ഹനാൻ കേരളത്തിന്റെ അഭിമാനം; പിണറായി വിജയൻ

ഹനാൻ കേരളത്തിന്റെ അഭിമാനം; പിണറായി വിജയൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഹനാൻ കേരളത്തിന്റെ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പ്രചരണങ്ങൾക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തി. തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം ഹനാന് പിന്തുണയർപ്പിച്ചു. സ്വന്തം കാലിൽ നിന്ന് പഠിക്കുക എന്നത് ഏറെ അഭിമാനകരമാണ്. തൊഴിലെടുത്ത് പഠിക്കുക എന്നതിനപ്പുറം സ്വന്തം കുടുംബത്തിന് അത്താണിയാവാനും അവൾ ശ്രമിച്ചു എന്നത് വലിയ കാര്യമാണെന്ന് അദ്ദേഹം പറയുന്നു. തൊഴിൽ ചെയ്ത് കിട്ടുന്ന പണം കൊണ്ട് പഠനാവശ്യങ്ങൾ നിറവേറ്റുന്നതിന്റെ സംതൃപ്തി വലുതുമാണ്. അത്തരം ജീവീതാനുഭവങ്ങളിലൂടെ കടന്നു പോയവർക്ക് അത് മനസിലാക്കാനാകും. ഹനാൻ ധൈര്യപൂർവ്വം മുന്നോട്ടു പോവുക. വിഷമകരമായ സാഹചര്യങ്ങളെ സധൈര്യം നേരിടാൻ കാണിച്ച ആത്മവിശ്വാസം കൈവിടരുത്. സത്യം അറിയാതെ പല പ്രചരണങ്ങളേയും ഏറ്റെടുക്കുന്ന രീതിയാണ് സമൂഹമാധ്യമങ്ങളിൽ ഉള്ളത്. കൂടുതൽ വിപത്തുകളിലേക്ക് സമൂഹത്തെ നയിക്കാനേ ഇത് ഉപകരിക്കൂ എന്ന് ഓർമ്മിപ്പിക്കുന്നു. ഈ പ്രചരണങ്ങളിലും തളരാതെ മുന്നേറാൻ ഹനാന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു എന്നും അദ്ദേഹം അറിയിച്ചു.