാക്കില്‍ കെട്ടിവച്ചിരിക്കുന്ന മാലിന്യം പിന്നീട് കെട്ടഴിഞ്ഞ് റോഡിലും പറമ്പുകളിലും നിറയുന്നതാണ് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. മുമ്പ് പഞ്ചായത്തുതന്നെ സ്ഥാപിച്ചിട്ടുള്ള എംസിഎഫുകളിലാണ് ചാക്കില്‍ നിറച്ച മാലിന്യങ്ങള്‍ സംഭരിച്ചിരുന്നത്.
പിന്നീട് ക്ലീന്‍ കേരളയുടെ ആളുകളെത്തി ഇവ ശേഖരിക്കുകയായിരുന്നു. എന്നാല്‍, ക്ലീന്‍ കേരളയുടെ നേതൃത്വത്തിലുള്ള മാലിന്യസംഭരണം കൃത്യമായി നടക്കാതായതോടെയാണ് മാലിന്യം നീക്കം പഞ്ചായത്തുകള്‍ക്കു തലവേദനയായത്.
ഇതേത്തുടര്‍ന്നാണ് വീട്ടുകാരില്‍നിന്നു ഹരിതകര്‍മസേനയുടെ ആളുകളെത്തി പണം വാങ്ങി ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡിന്‍റെ വശങ്ങളിലും സ്വകാര്യ വ്യക്തികളുടെ ഉള്‍പ്പെടെയുള്ള പറമ്പുകളിലും സംഭരിച്ചു വയ്ക്കുന്ന നിലയിലെത്തിയത്.
മാലിന്യം സംഭരിക്കുന്നതിന് വീടുകളില്‍നിന്നും 50 രൂപയാണ് ഹരിതകര്‍മ സേനയ്ക്കു നല്‍കേണ്ടത്. നാട്ടുകാര്‍ക്ക് ഉപദ്രവമായി റോഡരികിലും പറമ്പുകളിലും കൊണ്ടിടുന്ന മാലിന്യം അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ശക്തമായിരിക്കുയാണ്. ക്ലീന്‍ കേരള കമ്പനിയുടെ ആളുകള്‍ ഇപ്പോള്‍ കൃത്യമായി എത്തിത്തുടങ്ങിയിട്ടുണ്ടെന്നും ഇനിമുതല്‍ ഇത്തരം പ്രശ്‌നം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്നും പഞ്ചായത്തംഗങ്ങള്‍ പറയുന്നു.